വാലന്റൈൻസ് ദിനത്തിൽ നടത്തുന്ന പരിപാടികൾക്കെതിരെ ആർ.എസ്.എസ് നടത്തുന്ന ആക്രമങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള മറുപടിയാണ് പ്രിയാ വാര്യർ അഭിനയിച്ച മാണിക്യ മലരായ പൂവി’എന്ന ഗാനത്തിന് ലഭിച്ച രാജ്യവ്യാപകമായ സ്വീകാര്യതയെന്ന് ദളിത് ആക്ടിവിസ്റ്റും എം.എൽ.എയുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മേവാനി പ്രതികരണം അറിയിച്ചത്.
ഗുജറാത്തിലെ അഹമ്മദാബാദിലും സബർമതി നദിയുടെ തീരത്തും വാലന്റൈൻസ് ദിനം ആഘോഷിക്കാനെത്തിയ ആളുകളെ ബജ്റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പിന്തുടർന്ന് ആക്രമിച്ചിരുന്നു. വാലന്റൈൻസ് ദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കിൽ സ്വന്തം വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള അവകാശം തങ്ങൾക്കുമുണ്ടെന്ന് വാദിച്ചാണ് ഇവർ ആക്രമണം നടത്തിയത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.
അതേസമയം, പുറത്തിറങ്ങാനിരിക്കുന്ന ഒരു അഡാറ് ലവ് എന്ന സിനിമയുടെ സംവിധായകൻ ഒമർ ലുലുവിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ചില വരികൾ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാർ പരാതി നൽകിയിരുന്നു. തുടർന്നാണ് ഫലക്നാമ പൊലീസ് സംവിധായകനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം കേസെടുത്തത്. നാല് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.