Wed. Feb 21st, 2024

ജനുവരി 17: ജാതീയതയുടെ രക്തസാക്ഷി രോഹിത് വെമുല ഓർമ്മദിനം

ദളിതര്‍ ഇന്നും അനുഭവിക്കുന്ന പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ ആത്മഹത്യാകുറിപ്പില്‍ കോറിയിട്ട് രോഹിത് വെമുല എന്ന ഇരുപത്തേഴുകാരനായ ഗവേഷക വിദ്യാർത്ഥി 2016 ജനുവരി 17ന് ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ അത് മനുഷ്യനാകാനുള്ള ദളിതന്റെയും ആദിവാസിയുടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും വിമോചനത്തിനുള്ള കാഹളമായി.

പുതുവർഷാഘോഷ മാമാങ്കങ്ങൾക്കിടയിൽ നാം മറന്ന ചിലയാഥാർഥ്യങ്ങളെ സ്വന്തം മരണത്തിലൂടെ ഓർമ്മപെടുത്തിക്കൊണ്ടാണ് 2016 ലെ പുതുവത്സരം കടന്നു വന്നത്. തന്റെ ജന്മം തന്നെയാണ് താന്‍ നേരിട്ട മാരകവും മരണാസന്നവുമായ അപകടം എന്ന കാവ്യാത്മകമായ വാചകം ആത്മഹത്യാക്കുറിപ്പിലെഴുതിവെച്ച് സ്വയം മരണം വരിച്ച ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് , ഇന്ത്യ ഇനിയും ആര്‍ജ്ജിക്കാനിരിക്കുന്ന പല സ്വാതന്ത്ര്യങ്ങളുടെ മുന്നോടിയായിത്തീരുകതന്നെ ചെയ്യും.

ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും അവഗണനയും സഹിക്കാനാകതെയാണ് കാള്‍സാഗനാകാനുള്ള മോഹം ഹൃദയത്തിലൊതുക്കി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഈ ഗവേഷണവിദ്യാര്‍ഥി സ്വയം ജീവനൊടുക്കിയത്. സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനകളും അവരുടെ താളത്തിനു തുള്ളുന്ന സര്‍വകലാശാലാ അധികൃതരും കേന്ദ്രമന്ത്രിമാരും ചേര്‍ന്ന് നടത്തിയ വേട്ടയാടലിന്റെ ഇരയാകുകയായിരുന്നു.

ഗുണ്ടൂരിലെ ചേരികളില്‍ വളര്‍ന്ന ഈ ദളിത് വിദ്യാര്‍ഥി. അന്യവല്‍ക്കരണത്തിന്റെയും അസമത്വത്തിന്റെയും സിദ്ധാന്തമാണ് മതം മുന്നോട്ടുവയ്ക്കുന്നതെന്ന അംബേദ്കറുടെ സിദ്ധാന്തത്തില്‍ വിശ്വസിക്കുകയും അംബേദ്കര്‍ സ്റ്റുഡന്‍സ് യൂണിയന്റെ നേതാവായി മാറുകയും ചെയ്തതാണ് സംഘപരിവാറിന്റെ കണ്ണില്‍ രോഹിത് വെമുല ചെയ്ത കുറ്റം.

സ്വാതന്ത്യ്രത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ദളിതര്‍ സമൂഹത്തിന്റെ അടിത്തട്ടിലാണെന്ന യാഥാര്‍ഥ്യം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയ രോഹിത് വെമുലയുടെ ഓർമ്മ ദിനമാണ് ഇന്ന്. സവര്‍ണജാതിക്കാരും രാജ്യം മാറി മാറി ഭരിച്ചവരും ഭരിക്കുന്നവരും അടിച്ചേല്‍പ്പിച്ച അടിമത്വത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയേണ്ടതുണ്ട്. ജനകീയ പോരട്ടശക്തികളുടെ എല്ലാ അസ്ത്രമുനകളും സമാഹരിച്ചുകൊണ്ട് ഈ ജാതീയമായ ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ പിന്നോക്കാവസ്ഥയില്‍നിന്ന് മോചനംനേടാനുള്ള സമരങ്ങളുടെ വേലിയേറ്റങ്ങൾ തീർക്കുക എന്നതാണ് രോഹിതിന് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി.