വീണ്ടും ഒരു ആറ്റുകാൽ പൊങ്കാലകൂടി .സ്ത്രീകളുടെ ശബരിമല എന്ന വിശേഷണത്തോടെ ഭക്തി മാർക്കറ്റ് ചെയ്യപ്പെടുന്ന ആറ്റുകാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങളിൽ പലതും കെട്ടുകഥകൾ.ചരിത്രത്തെ തല കീഴ്മറിച്ചുകൊണ്ടുള്ള കെട്ടുകഥകളുടെ സത്യസ്ഥിതി വ്യക്തമാക്കുന്ന 2016 ൽ പുറത്തിറങ്ങിയ പുസ്തകമാണ് “ആറ്റുകാൽ അമ്മ-ദ ഗോഡസ് ഓഫ് മില്യൻസ് “. പുസ്തകം രചിച്ചത് കവിയും സ്വതന്ത്ര മാധ്യമ പ്രവർത്തകയുമായ ലക്ഷ്മി രാജീവാണ്.ആറ്റുകാൽ അമ്പലത്തെക്കുറിച്ചും ആറ്റുകാൽ അമ്മയെക്കുറിച്ചുമുള്ള കെട്ടുകഥകളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതാണ് ഈ പുസ്തകം.അന്താരാഷ്ട്ര പ്രശസ്തമായ ഹാർപ്പർകോളിൻസ് ആണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആറ്റുകാലമ്മയിലുള്ള കടുത്ത വിശ്വാസവും ഭക്തിയുമാണ് അഞ്ചു വർഷത്തെ കഠിന പ്രയത്നത്തിലൂടെ ഇങ്ങനെ ഒരു ഗ്രന്ഥം രചിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ലക്ഷ്മി രാജീവ് പറയുന്നു. ഇംഗ്ലീഷിൽ 240പേജുള്ള പുസ്തകം എഴുതാൻ വേണ്ടി ലക്ഷ്മി ആറ്റുകാൽ ക്ഷേത്രവുമായും തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും ചരിത്രവുമായും ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുകയും അത്യപൂർവ്വമായവ ഉൾപ്പെടെ ചരിത്ര രേഖകൾ പരിശോധിക്കുകയും ചെയ്തു.
പുസ്തക രചനയ്ക്ക് വേണ്ടി വിവരങ്ങൾ ശേഖരിക്കുന്നതിലും ഗവേഷണം നടത്തുന്നതിലും ലക്ഷ്മി കാണിച്ച അർപ്പണമനോഭാവം ട്രസ്റ്റ് അംഗങ്ങൾക്ക്, പ്രത്യേകിച്ച് ട്രസ്റ്റ് സെക്രട്ടറി ചന്ദ്രാലയം അജിത് കുമാറിന് തീരെ ഇഷ്ടപ്പെട്ടില്ല. ലക്ഷ്മി, നായർ സമുദായത്തിൽ പെട്ടയാളല്ല എന്നതും ട്രസ്റ്റിന്റെ അതൃപ്തിക്ക് കാരണമാണ്. കണ്ടെത്തിയ കാര്യങ്ങളൊന്നും പുസ്തകത്തിൽ വരരുതെന്ന് അജിത് ലക്ഷ്മിയോട് പറഞ്ഞു. ഒരു തരത്തിലുള്ള സമ്മർദ്ദത്തിനും ഭീഷണിയ്ക്കും ലക്ഷ്മി വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ആറ്റുകാൽ പൊങ്കാല ദിവസം ക്ഷേത്രത്തിൽ വെച്ച് ട്രസ്റ്റ് സെക്രട്ടറി പരസ്യമായി ലക്ഷ്മിയെ ആക്ഷേപിക്കുകയും ക്ഷേത്രത്തിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു.
ആരാധനാമൂർത്തിയെ സംബന്ധിച്ചും ക്ഷേത്രത്തിന്റെ ഉടമസ്ഥതയെ സംബന്ധിച്ചും ക്ഷേത്ര ഭാരവാഹികൾ പറയുന്ന പല കാര്യങ്ങൾക്കും സത്യവുമായി ഒരു ബന്ധവുമില്ലെന്ന് പുസ്തകത്തിനു വേണ്ടി നടത്തിയ പഠനത്തിൽ ലക്ഷ്മി രാജീവ് കണ്ടെത്തി. പഠനത്തിലൂടെ കണ്ടെത്തിയ യാഥാർത്ഥ്യങ്ങൾ പുസ്തകത്തിൽ രേഖപ്പെടുത്തുന്നതിൽ നിന്ന് ലക്ഷ്മിയെ പിന്തിരിപ്പിക്കാൻ ക്ഷേത്ര ഭാരവാഹികൾ ശ്രമിച്ചെങ്കിലും സത്യം പറയുന്നതിൽ നിന്ന് പിന്മാറാൻ ലക്ഷ്മി രാജീവ് തയ്യാറായില്ല. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോൾ കയ്യാളുന്ന കുടുംബമല്ല ക്ഷേത്രത്തിന്റെ യഥാർത്ഥ അവകാശികൾ എന്ന ഞെട്ടിക്കുന്ന വസ്തുതയും ലക്ഷ്മി പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ഹാർപർ ആൻഡ് കോളിൻസ് ലക്ഷ്മിയുടെ കണ്ടെത്തലുകളെ അംഗീകരിക്കുകയും പുസ്തകത്തിൽ അവ ഉൾപ്പെടുത്താൻ അനുവദിക്കുകയും ചെയ്തു.

ഭക്തരുടെ ആരാധനാമൂർത്തിയായ ആറ്റുകാൽ അമ്മ തമിഴ് ഇതിഹാസത്തിലെ കണ്ണകിയാണെന്നത് ചിലർ ബോധപൂർവ്വം കെട്ടിച്ചമച്ച കഥയാണെന്ന് പുസ്തകം വ്യക്തമാക്കുന്നു. കേരളത്തിലെ ഗ്രാമങ്ങളിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഭദ്രകാളി ആരാധനയുടെ ഭാഗമാണ് ആറ്റുകാലിലേതെന്നും ഇളംകോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുമായി ആറ്റുകാലമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും ലക്ഷ്മി കൃത്യമായി തെളിയിക്കുന്നു. നായർ സമുദായത്തിലെ 12 കുടുംബങ്ങളാണ് ഇപ്പോൾ ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ പാട്ട് നടത്തുന്നത്. ക്ഷേത്രത്തിനു ചുറ്റുവട്ടത്തുള്ള നായർ കുടുംബങ്ങളിൽപ്പെട്ട 86 ട്രസ്റ്റികളാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്.
പിന്നാക്കജാതിക്കാരുടെ കൈവശമുണ്ടായിരുന്ന മുടിപ്പുര ആയിരുന്നു ഈക്ഷേത്രമെന്നും പിന്നീട് ഇത് ചിലർ ബോധപൂർവ്വം തങ്ങളുടെ മാത്രം നിയന്ത്രണത്തിലാക്കുകയായിരുന്നു എന്നുമാണ് ലക്ഷ്മി രാജീവ് പുസ്തകത്തിലൂടെ സമർത്ഥിക്കുന്നത്. ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യവും ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.
ആറ്റുകാൽക്ഷേത്രത്തിനടുത്തുണ്ടായിരുന്ന മുല്ലുവീട്ടിലെ പരമേശ്വരൻ പിള്ളയ്ക്ക് ഒരു ദിവസം കിള്ളിയാറിന്റെ കരയിൽ ദേവീസാന്നിദ്ധ്യം അനുഭവിക്കാനിടയായെന്നും ഇതേ തുടർന്ന് അദ്ദേഹമാണ് മുല്ലുവീട്ടിന്റെ തെക്കേതിൽ ഇവിടത്തെ പ്രതിഷ്ഠ നടത്തിയതെന്നുമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
ആറ്റുകാൽ അമ്മ ചിലപ്പതികാരത്തിലെ കോവലന്റെ ഭാര്യയായ കണ്ണകിയാണെന്നും പാണ്ഡ്യരാജാവിനെ വധിച്ചശേഷം ആറ്റുകാലിൽ എത്തിയെന്നുമാണ് പ്രചാരണം.
2000 വർഷം മുമ്പ് രചിച്ച ചിലപ്പതികാരത്തിലെ കഥാപാത്രങ്ങളുമായി ആറ്റുകാലിന് ബന്ധമുണ്ടെന്നത് ലക്ഷ്മി രാജീവ് തള്ളിക്കളയുന്നു. കേരളത്തിൽ പ്രചാരത്തിലുള്ള ഭദ്രകാളിപ്പാട്ടിൽ, കന്യകയാകാൻ ആഗ്രഹിച്ച ശിവപുത്രിയായ കന്യാവാണ് കേന്ദ്ര കഥാപാത്രം. വടക്കൻ കൊല്ലത്തെ രാജകുമാരനായ പാലകന്റെ ഭാര്യയാവുകയാണ് കന്യാവ്.

ആറ്റുകാലിൽ പാടുന്ന തോറ്റം പാട്ടിലെവിടെയും കണ്ണകിയെക്കുറിച്ചുള്ള പരാമർശങ്ങളേയില്ല. ഭദ്രകാളീ സ്തുതിയാണ്ക്ഷേത്രത്തിലെ മൂലമന്ത്രം. ഉത്സവകാലത്ത് ആറ്റുകാൽ ക്ഷേത്രത്തിലെ ശ്രീകോവിലിലുള്ള വിഗ്രഹത്തോട് ചേർത്തു പിടിക്കുന്ന ഞൊറിഞ്ഞാട (ഉടയാട ) അണിയിക്കാൻ കാലാകാലങ്ങളായി കൊണ്ടു വരുന്നത് പിന്നാക്ക സമുദായക്കാരായ മണ്ണാൻമാരാണ്. ക്ഷേത്രത്തിൽതോറ്റംപാട്ട് പാടുന്നതും വേളൻ, ഈഴവ, മണ്ണാൻ തുടങ്ങിയ പിന്നാക്കസമുദായക്കാരാണ്. ഉത്സവത്തിന് പണ്ടാര അടുപ്പിൽ പൊങ്കാലയിടുന്നത് ഈഴവ സമുദായാംഗമായ ആശാനാണ്. പാട്ട് പാടാൻ പച്ചപ്പന്തലുണ്ടാക്കുന്നത് തണ്ടാൻമാർ തന്നെ.

പിന്നോക്കക്കാർ നടത്തിക്കൊണ്ടിരുന്ന കുത്തിയോട്ടം ഇപ്പോഴുംക്ഷേത്രത്തിലുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പു വരെ മൃഗബലി ക്ഷേത്രത്തിൽ നടന്നതിനും തെളിവുകളുണ്ട്. ഇപ്പോൾ നായർ കുടുംബങ്ങൾ മാത്രമാണ് പാട്ട് നടത്തുന്നതെങ്കിലും മുമ്പ് എല്ലാ സമുദായക്കാരും പാട്ട് നടത്തിയിരുന്നു. 1960കളിൽ തമിഴ് ചെട്ടിയാർ പാട്ട് നടത്തിയതിന് രേഖകളുണ്ട്. പിന്നീട് ഇദ്ദേഹം താമസിച്ചിരുന്ന കുറുങ്ങുടി വീട് നായർ സമുദായത്തിലുള്ളവർ വാങ്ങുകയായിരുന്നു.
മുല്ലുവീടുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഐതിഹ്യം കെട്ടുകഥയാണെന്ന് 1947ൽ ഭൂമിക്ഷേത്രത്തിനു കിട്ടുന്നതിനുവേണ്ടി നാനാജാതി മതസ്ഥർ അന്നത്തെ ഡിവിഷൻപേഷ്കാർക്ക് നൽകിയ നിവേദനത്തിലും സമ്മതിക്കുന്നുണ്ട്. അതേപോലെ മുല്ലുവീടിന്റെ പ്രമാണങ്ങൾ മുഴുവൻ പരിശോധിച്ചിട്ടും ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു പരാമർശവും ഇതിൽ കാണാൻ കഴിഞ്ഞിട്ടില്ല.
1947ലെ അപേക്ഷയെത്തുടർന്ന് 1951ൽ പണ്ടാരകാര്യം ചെയ്യാൻ 25 സെന്റ് സ്ഥലം ഡിവിഷൻ പേഷ്കാർ അനുവദിക്കുകയായിരുന്നു. തുടർന്നാണ് ഇത് കുറച്ചു കുടുംബങ്ങളുടെ നിയന്ത്രണത്തിലേക്കുപോയത്. 1976 ജൂൺ 26ന് അന്നത്തെ സബ് രജിസ്ട്രാറെ ഒരു വീട്ടിലേക്കു വിളിച്ചു വരുത്തി 28 അംഗ ആറ്റുകാൽ ട്രസ്റ്റ് രൂപീകരിക്കുകയായിരുന്നു. ക്ഷേത്രം ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഗമാക്കിയതിനെതിരായി അന്നു തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. 1979ലാണ് ട്രസ്റ്റ് വിപുലീകരിച്ച് 117പേരെ ഉൾപ്പെടുത്തിയത്. അതിൽ 86പേരാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്.
Comments are closed.