Mon. Nov 23rd, 2026

റോയി മാത്യു

ഇന്നത്തെ മലയാള മനോരമയിൽ ഭൂതക്കണ്ണാടി വച്ച് നോക്കിയിട്ടും കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെയുള്ള ഹൈക്കോടതി കോടതി വിധിയെ ക്കുറിച്ചുള്ള വാർത്ത കണ്ടു പിടിക്കാൻ ഏറെ പാടുപെട്ടു.- ദീപികയും മനോരമ യും വാർത്ത മുക്കിയാൽ സഭക്കെതിരായുള്ള വാർത്ത മാമ്മോദീസ വെള്ളം വീണ കത്തോലിക്കരാരും അറിയില്ലെന്ന മൂഢ സ്വർഗത്തിലാണ് മാത്തുക്കുട്ടിച്ചായന്റെ പിൻമുറക്കാർ –

സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി 25 രൂപ 50 പൈസ പഞ്ചായത്താപ്പീസിന്ന് മോട്ടിച്ചോണ്ട് പോയി എന്നൊരു വാർത്ത ഉടനെ കിട്ടിയാൽ 8 കോളത്തിൽ തട്ടാമായിരുന്നു. – പതിവുപോലെ ഇന്നലെ മനോരമ ചാനലും ഹൈക്കോടതി വിധി കണ്ടതായി നടിച്ചില്ല – വിശ്വാസികളെ മൊത്തമായും ചില്ലറയായും സ്വർഗത്തിലേക്ക് കടത്താൻ അടങ്കല് പിടിച്ചിരിക്കുന്ന ആത്മീയ പിതാവിനെതിരെയാണ് ഗൂഢാലോചന ചെയ്ത് ചതിച്ച് വഞ്ചിച്ചതിന് കേസെടുക്കാൻ കോടതി പറഞ്ഞിരിക്കുന്നത്. കർത്താവിന്റെ മുതൽ കട്ടു മോട്ടിക്കുന്നവനെ വെള്ള പൂശുന്ന കണ്ടത്തിൽ വാർത്താ മാഹാത്മ്യം നീണാൾ വാഴട്ടെ!

സഭയെ ചതിച്ച് വഞ്ചിച്ച മെത്രാൻ നടത്തുന്ന കുർബാനയിൽ വിശ്വാസികൾ എങ്ങനെ പങ്കെടുക്കും ? പാപിയായ വിശ്വാസി എങ്ങനെ തന്നേക്കാൾ പാപിയായവന്റെ മുന്നിൽ പോയി കുമ്പസാരിക്കും?

സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികളേക്കാൾ നല്ല മുട്ടൻ വിവരദോഷികളാണ് സഭയ്ക്കു വേണ്ടി ചാനലുകളിൽ വന്നിരുന്ന് പരിശുദ്ധ പിതാവിനെ ന്യായീകരിക്കുന്നത്. എന്തൊരു പരിശുദ്ധൻ! സഭാ നേതൃത്വത്തിന്റെ ധാർമ്മിക അധ:പതനമാണ് കോടതി വിധിയിലൂടെ പുറത്തു വന്നത്. എല്ലാ ക്രൈസ്തവ സഭ കളിലും മെത്രാന്മാരുടെ ഇമ്മാതിരി വെട്ടിപ്പും തട്ടിപ്പും തുടരുകയാണ്.

തട്ടിപ്പുവീരന്മാരായ ആശാറാം ബാപ്പുവിനും റാം റഹിം ബാബയ്ക്കും കിട്ടാത്ത സൗജന്യങ്ങൾ കാനോൻ നിയമത്തിന്റെ പേരിൽ കിട്ടണമെന്ന് വാദിക്കുന്ന ഈ പരിശുദ്ധമാരെയൊക്കെ ജനം പഞ്ഞിക്കിടുന്ന കാലം ദൂരത്തല്ല.

കുറെ ദിവസം മുമ്പ് തിരുവല്ലായിലെ ഒരു പരിശുദ്ധ സഭയിലെ മെത്രാന്മാരുടെ സിനഡ് നടന്നു – സഭയുടെ മുഖ്യ മൂപ്പൻ മെത്രാൻ സഭയുടെ കീഴിലുള്ള കോളജ് കളിലെ നിയമനാധികാരം മുഴുവൻ കയ്യടക്കി വെച്ചിരിക്കൂന്നതിനെതിരെ സഹ പ്രാഞ്ചി കളായ മെത്രാന്മാർ കൊട്ടാര വിപ്ലവം നടത്തിയതായി കേൾക്കുന്നു. മൂപ്പിന്ന് മാത്രം ചിക്കിലി അടിച്ചുമാറ്റുന്ന തിനെതിരെയായിരുന്നു കലാപം- എല്ലാ സഭകളിലും വിശ്വാസികളെ കൊള്ളയടിക്കുന്ന മെത്രാൻ നോക്കുകൂലി സംഘങ്ങൾ സജീവമാണ്.