ഏറെ കോളിളക്കം സൃഷ്ടിച്ച നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണത്തിന്റെ ആവശ്യമേ ഉള്ളൂവെന്നായിരുന്നു സിബിഐയുടെ നിലപാട്.
അതേസമയം, കേസ് ഏറ്റെടുക്കാതെ സിബിഐ അഞ്ചുമാസത്തോളം പാഴാക്കിയെന്ന് കോടതി വിമര്‍ശിച്ചു. ഇത്രയും കാലതാമസം കേസിലെ പ്രധാന തെളിവുകള്‍ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്‍ സിബിഐ ഉടന്‍ ഏറ്റെടുക്കേണ്ട താണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം പ്രതിയായ നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേലിനു ജാമ്യം നല്‍കിയതു ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയും സിബിഐ അന്വേഷണം വേണമെന്ന ജിഷ്ണുവിന്റെ അമ്മ കെ.പി. മഹിജയുടെ അപേക്ഷയുമാണു കോടതി പരിഗണിച്ചത്.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിഷയത്തില്‍ കോടതി കേന്ദ്രത്തിന്റെ അഭിപ്രായവും തേടി. പിന്നാലെയാണ് കേസ് ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചത്.
അതേ സമയം, സിബിഐ അന്വേഷണമെന്ന ആവശ്യം നിരസിച്ചു ജോയിന്റ് ഡയറക്ടര്‍ കത്തെഴുതിയതു ശരിയായില്ലെന്നു സംസ്ഥാനം വാദിച്ചു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടത്തിലും ആദ്യഘട്ട പൊലീസ് അന്വേഷണത്തിലും അപാകതകളുണ്ടെന്നാണ് ആരോപണം.
സിബിഐ അന്വേഷണത്തിന് അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന്‍ അശോകനും പ്രതികരിച്ചു. സുപ്രീം കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നു പറഞ്ഞ മഹിജ, ഒപ്പം നിന്ന ആളുകള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി അറിയിച്ചു. പാമ്പാടി നെഹ്‌റു കോളജ് എന്‍ജിനീയറിങ് വിദ്യാര്‍ഥി ആയിരുന്ന ജിഷ്ണുവിനെ 2016 ജനുവരി ആറിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജൂണിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


