കേരള ദലിത് പാന്തേഴ്സ് പ്രവർത്തകൻ അജിത്ത് മാന്തുകയുടെ വിവാഹമാണ് ബുദ്ധമതാചാര പ്രകാരം നടത്തിയത്. കുളനട സ്വാദേശികളായ മായയും അജിത്തുമാണ് ബുദ്ധമതാചാര പ്രകാരം വിവാഹിതരായത്. കുടകിൽ നിന്ന് എത്തിയ ബുദ്ധ മത സന്യാസിമാരാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
പാലി ഭാഷയിലായിരുന്നു പ്രാർത്ഥനകൾ. ബുദ്ധമത ആചാരങ്ങൾ പിന്തുടരുന്ന പാലി അറിയാവുന്നവർ പത്തനംതിട്ടയിൽ ഉണ്ട്. അവർ പ്രാർത്ഥനകൾ ഏറ്റു ചൊല്ലി. ബുദ്ധൻറെ അഷ്ട്ടാങ്ക മാർഗ്ഗത്ത സൂചിപ്പിക്കുന്ന എട്ട് ആര കാലുകൾ ഉള്ള ധർമ്മ ചക്രമാണ് താലിക്ക് പകരമായി ചാർത്തിയത്. വിവാഹ ശേഷം ബുദ്ധമത ആചാര പ്രകാരമുള്ള പ്രതിജ്ഞ എടുത്തു. സാധാരണ വിവാഹങ്ങളിൽ കാണുന്ന വാദ്യമേളങ്ങൾ ഉണ്ടായിരുന്നില്ല. നിശ്ശബ്ദമായിരുന്നു വിവാഹ ചടങ്ങുകൾ.
ബ്രാഹ്മണിസത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും പിന്തുടരുന്നിടത്തോളം ജാതിയും അയിത്തവുമെല്ലാം നില നിൽക്കുമെന്നും അതുകൊണ്ട് ആദ്യം വലിച്ചെറിയേണ്ടത് ബ്രാഹ്മണന്റെ വൃത്തികെട്ട ആചാരാനുഷ്ടാനങ്ങൾ ആണെന്നുമുള്ള തിരിച്ചറിവ് അജിത്ത് സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കുകയായിരുന്നു തന്റെ വിവാഹത്തിലൂടെ ചെയ്തത്. വിവാഹ ചടങ്ങുകൾ ക്ഷണിക്കപ്പെട്ടവർക്കും കൗതുകമായി. ബുദ്ധമത ആചാരപ്രകാരം മാത്രമേ വിവാഹം കഴിക്കൂ എന്ന അജിത്തിന്റെ നിർദ്ദേശം പെണ്ണിന്റെ വീട്ടുകാർ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ആഴചയായിരുന്നു ഇവരുടെ വിവാഹം
കേരളത്തിന്റെ സാംസ്കാരിക ഘടനക്കു വ്യത്യാസം വരുത്തുകയും സാമൂഹികജീവിതത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുകയും ചെയ്ത ബുദ്ധമതം രാജ്യത്ത് വീണ്ടും പുനരുജ്ജീവിച്ചുകൊണ്ടിരിക്കുമ്പോൾ കേരളത്തിലും അതിന്റെ അനുരണങ്ങൾ അടയാളപ്പെടുത്തുന്നതാണ് പത്തനം തിട്ടയിലെ ഈ വിവാഹം എന്ന കാര്യത്തിൽ സംശയം ഇല്ല. ഇതിനു മുൻപും പത്തനം തിട്ടയിൽ ദളിത് പാന്തേഴ്സ് പ്രവർത്തകർ ബുദ്ധമത ആചാര പ്രകാരം വിവാഹിതരായിട്ടുണ്ട്.

