Mon. Nov 23rd, 2026

തന്റെ പുതിയ ചിത്രമായ ഒരു അഡാർ ലവി’ലെ ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്തെത്തി. ഗാനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദം വേദനിപ്പിക്കുന്നതാണെന്നും ഗാനത്തിൽ പ്രവാചക നിന്ദയില്ലെന്നും ഒമർ വ്യക്തമാക്കി.

ചിത്രത്തിലെ ‘മാണിക്യ മലരായ പൂവിൽ എന്ന ഗാനത്തിലെ ചില വരികൾ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫലക്നാമ പൊലീസ് സംവിധായകനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് വിശദീകരണവുമായി ഒമർ രംഗത്തെത്തിയത്. കേസ് നിയമപരമായി നേരിടുമെന്നും ഒമർ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് പരാതിയുമായി ഒരു കൂട്ടം ചെറുപ്പക്കാർ രംഗത്തെത്തിയത്. എന്നാൽ ഇവർ പരാതിക്കാധാരമായ വീഡിയോ ഹാജരാക്കിയിരുന്നില്ല. കേസെടുക്കണമെങ്കിൽ വീഡിയോ ഹാജരാക്കണമെന്ന് പൊലീസ് നിലപാടെടുത്തതോടെ സംഘം വീഡിയോ ഹാജരാക്കി വിശദമായ പരാതി നൽകി. തുടർന്ന് ഒമർ ലുലുവിനെതിരെ കേസെടുക്കുകയായിരുന്നു.

അതേസമയം, സിനിമയിലെ ഈ ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഗാനത്തിൽ അഭിനയിച്ച പ്രിയ വാര്യരും മറ്റും ഇപ്പോൾ ഇന്ത്യയൊട്ടാകെ വൈറലാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറും വൻ സ്വീകാര്യത നേടിയിരുന്നു.