Thu. Apr 25th, 2024

കൊച്ചി മെട്രോയുടെ ഉദ്ഘാട ദിവസം മുതല്‍ മെട്രോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാക്കാണ് കുമ്മന്‍. പ്രതിപക്ഷനേതാവിനു പോലും പ്രവേശിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെട്രോയില്‍ യാത്ര ചെയ്തതിന് സോഷ്യല്‍മീഡിയ ചാര്‍ത്തി നല്‍കിയ വിശേഷണമാണ് കുമ്മനത്തിന്റെ കുമ്മനടി എന്നത്.

പിന്നീട് വിളിക്കാതെ പ്രവേശിക്കുന്ന എല്ലാ സംഭവങ്ങളും കുമ്മനടി എന്ന് അറിയപ്പെടുകയും മലയാള ഭാഷയ്യ്ക്ക് തന്നെ അതൊരു മുതൽകൂട്ടാവുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേരാണ് കുമ്മനാന എന്നത്.

കൊച്ചി മെട്രോയുടെ ലോഗോയിലുള്ള ആനക്കുട്ടന് അധികൃതര്‍ പേരുകള്‍ ക്ഷണിച്ചപ്പോള്‍ ലിജോ വര്‍ഗീസ് എന്നയാള്‍ കമന്റു ചെയ്ത കുമ്മനാന എന്ന പേര് ജനപ്രിയമാവുകയും കെഎംആര്‍എലിന്റെ നിബന്ധനപ്രകാരം ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുകയുമായിരുന്നു.

എന്നാല്‍ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പേരുകള്‍ സ്വീകാര്യമല്ല എന്ന് അറിയിപ്പില്‍ തിരുത്ത് വരുത്തികൊണ്ട് കെഎംആര്‍എല്‍ തടിയൂരുകയാണുണ്ടായത്. പിന്നീട് കെഎംആര്‍എല്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പ്രത്യേക കാമ്പയിന്‍ വരെ നടക്കുകയും ചെയ്തു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരിക്കുന്നു.അതിങ്ങനെ, ’തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്, എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.’

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് പേരിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് കുമ്മനത്തിന്റെ തകര്‍പ്പന്‍ മറുപടി.