ഭാര്യയുടെ കണ്ണുവെട്ടിച്ച് കാമുകിയുമായി കേരളത്തിൽ അടിച്ചു പൊളിക്കാനുള്ള മോഹത്തിനൊപ്പം കവർച്ചയും അയാൾ കണ്ണുവച്ചിരുന്നു. ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങിയപ്പോൾ പശ്ചിമ ബംഗാൾ ഹൂഗ്ളി സ്വദേശി സുഭാശുവിന്റെ കുടുംബജീവിതം കട്ടപ്പുകയായി.
ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ആർക്കിടെക്ട് ശങ്കറിന്റെ പൂജപ്പുര മുടവൻമുകളിലെ വീട്ടിൽ നിന്ന് പണവും വിലപിടിപ്പുള്ള വെള്ളി പാത്രങ്ങളും കവർച്ച ചെയ്ത കേസിൽ സുഭാശു മണ്ഡൽ ( 52), ഇയാളുടെ കാമുകി മമാനി സർക്കാർ (38) എന്നിവരെ പൂജപ്പുര പൊലീസ് പിടികൂടിയതോടെയാണ് കവർച്ചയ്ക്കൊപ്പം വർഷങ്ങൾ നീണ്ട പ്രണയവും മാസങ്ങളായുള്ള ഒളിവാസവും വെളിച്ചത്തായത്. തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകിയ്ക്കൊപ്പം കേരളത്തിൽ പൊറുതിയായ സുഭാശുവിനോട് പൊറുക്കാൻ തയ്യാറല്ലെന്ന് അറിയിച്ച ഭാര്യ അനിതാ മണ്ഡൽ അയാളുടെ കാമുകിയായ മമാനി സർക്കാരിനെ പൊലീസിന് കാട്ടികൊടുത്ത് പ്രതികാരം തീർത്തു. അതോടെ കേരളത്തിൽ സുഖവാസം മോഹിച്ച സുഭാശുവിന് കാമുകിയ്ക്കൊപ്പം ജയിൽവാസത്തിനായി യോഗം.
കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ പലവിധ ജോലികൾ ചെയ്ത് കഴിഞ്ഞുവരികയായിരുന്നു സുഭാശു. വല്ലപ്പോഴും നാട്ടിൽ പോയി ഭാര്യയെയും മക്കളെയും കണ്ട് മടങ്ങിവന്നിരുന്ന ഇയാൾ ഏതാനും മാസം മുമ്പാണ് തൊഴിൽതേടി ആർക്കിടെക്റ്റ് ശങ്കറിന്റെ ഫാമിലെത്തിയത്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് മലയാളം സംസാരിക്കാനുള്ള കഴിവും പക്വതയും ജോലിയിലുള്ള താൽപ്പര്യവും കണക്കിലെടുത്ത് ഫാമിൽ ജോലിക്കാരനാക്കി.
ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ നാട്ടിൽ നിന്നും ഭാര്യ വരുന്നുണ്ടെന്നും അവർക്ക് കൂടി ജോലി നൽകണമെന്നും സുഭാശു അപേക്ഷിച്ചു. ദിവസങ്ങൾക്കകം നാട്ടിലെത്തിയ മമാനി സർക്കാരിനെ തന്റെ ഭാര്യ അനിതാ മണ്ഡലെന്ന വ്യാജേന പരിചയപ്പെടുത്തിയ സുഭാശു അവളുടെ തിരിച്ചറിയൽ രേഖകളും ബാഗും കവർച്ചചെയ്യപ്പെട്ടെന്നും അറിയിച്ചു. സുഭാശു പറഞ്ഞതു വിശ്വസിച്ച് മമാനിയേയും ജോലിക്ക് നിയോഗിച്ചു. ദമ്പതികളായതിനാൽ സഹജീവനക്കാരും ഇവരോട് ആ മമത കാട്ടിയിരുന്നു. നാട്ടിലെ ബന്ധുക്കളെ വിളിക്കാൻ ഫോണില്ലാതെ വിഷമിച്ച മമാനിയ്ക്ക് ഫാമിലെ ഒരു ജീവനക്കാരൻ തന്റെ പഴയ ഫോൺ സമ്മാനിച്ചു. ഫാമിലെ സന്തോഷകരമായ ജീവിതത്തിനിടെ രണ്ട് മാസം മുമ്പൊരുനാൾ സുഭാശുവിന്റെ മനസിലുടലെടുത്ത അശുഭ ചിന്തയാണ് കളവ് കേസിൽ പ്രതിയാകാനും ഇപ്പോഴത്തെ ദുരിതങ്ങളിലേക്കും അയാളെ നയിച്ചത്.
ആർക്കിടെക്റ്റ് ശങ്കറിന്റെ മുടവൻ മുകളിലെ വീട്ടിൽ നിന്ന് കൊണ്ടുവന്ന അമൂല്യമായ പുരാതന പാത്രങ്ങളുടെ പളപളപ്പിൽ മതിമറന്നാണ് സുഭാശുമണ്ഡൽ ഇവ കവർച്ച ചെയ്യാൻ തീരുമാനിച്ചത്. പുരാതന പിത്തള വെള്ളി പാത്രങ്ങളിൽ പലതും വിലപിടിപ്പുള്ളവയായതിനാൽ ഇവ കവർച്ച ചെയ്ത് നാടുവിടാൻ മാമനി സർക്കാരുമായി ചേർന്ന് ഇയാൾ തീരുമാനിച്ചു. ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസം. ഫാമിലെ ജീവനക്കാർ പലരും ഓണാഘോഷത്തിരക്കിൽ. ആ തക്കം നോക്കി പാത്രങ്ങളുമായി ഫാം ഹൗസ് വിട്ട സുഭാശു അവ തുണിയിലും ചാക്കിലും മറ്റും പൊതിഞ്ഞ് ട്രെയിൻമാർഗം നാട്ടിലേക്ക് കടന്നു.
ഫാമിൽ നിന്ന് സുഭാശുവിനെ കാണാതായ സംഭവത്തിൽ ശങ്കർ പൂജപ്പുര പൊലീസിൽ പരാതി നൽകി. പൊലീസ് റെയിൽ അലർട്ട് മുഖാന്തിരം ഫോട്ടോയും മറ്റും പ്രചരിപ്പിച്ച് അന്വേഷണം തുടർന്നു. സുഭാശുവിനെ കാണാതായതിൽ ദു:ഖം നടിച്ച് കഴിഞ്ഞ മമാനി ഇതിനിടെ നാട്ടിൽപോകണമെന്ന് ശഠിച്ചു. ചെന്നൈയിൽ നിന്നുള്ള ട്രെയിനും ചെന്നൈവരെയുള്ള ബസിനും ടിക്കറ്റ് റിസർവ്വ് ചെയ്ത് മമാനിയെ യാത്രയാക്കാനിരിക്കെ ഫാമിലെ ജീവനക്കാരുടെ ഓണം ബോണസുമായി അവർ മുങ്ങിയതോടെയാണ് സുഭാശുവും മമാനിയും ചേർന്നുള്ള നാടകമായിരുന്നു ഇതെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടത്.
ഇതോടെ സൈബർ സെൽ സഹായത്തോടെ ഇവർക്കായി തെരച്ചിൽ നടത്താൻ പൊലീസ് തീരുമാനിച്ചു. സുഭാശുവിന്റെ തിരിച്ചറിയൽ കാർഡിലെ വിലാസം അനുസരിച്ച് പശ്ചിമ ബംഗാളിലേക്ക് തിരിച്ച പൊലീസിന് സ്ഥലം കണ്ടെത്താനായെങ്കിലും മേൽവിലാസം പിടികിട്ടിയില്ല. വർഷങ്ങൾക്ക് മുമ്പ് ചേരിയായിരുന്നപ്പോൾ തരപ്പെടുത്തിയ തിരിച്ചറിയൽ കാർഡായിരുന്നു അത്. ചേരി നീക്കം ചെയ്തതോടെ അവിടെ താമസിച്ചിരുന്നവർ പലവഴിക്കായി.
മമാനിയുടെ ഫോൺ നമ്പർ നിരീക്ഷിച്ചിരുന്ന പൊലീസിന് ഇതിനിടെ ഇതിലേക്ക് വന്ന ചില കോളുകൾ പരിശോധിച്ചു. ഫോണിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞ പൊലീസ് ഹൂഗ്ലിയിലെത്തി. കോട്ടയം സ്വദേശിയായ ഒരു മലയാളിയുടെ ടീഷോപ്പിൽ സുഭാശുവിന്റെ ഫോട്ടോ കാണിച്ചു. സമീപത്തെ പച്ചക്കറികടയിൽ ജോലിനോക്കുന്ന സുഭാശുവാണ് അതെന്ന് കടയിലെത്തിയ റിക്ഷക്കാരൻ തിരിച്ചറിഞ്ഞതോടെ സുഭാശു പൊലീസിന്റെ വലയിലായി.
കവർച്ചയിൽ പങ്കാളിയായ അനിതാ മണ്ഡൽ സുഭാശുവിന്റെ ഭാര്യയാണെന്ന് നാട്ടുകാരും വെളിപ്പെടുത്തിയതോടെ അവരെ പിടികൂടാൻ ഹൂഗ്ളി കിയോട്ട ഗവൺമെന്റ് കോളനിയിലെത്തി. ഭാര്യയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോൾ കാര്യമറിയാതെ അവർ അന്തം വിട്ടു. ഉണ്ടായ സംഭവങ്ങൾ അവരെ ധരിപ്പിച്ച പൊലീസ് വാട്ട്സ് ആപ്പിലുണ്ടായിരുന്ന ഫോട്ടോ കാണിച്ചുകൊടുത്തപ്പോഴാണ് കഥയാകെ മാറിയത്.
സുഭാശുവിന്റെ യഥാർത്ഥ ഭാര്യ അനിതാ മണ്ഡൽ താനാണെന്നും ഫോട്ടോയിലുള്ളത് സമീപവാസിയായ മമാനി സർക്കാരാണെന്നും വെളിപ്പെടുത്തിയ അനിത പൊലീസ് കസ്റ്റഡിയിലായ സുഭാശുവിന് മുന്നിൽ ഉറഞ്ഞുതുള്ളി. തന്നെയും മക്കളെയും വഞ്ചിച്ച് കാമുകിക്കൊപ്പം സുഖിച്ച് രമിക്കാൻപോയ തന്നെ ദൈവം കുടുക്കിയതാണെന്നും നിന്നെ എനിക്ക് ഇനി വേണ്ടെന്നും വിളിച്ചുപറഞ്ഞ അവർ കോപം കൊണ്ട് ജ്വലിച്ചു. സുഭാശുവിന്റെ പ്രണയലീലകളെല്ലാം നാട്ടുകാർ കേൾക്കെ പൊലീസിനോട് വിവരിച്ച അനിത മണ്ഡൽ പൊലീസിനൊപ്പം മമാനിയുടെ വീട്ടിലെത്തി അവളെ കാട്ടികൊടുത്ത് വണ്ടിയിൽ കയറ്റുന്നത് കണ്ടിട്ടാണ് മടങ്ങിയത്.

