ബെഹ്‌റ ചുമതലയേറ്റശേഷം പ്രമുഖര്‍ ഉള്‍പ്പെട്ട 13 കേസുകളാണ് അട്ടിമറിക്കപ്പെട്ടത്. നൂറുകണക്കിന് കേസുകളില്‍ അന്വേഷണം നിലച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി. അഴിമതി കേസുകളില്‍ പോലീസുകാര്‍ അടക്കം 30 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം ഊര്‍ജിതമാകുമ്പോള്‍ അന്വേഷണ സംഘത്തെ തന്നെ മാറ്റി കേസുകള്‍ അട്ടിമറിക്കപ്പെടുന്നു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന രേഖ പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ കീഴിലെ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നു. ബെഹ്‌റ ചുമതലയേറ്റശേഷം പ്രമുഖര്‍ ഉള്‍പ്പെട്ട 13 കേസുകളാണ് അട്ടിമറിക്കപ്പെട്ടത്. നൂറുകണക്കിന് കേസുകളില്‍ അന്വേഷണം നിലച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി. അഴിമതി കേസുകളില്‍ പോലീസുകാര്‍ അടക്കം 30 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം ഊര്‍ജിതമാകുമ്പോള്‍ അന്വേഷണ സംഘത്തെ തന്നെ മാറ്റി കേസുകള്‍ അട്ടിമറിക്കപ്പെടുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴ പോലെ പല അഴിമതി കേസുകളും ആവിയായിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധമായ പാറ്റൂര്‍ ഭൂമി കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റുതൊപ്പിയിട്ടു. ബെഹ്‌റ ചുമതലയേല്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട 688 കേസുകളിളാണ് ത്വരിത പരിശോധന നടന്നുവന്നിരുന്നത്. ഇതില്‍ പകുതിയും തെളിവില്ലെന്ന പേരില്‍ അവസാനിപ്പിച്ചു.
യു.ഡി.എഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കേ കെ.എം മാണി നടത്തിയ 100 കോടിയുടെ ബാര്‍ കോഴ കേസ്, ബാറ്ററി കേസ്, കോഴി നികുതി കേസ് എന്നിവയാണ് ഇതില്‍ പ്രധാനം. ബാര്‍കോഴ അടക്കമുള്ള കേസുകളില്‍ മുന്‍മന്ത്രി കെ.എം. മാണിക്കെതിരേ തെളിവുണ്ടെന്നു നിയമോപദേശം കൊടുത്തിട്ടും അന്വേഷണം അവസാനിപ്പിക്കാനാണു നീക്കമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. കെ.എം. മാണിക്കെതിരേയുള്ള ബാര്‍കോഴ, ബാറ്ററി, കോഴി നികുതിയിളവ് കേസുകളില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി. സതീശനാണു വിജിലന്‍സിനെതിരേ രൂക്ഷ ആരോപണവുമായി രംഗത്ത് എത്തിയത്.
മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സ് മെല്ലെപോക്കു നയമാണു തുടരുന്നത്. ബാറ്ററി കേസില്‍ കെ.എം. മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു തന്റെ ശിപാര്‍ശ. എന്നാല്‍ കേസ് അവസാനിപ്പിച്ചെന്നാണു മാധ്യമങ്ങളിലൂടെ പിന്നീട് അറിയാന്‍ കഴിഞ്ഞത്. ബാര്‍കോഴ കേസില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാരെന്നുപോലും അറിയില്ല. കാര്യങ്ങള്‍ ഒന്നുംതന്നെ സുതാര്യമായല്ല നീങ്ങുന്നത്. കോഴി നികുതിയിളവ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ വന്നു കണ്ടിട്ടേയില്ല. വിജിലന്‍സിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസമാണു ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും മുന്‍ സി.ബി.ഐ. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കൂടിയായ കെ.പി. സതീശന്‍ വാര്‍ത്താചാനലിനോടു വെളിപ്പെടുത്തി.
കേസിന്റെ ഒരു വിശദാംശങ്ങളും തനിക്കറിയില്ലെന്നും സതീശന്‍ പറയുന്നു. സതീശന്റ ആരോപണം വിജിലന്‍സിനെ കുടുക്കിലാക്കിയിരിക്കുകയാണ്. മാണിയെ എല്‍.ഡി.എഫില്‍ എത്തിക്കാന്‍ സി.പി.എമ്മില്‍ ഒരുവിഭാഗം നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മാണിയുടെ പേരിലുള്ള കേസുകള്‍ മെല്ലെപ്പോക്കാണെന്നാണ് ഉയരുന്ന ആരോപണം.
ഡി.ജി.പി ടോമിന്‍ തച്ചങ്കരിയാണ് വിജിലന്‍സിന്റെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ട മറ്റൊരു പ്രമുഖന്‍. മൂന്നു കേസുകള്‍ അടക്കം 12 വിഷയങ്ങളില്‍ തച്ചങ്കരിക്കെതിരെ അന്വേഷണങ്ങള്‍ നടന്നിരുന്നുവെങ്കിലും നാലു കേസുകളുടെ വിവരം മാത്രമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കോടതി ഇടപെടല്‍ മുന്നില്‍ കണ്ട് കേസുകള്‍ തിടുക്കത്തില്‍ തീര്‍പ്പാക്കിയതായും സൂചനയുണ്ട്.
ടോമിന്‍ തച്ചങ്കരിയുടെ പോലീസ് ആസ്ഥാനത്തെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ കേസുകളുടെ വിവരം മറച്ചുവച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. 1996 മുതലുള്ള കേസുകളാണ് പട്ടികയിലുള്ളത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കേ പാലക്കാട് ആര്‍.ടി.ഒയെ ഉപയോഗിച്ച് അനധികൃത പണപ്പിരിവിന് ശ്രമിച്ചത് എന്നിവ അടക്കമുള്ളവ ഇതില്‍ പെടും. ടോമിന്‍ തച്ചങ്കരി പോലീസ് ആസ്ഥാനത്തും ബെഹ്‌റ വിജിലന്‍സ് തപ്പത്തും എത്തിയശേഷം ഇവയില്‍ പലതും തീര്‍പ്പാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടന്നതായാണ് ആരോപണം.
ടോം ജോസ് ഐ.എ.എസിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണവും എങ്ങുമെത്തിയില്ല. എസ്.പി രാഹുല്‍ ആര്‍.നായര്‍ക്കെതിരായ ക്വാറി കൈക്കൂലി കേസ് ഉള്‍പ്പെടെ 13 കേസുകളിലാണ് തെളിവില്ലെന്ന് കാണിച്ച് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാര്‍ കോഴകേസ് അന്വേഷിച്ച് എസ്.പി സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുമെത്താതെ അവസാനിച്ചു.
മുന്‍ മന്ത്രി കെ.ബാബുവാണ് ബെഹ്‌റയുടെ കടാക്ഷം കാത്തിരിക്കുന്ന മറ്റൊരു പ്രമുഖന്‍. ബാബുവിനെതിരായ അനധികൃത സ്വത്ത് കേസില്‍ വീണ്ടും ബാബുവിന്റെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങവേയാണ് വിജിലന്‍സിന്റെ ഭാഗത്തുനിന്നുള്ള അസാധാരണ നടപടി. തനിക്ക് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന ബാബുവിന്റെ കത്ത് പരിഗണിച്ചാണ് ബെഹ്‌റ വീണ്ടും മൊഴിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇനി കുറ്റപത്രം കോടതിയില്‍ എത്തുമോ എത്തിയാല്‍ തന്നെ എന്താകുമെന്നും ഊഹിക്കാവുന്നതേയുള്ളൂ.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കശുവണ്ടി ഇറക്കുമതി കേസില്‍ ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. നിയമന വിവാദത്തില്‍ ഇ.പി ജയരാജനെതിരായി കേസെടുത്തത് തെറ്റായിപ്പോയെന്നായിരുന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. മറ്റു പല പ്രമുഖമായ കേസുകളിലും വിജിലന്‍സ് അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടില്ല. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിനാണ് വിജിലന്‍സ് ഉന്നതര്‍.
റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ തോമസ് ചാണ്ടിക്കെതിരായ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റി. അന്വേഷണം തിരുവനന്തപുരത്തെ വിജിലന്‍സ് യൂണിറ്റിന് കൈമാറി.
മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലും അട്ടിമറി നടന്നിരിക്കുകയാണ്. റിവേഴ്‌സ് എയര്‍ ബാഗ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം എം.എല്‍.എ പി.ഉണ്ണി (സബ് കമ്മിറ്റി അംഗം) എം.ഡി സുന്ദര്‍രാജ്, എന്‍.ആര്‍ കൃഷ്ണമൂര്‍ത്തി, മുന്‍ വ്യവസായ സെക്രട്ടറി ബാലകൃഷ്ണന്‍ അടക്കം 10 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും വിജിലന്‍സ് നടപടികള്‍ ആരംഭിച്ചില്ല. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട ആറു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച് വര്‍ഷങ്ങളായി. ഒന്നില്‍ പോലും വിചാരണ നടന്നിട്ടില്ല. വിചാരണയ്‌ക്കെതിരെ പ്രതികള്‍ നേടിയ സ്‌റ്റേ നീക്കിയെടുക്കാന്‍ പോലും വിജിലന്‍സിന് മടി. മലബാര്‍ സിമന്റ്‌സില്‍ മൊത്തം 12 കേസുകള്‍ ആണുള്ളത്.
ചവറ കെ.എം.എം.എല്‍ അഴിമതി ആരോപണം, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോഫൈനാന്‍സ് അഴിമതി ആരോപണം, സിഡ്‌കോയുടെ തലപ്പത്തിരിക്കുമ്പോ സജി ബഷീര്‍ നടത്തിയ മേനംകുളം മണല്‍ കുംഭകോണം തുടങ്ങിയ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരെ തുടര്‍ച്ചയായി സ്ഥലംമാറ്റി വട്ടംചുറ്റിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും തന്റെ അനുമതിയോടെ മാത്രമേ കേസുകള്‍ എടുക്കാവൂ എന്നുമാണ് ബെഹ്‌റ നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനു കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ജേക്കബ് തോമസ് ഡയറക്ടറായിരിക്കേ നല്‍കിയിരുന്നു. ബെഹ്‌റയുടെ നിര്‍ദേശം വന്നതിനു ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് പോലും വിജിലന്‍സിന് ഭയമാണ്.
അതിനിടെ, കേഡര്‍ പദവിയായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് പകരം വിശ്വാസ്തനായ ഒരാളെ നിയമിക്കാന്‍ കഴിയാത്തതിനാലാണ് സര്‍ക്കാര്‍ ബെഹ്‌റയെ തുടരാന്‍ അനുവദിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ കേഡര്‍ തസ്തിക താഴ്ത്തണമെന്നും ഡി.ജി.പിക്ക് പകരം എ.ഡി.ജി.പിയെ നിയമിക്കണമെന്നും കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി. സംസ്ഥാനത്ത് ഡി.ജി.പി പദവിയുള്ള എട്ട് ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കേയാണ് എ.ഡി.ജി.പി പദവിയിലുള്ള ഒരാളെ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. കൂടുതല്‍ കേഡജര്‍ പദവിക്കായി മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിക്കുമ്പോഴാണ് ഉള്ള ഒരു കേഡര്‍ പദവി വേണ്ടെന്ന് സംസ്ഥാനത്തിന്റെ വിചിത്രമായ നിലപാടും.
അതേസമയം, ചട്ടം ലംഘിച്ച് ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി തുടരുന്നതിനെതിരെ കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് കഴിഞ്ഞ 11 മാസമായി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ തുടരുന്നതെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളില്‍ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര ചട്ടപ്രകാരം കേഡര്‍ തസ്തികകളില്‍ ആറു മാസത്തില്‍ കൂടുതല്‍ അധിക ചുമതല നല്‍കാന്‍ പാടില്ല. 2017 മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി പോലീസ് മേധാവി കൂടിയായ ലോക്‌നാഥ് ബെഹ്‌റയെ ആ സ്ഥാനത്ത് സര്‍ക്കാര്‍ പ്രതിഷ്ഠിച്ചത്