Sat. Nov 21st, 2026

പ്രശസ്ത കവിയും യുക്തിവാദിയുമായ കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധം കത്തുന്നു. ആശയമില്ലാത്തവരായ സംഘപരിവാറിന്റെ സ്ഥിരം പരിപാടിയാണ് ആക്രമണമെന്ന് കവി പവിത്രന്‍ തീക്കുനി പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനത്ത് കവിയ്ക്ക നേരെ ആക്രമണം നടന്നത് ഭീതിജനകമാണ്. കാവിയുടെ നിറം കറുപ്പിലേക്ക് എന്നേ ഇതിനെ നോക്കികാണാന്‍ കഴിയുള്ളു. കുരീപ്പുഴയ്ക്ക സാംസ്‌കാരിക കേരളത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. തീക്കുനി വ്യക്തമാക്കി

അതേസമയം കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെല്ലാം ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള നടപടി ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസിന്റെ അടിയന്തര നടപടി. സംഭവത്തെ ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം കൊല്ലം റൂറല്‍ എസ്.പിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നു. ഇന്നലെ രാത്രി കോട്ടുക്കലില്‍ കൈരളി ഗ്രന്ഥശാലാ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുരീപ്പുഴയെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. താന്‍ സഞ്ചരിക്കുകയായിരുന്ന കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കുരീപ്പുഴ പറഞ്ഞു.