Fri. Mar 29th, 2024

ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാദവ് ഭീകരവാദി തന്നെയെന്നും, ജാദവ് ഇക്കാര്യം സമ്മതിച്ചെന്നും പാക്ക് വിദേശകാര്യമന്ത്രാലയം.

ജാദവ് പാക്കിസ്ഥാനിലെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ ജാദവ് ബലൂചിസ്താനില്‍ നിരവധി പേരുടെ കൊലയ്ക്ക് കാരണമായെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം നീണ്ട 22 മാസങ്ങള്‍ക്ക് ശേഷമാണ് കുടുംബം കുല്‍ഭൂഷണിനെ കണ്ടത്. കനത്ത സുരക്ഷയുടെ നടുവില്‍ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഓഫീസിലായിരുന്നു കൂടിക്കാഴ്ച.അരമണിക്കൂറോളമാണ് കുല്‍ഭൂഷണുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് കൂടിക്കാഴ്ച അനുവദിച്ചതെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കുടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക്ക് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി.

കുടുംബത്തെ കാണാന്‍ അനുവദിച്ചതിന് കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാന് നന്ദി അറിയിച്ചു.തന്റെ ആഗ്രഹപ്രകാരമാണ് കുടുംബത്തെ കാണാന്‍ അനുവദിച്ചത്. അവസരമൊരുക്കിയ പാക്കിസ്ഥാനോട് നന്ദിയുണ്ടെന്നും കുല്‍ ഭൂഷണ്‍ അറിയിച്ചു.

കുല്‍ഭൂഷണ്‍ ജാദവുമായി അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും ആണ് ഇന്ന് കൂടികാഴ്ച നടത്തിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷണറും പാക് നയതന്ത്ര ഉദ്യോഗസ്ഥനും കുടുംബത്തെ സ്വീകരിക്കാന്‍ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിയിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിനെ കുടുംബം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.കൂടിക്കാഴ്ച നടക്കുന്ന ഇസ്‌ലാമാബാദിലെ വിദേശ കാര്യ ഓഫിസിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.