ഷുഹൈബ് വധക്കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി വിധിയെ പിതാവ് സി.പി.മുഹമ്മദ് സ്വാഗതം ചെയ്തു. തനിക്കൊപ്പം നിന്ന മാദ്ധ്യമ പ്രവർത്തകർക്കും രാഷ്ട്രീയ നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പടച്ചവൻ ജഡ്ജിയായി വന്നു. സി.ബി.ഐ അന്വേഷണത്തെ ആദ്യം മുതൽ തന്നെ സർക്കാർ എതിർത്തിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ആഗ്രഹം. മകനെ കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്താൻ സി.ബി.ഐ അന്വേഷണം കൂടിയേ തീരൂ. രാഷ്ട്രീയപ്പകയുടെ പേരിൽ ഇനി ഒരമ്മയ്ക്കും അച്ഛനും മകൻ നഷ്ടപ്പെട്ടു കൂടായെന്നും മുഹമ്മദ് പറഞ്ഞു.
ദൈവത്തിന്റെ വിധിയാണ് ഇപ്പോൾ വന്നതെന്ന് ഷുഹൈബിന്റെ സഹോദരി സുമയ്യ പറഞ്ഞു. സത്യം ജയിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്. കോടതിയിലും സി.ബി.ഐയിലും വിശ്വാസമുണ്ടെന്നും സുമയ്യ പറഞ്ഞു.

ഹൈക്കോടതി വിധി സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് ആന്റണി
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കം കുറിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സിബിഐക്ക് കഴിയണമെന്നും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും എ.കെ.ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വി.മുരളീധരന്
ഷുഹൈബ് കൊലക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. പൊലീസിനോടും ആഭ്യന്തര വകുപ്പിനോടുള്ള അവിശ്വാസമാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. കോടതിയുടെ അവിശ്വാസത്തിന് മുഖ്യമന്ത്രിയും പാത്രമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷുഹൈബ് വധക്കേസ് മറ്റൊരു ഏജന്‍സിയും അന്വേഷിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ശക്തമായ അന്വേഷണമാണ് നടത്തിയതെന്നും യഥാര്‍ഥ പ്രതികളെയാണ് പിടിച്ചതെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി തള്ളിയിരിക്കുകയാണ്. അന്വേഷണം കൊലപാതകത്തിന്റെ ഗൂഡാലോചനയിലേക്ക് പോകാതിരിക്കാനും ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ അന്വേഷണം ഒതുക്കാനുമാണ് അവസാനം വരെ സി.പി.എം ശ്രമിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സി.ബി.ഐ. അന്വേഷിച്ചാല്‍ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുരുമെന്നും അത് കൂടുതല്‍ നേതാക്കളെ കുടുക്കിലാക്കുമെന്നും സി.പി.എമ്മിന് അറിയാമായിരുന്നു. പ്രതികളെ മാത്രം നല്കി കേസ് ഒതുക്കാനാണ് അവര്‍ ശ്രമിച്ചത്. ഹൈക്കോടതി ഉത്തരവോടെ സി.പി.എമ്മിന്റെ ഈ നീക്കമാണ് പൊളിഞ്ഞതെന്നും മുരളീധരന് വ്യക്തമാക്കി.

പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്
ഷുഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്.
നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് കോടതിവിധി. അധികാരത്തിന്റെ തണലില്‍ രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്ന സി.പി.എം ശൈലിയെ നിയമസഭയ്ക്കകത്തും പുറത്തും ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണിത്. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ഇതോടെ നഷ്ടപ്പെട്ടുവെന്നും സുധീരന് പ്രസ്താവനയില്‍ ആരോപിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കുന്നതിനും ഇതിന് പിന്നിലുള്ള ആസൂത്രകരെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിനും തുടക്കം കുറിക്കാന്‍ ഈ സുപ്രധാനവിധി ഇടവരുത്തുമെന്നും സുധീരന് പറഞ്ഞു.

ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് കുമ്മനം രാജശേഖരന്
ഷുഹൈബ് വധത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായി വിജയന് ഭരണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും, കോടതിയില്‍ നിന്ന് ഇത്രയധികം തിരിച്ചടികള്‍ നേരിട്ട മറ്റൊരു ഭരണകൂടവും ഇതിന് മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും കുമ്മനം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണം. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് വീണ്ടും രൂക്ഷ വിമർശമാണ് പൊലീസിനും ആഭ്യന്തര വകുപ്പിനും ഏൽക്കേണ്ടി വന്നത്.
കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ് ഉടനെയാണ് ഹൈക്കോടതി സർക്കാര്‍ വാദം തള്ളിയത്. പിണറായി വിജയൻ ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് ഉചിതം. സിപിഎം നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാർ വാദം അണികൾ മാത്രമേ വിശ്വസിക്കൂ. നിയമസഭയിൽ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് ഇത്രയധികം തിരിച്ചടികൾ നേരിട്ട മറ്റൊരു ഭരണകൂടവും ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല. തിരിച്ചടികൾ നേരിടാൻ മാത്രമായി കേരളത്തിന് ഒരു മുഖ്യമന്ത്രി ആവശ്യമുണ്ടോ.

സി.ബി.ഐയെ കാണിച്ച് ആരും വിരട്ടാൻ നോക്കണ്ട: പി.ജയരാജൻ
ഷുഹൈബ് വധക്കേസിൽ സി.പി.എമ്മിന് മറയ്ക്കാനൊന്നുമില്ലെന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. സി.ബി.ഐയെ കാണിച്ച് ആരും സി.പി.എമ്മിനെ വിരട്ടാൻ നോക്കേണ്ടെന്നും ജയരാജൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയില്ല. ശരിയായി അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തതാണ്. സംഭവത്തെ നേരത്തെ തന്നെ സി.പി.എം അപലപിച്ചിട്ടുണ്ട്. എന്നാൽ, അറസ്റ്റ് ചെയ്തത് യഥാർത്ഥ പ്രതികളെ അല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നത് കോൺഗ്രസുകാരാണ്. പിന്നീട് അവർ തന്നെ പറഞ്ഞു, ശരിയായ പ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്ന്. അപ്പോഴും സി.പി.എം മുൻനിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. ഇപ്പോൾ ഹൈക്കോടതി വിധി പ്രകാരം കേസ് സി.ബി.ഐയ്ക്ക് വിട്ടിരിക്കുകയാണ്. സി.ബി.ഐ കേസ് അന്വേഷിക്കട്ടെ- ജയരാജൻ പറഞ്ഞു.
ചുവപ്പ് ഭീകരത എന്ന് പറഞ്ഞ് സി.പി.എമ്മിനെ തകർക്കാൻ ആർ.എസ്.എസും സംഘപരിവാറും രംഗത്തുണ്ട്. അവർക്കൊപ്പം ചില വലതുപക്ഷ മാദ്ധ്യമങ്ങളും രംഗത്തിറങ്ങിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.