Mon. Nov 23rd, 2026

തെക്കന്‍ കേരളത്തില്‍ ആഞ്ഞു വീശിയ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയിലും കടല്‍ക്ഷോഭം. കൊച്ചി ചെല്ലാനത്ത് പല ഭാഗങ്ങളിലും കടല്‍ കരയിലേക്ക് കയറി. കടല്‍ ക്ഷോഭത്തില്‍ അറുപതിലധികകം വീടുകള്‍ വെള്ളത്തിനടിയിലായി. നാലു വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു. സമീപത്തെ സ്്കൂളുകളിലാണ് ഇവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പ്രദേശത്തേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ്.

കൊച്ചിയില്‍ നിന്ന് പോയ 213 ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. രണ്ടായിരത്തിലധികം പേരെയാണ് കാണാതായത്. ഇവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ പറഞ്ഞു. അതേ സമയം, ഗുജറാത്ത് മേഖലയിലാണ് ഇവര്‍ ഉള്ളതെന്നാണ് അറിയുന്നത്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് അവര്‍ക്ക് വിവരം നല്‍കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

അതേസമയം, പൂന്തുറയില്‍ നിന്നു കാണാതായവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയാണ്. ഇവിടെനിന്നും പോയ മല്‍സ്യത്തൊഴിലാളികളില്‍ ചിലര്‍ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയത്.

തമിഴ്‌നാട്ടിലെത്തിയ ഇവര്‍ കരമാര്‍ഗം നാട്ടിലേക്കെത്തുകയായിരുന്നു.അഞ്ചുപേരാണ് വിഴിഞ്ഞത്ത് രാവിലെ തിരിച്ചെത്തിയത്. കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അവര്‍ പറഞ്ഞു. കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായും അവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കടലില്‍ പോയ 200-ലേറെ  മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല. തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ കാണാതായത്. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിലാണ് ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്.

വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ തിരച്ചില്‍ രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡും തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.

പലരേയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്. അതിനാല്‍ തങ്ങളേക്കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂന്തുറയില്‍ കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്.