Sun. Feb 25th, 2024

തമിഴ്‌നാട്ടില്‍ പെരിയാറിൻറെ പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ കൊല്‍ക്കൊത്തയിലെ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയും തകര്‍ത്തു. ജാധവ്പുര്‍ സര്‍വകലാശാല പരിസരത്ത് സ്ഥാപിക്കപ്പെട്ട ശ്യാമപ്രസാദ് മുഖര്‍ജിയുടെ അര്‍ദ്ധകായ പ്രതിമയ്ക്ക് തേരെയാണ് ആക്രമണം നടന്നത്.

പ്രതിമയുടെ മുഖത്ത് കരിയോയില്‍ ഒഴിക്കുകയും കണ്ണൂം മൂക്കും തകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറു സര്‍വകലാശാലാ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. പ്രതിമ തകര്‍ത്ത സംഭവത്തെ ബി.ജെ.പി അപലപിച്ചു. പ്രതിമ തകര്‍ത്തത് കാടത്തമാണെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി സയാന്ദന്‍ ബസു ആവശ്യപ്പെട്ടത്.

ത്രിപുരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടത്. തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇ.വി.രാമസ്വാമി(പെരിയാര്‍)യുടെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. ഇതിന് പിന്നാലെയാണ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം നടന്നത്.