ഫെബ്രുവരി 18 സ:വര്‍ഗീസ് രക്തസാക്ഷി ദിനം…
സ: അരിക്കാട് വര്‍ഗീസ്, അടിയോരുടെ പെരുമന്‍. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നിലപാടില്‍ രക്തസാക്ഷിയായ വിപ്ലവ തേജസ്.
വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച നക്സൽബാരി സമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ധീര രക്തസാക്ഷിയും അടിയോരുടെ പെരുമനുമായ സ: എ.വർഗീസിന്‍റെ രക്തസാക്ഷി ദിനമാണ് ഇന്ന്. (ജൂൺ 14, 1938 – ഫെബ്രുവരി 18, 1970). മുൻപ് സി.പി.ഐ.എം. പ്രവർത്തകനായിരുന്ന വർഗ്ഗീസ്, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും പോലീസ് പിടിയിലായി കൊല്ലപ്പെടുകയും ചെയ്തു. വർഗ്ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് ആദ്യം ഔദ്യോഗികവിശദീകരണം വന്നത്. മരിച്ച് 18 വർഷങ്ങൾക്കു ശേഷം വർഗ്ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രൻ നായർ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തലോടെയാണ് ശരിയായ മരണകാരണം വെളിച്ചത്തുവന്നത്. ഈ വെളിപ്പെടുത്തൽ മൂലം കുറ്റക്കാർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു.
സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വര്‍ഗ്ഗീസിനെ വയനാട്ടില്‍ ആദിവാസികളെ സംഘടിപ്പിക്കുവാന്‍ പാര്‍ട്ടി നിയോഗിച്ചതായിരുന്നു. പക്ഷേ വയനാട്ടില്‍ എത്തിയപ്പോള്‍ പല ജന്മിമാരും തന്നെ സി പി ഐ എം അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു. ആദിവാസികളെ എഴുത്തും വായനയും പഠിപ്പിക്കയും അവരെ സംഘടിപ്പിച്ചു ചെയ്യുന്ന തൊഴിലിനു മാന്യമായ വേതനം ചോദിപ്പിക്കയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. അത്തരം സംഘാടനതിനു തന്നെയായിട്ടാണ് പാര്‍ട്ടി അദ്ദേഹത്തെ വയനാട്ടിലെക്കയച്ചതും. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന്‍ എന്ന ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് തനിക്കു പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ വര്‍ഗീസ്, ആ ചട്ടക്കൂട് ഉപേക്ഷിച്ചാണ് ദളിതര്‍ക്കിടയില്‍ പ്രവര്‍ത്തനത്തിനിറങ്ങിയത്.
ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ ജന്മിമാര്‍ നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വര്‍ഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാര്‍ക്ക് 3 വാരം (ഒരു വാരം – ഏകദേശം ഒരു ലിറ്റര്‍) നെല്ലും 75 പൈസയുമായിരുന്നു. സ്ത്രീകള്‍ക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാര്‍ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താല്‍ ജന്‍മിയുടെ ആളുകള്‍ അവരെ തല്ലി ഒതുക്കുമായിരുന്നു. ജന്‍മിയുടെ മുമ്പില്‍ വെച്ച് ആദിവാസികള്‍ക്ക് മലയാളം സംസാരിക്കുവാനുള്ള അനുവാദമില്ലായിരുന്നു. ആദിവാസി ഭാഷ മാത്രമേ അവര്‍ക്ക് സംസാരിക്കാന്‍ പറ്റുമായിരുന്നുള്ളൂ. രാവിലെ മുതല്‍ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികള്‍ക്ക് പണിയേണ്ടിയും വന്നു. പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വര്‍ഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങള്‍ക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകള്‍ക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയര്‍ത്തി. ഇത് എല്ലാ ജന്മിമാരും, കമ്യൂണിസ്റ്റ് ഇതര പ്രവര്‍ത്തകരും വര്‍ഗ്ഗീസിന് എതിരായി. വര്‍ഗ്ഗീസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെട്ടു. പല അവസരങ്ങളിലും രാത്രികളിൽ വർഗ്ഗീസും സുഹൃത്തുക്കളും ജന്മിമാരുടെ വയലുകളിൽ കയറി കുടിലുകൾ കുത്തുന്നത് പതിവായിരുന്നു. രാവിലെ ജന്മിയുടെ ആളുകൾ എത്തി ഇത് നശിപ്പിക്കുകയും ചെയ്യും. വർഗ്ഗീസ് ആദിവാസികൾക്ക് പഠന ക്ലാസുകളും എടുത്തു. ചോമൻ മൂപ്പൻ, എം.പി. കാളൻ തുടങ്ങിയ ആദിവാസി നേതാക്കൾ വായിക്കുവാനും എഴുതുവാനും പഠിച്ചത് ഇങ്ങനെയാണ്. നക്സൽ ആക്ഷനുകളിലൂടെ വർഗ്ഗീസും സുഹൃത്തുക്കളും വയനാടു് ത്രിശ്ശില്ലേരിയിലെ വസുദേവ അഡിഗ, ചേക്കു എന്നീ സ്ഥലം ഉടമകളെ കൊലപ്പെടുത്തി.
വയനാട്ടിൽ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, മേലുദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ. ലക്ഷ്മണ, ഡി.ഐ.ജി ആയ പി. വിജയൻ എന്നിവരുടെ) നിർദ്ദേശ പ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട്, താൻ തന്നെ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998-ൽ വെളിപ്പെടുത്തി. നക്സലൈറ്റുകളുടെ ആശ്രിതയായ ഇട്ടിച്ചിരി മനയമ്മ എന്ന വിധവയുടെ വീട്ടിൽ വർഗ്ഗീസും കൂട്ടരും ഒളിച്ചു താമസിക്കുന്ന വിവരം ശിവരാമൻ നായർ എന്ന ഒറ്റുകാരൻ മുഖേന, സമീപത്തുള്ള അമ്പലത്തിനടുത്ത് തമ്പടിച്ചിരിക്കുന്ന സി. ആർ. പി. എഫ് സേനയറിഞ്ഞു. അവിടെ ഒറ്റയ്ക്കും നിരായുധനുമായിരുന്ന വർഗ്ഗീസിനെ അധികം എതിർപ്പില്ലാതെ തന്നെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. അന്ന് വൈകിട്ടായിരുന്നു വർഗ്ഗീസിന്റെ കൊലപാതകം നടന്നത്.”വിപ്ലവം ജയിക്കട്ടെ” എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വർഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രൻ നായർ പറയുന്നത്. വർഗ്ഗീസിന് മരണത്തിനു മുൻപ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു
നെഞ്ചില്‍ വെടിയേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് നേരില്‍ കണ്ടത് അന്നത്തെ സിആര്‍പി കോണ്‍സ്റ്റബിള്‍ വിതുര സ്വദേശി ഹനീഫയാണ്. കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഈ ദൃക്‌സാക്ഷി വിശദീകരിച്ചിരുന്നു. വര്‍ഗീസിനെ കൊല്ലാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ലക്ഷ്മണ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ ആജ്ഞ നല്‍കുന്നത് ഹനീഫയുടെ മൊഴിയില്‍ നിന്ന് തെളിയുന്നുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഡിഐജിയായിരുന്ന വിജയന്റെ സാന്നിദ്ധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഹനീഫയുടെ മൊഴി സംശയാസ്പദമാണെന്ന നിഗമനത്തില്‍ കോടതി എത്തി. അതിനാലാണ് വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടത്.
കൊലപാതകം ലക്ഷ്മണ തന്നെ നടത്തിയതിന് തുല്യമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെന്ന് കോടതി തെളിവുകള്‍ വിലയിരുത്തി ചൂണ്ടിക്കാട്ടി. പോലീസുമായി വര്‍ഗീസ് ഏറ്റുമുട്ടാനുള്ള സാധ്യത വളരെ വിദൂരമായിരുന്നുവെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ 1999-ലെ ഉത്തരവ് അനുസരിച്ചാണ് വര്‍ഗീസ് കൊലക്കേസ് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് അന്വേഷിച്ചത്. അടിയന്തരാവസ്ഥ കാലത്തെ രാജന്‍ കൊലക്കേസിലും ലക്ഷ്മണ പ്രതിയായിരുന്നുവെങ്കിലും കേസ് വിചാരണ ചെയ്ത കോയമ്പത്തൂര്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു.

