Monday, July 26, 2021

Latest Posts

വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് നേരെ  പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍ , വാഹനം തടഞ്ഞു

ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മരണസംഖ്യ 28 ആയി,രക്ഷാപ്രവര്‍ത്തനം തുടരുന്നു; വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം , വാഹനം തടഞ്ഞു

ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച വിഴിഞ്ഞം, പൂന്തുറ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍. മൂന്ന് മിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി.

റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും, ജില്ലാ കളക്ടര്‍ കെ വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ടായിരുന്നു.കനത്ത പൊലീസ് വലയത്തിലാണ് മുഖ്യമന്ത്രി അവിടെ നിന്നും മടങ്ങിയത്. പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന് ഒരുക്കിയിരുന്നത്.

അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമാണ്. ഇനിയും വേണ്ടത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ 28 ആയി ഉയര്‍ന്നു. 13 പേരുടെ മൃതദേഹങ്ങളാണ് ഇന്നുമാത്രം കണ്ടെടുത്തത്. ഇനിയും 85 പേരെ കൂടി രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കോസ്റ്റ് ഗാര്‍ഡും നാവിക സേനയുമടക്കം പുറങ്കടലില്‍ തിരച്ചില്‍ നടത്തിവരികയാണ്.

മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ പല മൃതദേഹങ്ങളും അഴുകിയ നിലയിലാണ്. അതുകൊണ്ട് മരിച്ച പലരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.സംസ്ഥാനത്തെ കാറ്റിനും മഴയ്ക്കും ശമനമുണ്ടെങ്കിലും ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത മാറ്റമില്ലാതെ തുടരുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.അതേസമയം രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാരോപിച്ച് പലയിടത്തും ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.