Mon. Nov 23rd, 2026

അവയവമാറ്റ ശസ്ത്രക്രിയയുടെ നിരക്കുകൾ ഏകീകരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവർക്കും അവയവ ദാതാക്കൾക്കും ജനറിക് മരുന്നുകൾ വിലകുറച്ച് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ച് മൃതസഞ്ജീവനിയുടെ അഞ്ചാമത് വാർഷികവും മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വൻ ചിലവാണ് വേണ്ടിവരുന്നത്. ദാനം ചെയ്യുന്നവർക്കും സ്വീകരിക്കുന്നവർക്കും തുടർചികിത്സയ്ക്ക് വിലകൂടിയ മരുന്നുകൾ വേണം. സർക്കാർ ചില ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അത് തീർത്തും പര്യാപ്തമല്ല. പുതിയ ചില സഹായ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ജീവിച്ചിരിക്കുന്നവരുടെ അവയവമാറ്റത്തിനുള്ള നടപടികൾ ലഘൂകരിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കും. അവയവമാറ്റ കേന്ദ്രങ്ങളുടെ ഗുണനിലവാരവും പരിശോധിക്കും. അവയവമാറ്റം നടത്തിയവരുടെ ഡിജിറ്റൽ ഡാറ്റാ ബാങ്ക് തയ്യാറാക്കാനും ഉദ്ദേശിക്കുന്നു.

സാമ്പത്തികം മാത്രം മോഹിച്ചു കൊണ്ട് മതിയായ പരിശോധന ഇല്ലാതെയുള്ള അവയവദാനം ചിലപ്പോൾ കുഴപ്പങ്ങൾക്ക് കാരണമാവും. മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനത്തെ പ്രോത്സാഹിപ്പിക്കണം. ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കോട്ടയം മെഡിക്കൽ കോളേജിന് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കും.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലച്ചുപോയ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കും. ആരോഗ്യരംഗത്ത് ജനങ്ങളെ മുന്നിൽ കണ്ടുള്ള പദ്ധതികളാണ് നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.