Mon. Nov 23rd, 2026

ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ അന്തിമവാദം തുടങ്ങി. രാജ്യത്തെ ഒന്നടങ്കം നിരീക്ഷണ വലയത്തിലാക്കുന്ന ഇലക്‌ട്രോണിക് വലയാണ് ആധാര്‍ കാര്‍ഡെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം കന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരാണ് ബെഞ്ചിലുള്ളത്. തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ആധാര്‍ സുരക്ഷിതമാണോ ആധാര്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങളും അഞ്ചംഗ ബെഞ്ച് ചോദിച്ചു.

ആധാര്‍ കാര്‍ഡ് സാധാരണക്കാരന്റെ പൗരാവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. ആധാര്‍ ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നതും പൗരാവകാശത്തെ ഹനിക്കുന്നതുമാണ്. ജനങ്ങളുടെ ഭരണഘടന എന്നത് മാറി അധികാര കേന്ദ്രത്തിന്റെ ഭരണഘടന എന്നതിലേക്ക് മാറാനും ഏകാധിപത്യത്തിലേക്ക് ഭരണം മാറാനും ആധാര്‍ വഴിയൊരുക്കുമെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.