Wednesday, July 28, 2021

Latest Posts

കടലില്‍ പോയ 250 ലേറെ മത്സ്യത്തൊഴിലാളിക തിരിച്ചെത്താത്തതില്‍ ആശങ്ക; പൂന്തുറയില്‍ സംഘര്‍ഷം

ഓഖി ചുഴലിക്കാറ്റിന്റെ ആഘാതം സംബന്ധിച്ച് ഇനിയും കേരളത്തിന് വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഇന്നലെ മത്സ്യബന്ധനത്തിന് പോയ 250 ലേറെ മത്സ്യത്തൊഴിലാളികളു ടെ വിവരം ലഭിക്കത്തതിനാല്‍ ഓഖിയുടെ ആഘാതം എത്ര വലുതാണെന്ന് പറയാനാകില്ലെന്നാണ് ഔദ്യോഗിക വിവരം. അതേസമയം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റിനെ കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയിലാണ്. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിലാണ് ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. കന്നാസിലും മറ്റും പിടിച്ച് കടലില്‍ പലരും പൊങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു.

കടലില്‍ ഭീകരാന്തരീക്ഷമാണെന്ന് രക്ഷപ്പെട്ട മുത്തപ്പന്‍, ശെല്‍വന്‍ എന്നിവര്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും, കന്യാകുമാരിയില്‍ നിന്നുള്ള ബോട്ടുകാരാണ് തന്നെ കൊല്ലം തീരത്തെത്തിച്ചതെന്ന് ശെല്‍വന്‍ പറഞ്ഞു. കനത്ത കാറ്റും മഴയുമാണ്, മറ്റുള്ളവരേക്കുറിച്ച് ഒന്നുമറിയില്ലെന്നും ശെല്‍വന്‍ പറഞ്ഞു.

ഇന്നലെ രാവിലെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് പിന്നീട് 11 മണിയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് പലയിടത്തും കടലില്‍ ആനക്കാല്‍ പ്രതിഭാസം ഉണ്ടായതിനെയും ഓഖി ചുഴലിക്കാറ്റിനെയും ബന്ധിപ്പിച്ചാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയുണ്ടായതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇതുവരെ വിഴിഞ്ഞത്ത് നിന്ന് പോയ ആറ് മത്സ്യ ബന്ധന ബോട്ടുകളെ കുറിച്ചും നൂറോളം മത്സ്യബന്ധന വള്ളങ്ങളെ കുറിച്ചുമാണ് വിവരം ലഭിക്കാത്തത്. ബോട്ടുകളിലും വള്ളങ്ങളിലുമായി ഏതാണ്ട് 250 ലേറെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയതായാണ് അനുമാനം.

എന്നാല്‍ കാറ്റടിച്ച ശേഷം ഇവരെ പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് 18-ഉം തമിഴ്നാട്ടില്‍ നിന്നും ഒരു ബോട്ടും കാണാതായതായി നാവിക സേന അറിയിച്ചു. വേളി സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപം ബോട്ട് കരക്കടിഞ്ഞു. ഇതിലുണ്ടായിരുന്നവരേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററും ഡോണിയര്‍ വിമാനവും മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കുമായി തിരച്ചില്‍ നടത്തുന്നുണ്ട്. വ്യോമസേനയുടെ നാല് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. എന്നാല്‍ ശക്തമായി വീശുന്ന കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദം ശക്തമായപ്പോള്‍ ഇത് ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനത്തെ തെറ്റിച്ച് കൊണ്ട് കാറ്റ് കേരള തീരത്തേക്ക് വീശി. കാറ്റ് കരയിലേക്ക് കടക്കാതിരുന്നത് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയില്ല എന്ന ആശ്വാസമാണ് ഉള്ളത്. എന്നാല്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരം ലഭിക്കാതെ നാശനഷ്ടത്തിന്റെ തീവ്രത അറിയാനാവില്ല.

കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായി വിഴിഞ്ഞത്ത് തിരിച്ചെത്തിയവര്‍ പറഞ്ഞു. അഞ്ചുപേരാണ് വിഴിഞ്ഞത്ത് രാവിലെ തിരിച്ചെത്തിയത്. കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും അവര്‍ പറഞ്ഞു. പലരേയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്.

അതിനാല്‍ തങ്ങളേക്കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂന്തുറയില്‍ കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയതായി ആരോപണം വ്യാപകമാണ്. മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

ഇന്നലെ രാവിലെ 70 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. പതിയെ ശക്തി പ്രാപിച്ച കാറ്റ്, വൈകുന്നേരത്തോടെ 80 കിലോമീറ്ററിലേറെ ശക്തി പ്രാപിച്ചിരുന്നു. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിയ കാറ്റ് 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നാണ് ലഭിക്കുന്ന വിവരം.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.