Thu. Apr 25th, 2024

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായില്‍ കുടുങ്ങി. ബിനോയിക്ക് യാത്രവിലക്ക് ദുബായ് ഭരണകൂടം ഏര്‍പ്പെടുത്തി. ദുബായില്‍ സിവില്‍ കേസ് എടുത്തതോടെയാണ് ചെക്ക് കേസില്‍ യാത്ര വിലക്ക് നിലവില്‍ വന്നത്. ദുബായിലെ ജാസ് ടൂറിസത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. കേരളത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ച ബിനോയിയെ ദുബായ് വമാനത്താവളത്തില്‍ തടഞ്ഞു.

ബിനോയ് കോടിയേരിയുടെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ചു യുഎഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്നു നടത്താനിരുന്ന പത്രസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തുമെന്ന് മര്‍സൂഖി നേരത്തേ അറിയിച്ചിരുന്നു.

ബിനോയ്ക്കൊപ്പം ആരോപണമുയര്‍ന്ന ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണു മര്‍സൂഖി പത്രസമ്മേളനത്തില്‍ നിന്നു പിന്മാറിയത്. പത്രസമ്മേളനം നടത്തുന്നതില്‍ കോടതി വിലക്കുണ്ടെങ്കിലും ഇന്ത്യയില്‍ത്തന്നെ തുടരുമെന്നു മര്‍സൂഖി വ്യക്തമാക്കി.

ശ്രീജിത്ത് വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ക്കു കരുനാഗപ്പള്ളി സബ്കോടതിയാണു വിലക്കേര്‍പ്പെടുത്തിയത്. സാമ്പത്തികതട്ടിപ്പ് ആരോപണം ഉന്നയിച്ച മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമങ്ങള്‍ക്കും കോടതി നോട്ടിസ് അയയ്ക്കുകയായിരുന്നു. ദുബായ് ബിസിനസുകാരന്‍ രാഖുല്‍ കൃഷ്ണ തന്റെ പേരു ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത്ത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍.