Tue. Apr 23rd, 2024

ഓൺ ലൈൻ ബിരുദങ്ങൾക്ക് അംഗീകാരം നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ [യു. ജി സി] ഒരുങ്ങുന്നു. എൻജിനീയറിങ്, മെഡിസിൻ എന്നിവ ഒഴിച്ചുള്ള വിഷയങ്ങളിൽ ഓൺ ലൈൻ വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾ നടത്തുന്ന ഇത്തരം കോഴ്‌സുകൾക്കും അംഗീകാരം നൽകാനാണ് നീക്കം. ഇന്ത്യയിലെ 15 ശതമാനം യുണിവേഴ്സിറ്റികൾക്ക് ഇത്തരം കോഴ്‌സുകൾ നടത്താൻ അനുമതി നൽകാനും പദ്ധതിയുണ്ടെന്ന് മിന്റ് എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഡിഗ്രി, പി ജി തലത്തിലുള്ള കോഴ്‌സുകൾ ആരംഭിക്കാനാണ് അനുമതി നൽകുക. ഇതിനുള്ള ചട്ടങ്ങൾ ഒരു മാസത്തിനുള്ളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് യു ജി സി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ഓൺ ലൈൻ ബിരുദങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത്. നിലവിൽ, ചില സ്വകാര്യ സ്ഥാപനങ്ങൾ ഓൺ ലൈൻ ബിരുദങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഇതിന് യു. ജി സിയോ, സർക്കാരുകളോ അംഗീകാരം നൽകിയിരുന്നില്ല.

ആദ്യ ഘട്ടത്തിൽ നാക്കിന്റെ എ + അംഗീകാരമുള്ള യുണിവേഴ്സിറ്റികൾക്കാണ് ഓൺ ലൈൻ കോഴ്‌സുകൾ തുടങ്ങാൻ അനുമതി നൽകുക. മറ്റു യൂണിവേഴ്സിറ്റികൾ രണ്ടു വർഷത്തിനുള്ളിൽ ഈ അംഗീകാരം നേടിയാൽ അനുമതി ലഭ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കേവൽ കുമാർ ശർമ്മ പറഞ്ഞു.