Wednesday, May 25, 2022

Latest Posts

ഡോ. ബി ആര്‍ അംബേദ്‌കർക്കൊപ്പം ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ച മലയാളിയായ ദലിത് വനിത

READ IN ENGLISH: DAKSHAYANI VELAYUDHAN: THE ONLY DALIT WOMAN IN CONSTITUENT ASSEMBLY

ഭരണഘടനയില്‍ ബാബാസാഹിബ് ഡോ. ബി ആര്‍ അംബേദ്‌കർക്കൊപ്പം ഒപ്പു വെച്ചവരില്‍ കേരളത്തില്‍ നിന്നും ഒരു വ്യക്തിയുണ്ടെന്നും അത് വനിതയാണെന്നും – അത് ദലിത് വനിത യാണെന്നും അറിയുക, ഇന്ത്യ യിലെ ആദ്യത്തെ ഗ്രാജുവേറ്റ് ദലിത് വനിത.ദാക്ഷായണി ആര്‍ വേലായുധന്‍

ഡോ. ഹരികുമാർ വിജയലക്ഷ്മി 

ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന വനിതയുമാണ് ദാക്ഷായണി വേലായുധൻ 1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. കൊച്ചിയിൽനിന്ന് ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ പട്ടികജാതി പെൺകുട്ടിയായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നുമാണ് ബിരുദങ്ങൾ നേടിയത്. അദ്ധ്യാപികയായി ജോലിനോക്കവെ ആർ. വേലായുധനെ വിവാഹംകഴിച്ചു. 1945-ൽ അവർ കൊച്ചി നിയമസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ കോൺഗ്രസ് ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി. ചരിത്രകാരിയായ മീരാ വേലായുധൻ മകളാണ്.

ഭരണഘടനാ നിര്‍മ്മാണവേളയില്‍ അംബേഡ്കര്‍ക്ക് താങ്ങും തണലുമായിയിരുന്നത് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന കേരളത്തില്‍ നിന്നുള്ള ഒരു വനിതയാണ്. 26 – 11 – 1949 ല്‍ ഭരണഘടനാ ഡ്രാഫ്റ്റിംങ് കമ്മിറ്റി ചെയര്‍മാനായ ബാബാ സാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ക്കൊപ്പം ഭരണഘടന അംഗീകരിച്ചു പാസ്സാക്കിക്കൊണ്ട് ഒപ്പുവെച്ച മലയാളി വനിത.

അത് ശ്രീമതി പി കെ ദാക്ഷായണി ആയിരുന്നു. അവര്‍ ഒരു പുലയ വനിതയാണ്. കെ. കെ. മാധവൻ എം പി യുടെ മൂത്ത സഹോദരി. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. കെ ആര്‍ നാരായണന്റെ ഇളയച്ഛന്‍ ശ്രീ ആര്‍ വേലായുധന്റെ ഭാര്യ ദാക്ഷായണി ആര്‍ വേലായുധന്‍!

കൊച്ചി രാജ്യത്തിലെ അയിത്ത ജാതിക്കാരില്‍ നിന്നും ESLC പരീക്ഷ പാസ്സാകുന്ന പ്രഥമ വനിത. ഇന്ത്യയില്‍ തന്നെ അയിത്ത ജാതിക്കാരില്‍ നിന്നും ബിരുദം നേടുന്ന പ്രഥമ വനിത. 389 അംഗങ്ങളുണ്ടായിരുന്ന ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അയിത്ത ജാതിക്കാരിയായ ഏക വനിത. ബ്രിട്ടീഷുകാരാണ് അയിത്ത ജാതിക്കാര്‍ക്ക് ഏറെ വികസന സാധ്യത ഒരുക്കിയതെന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അവകാശ വാദത്തെ ‘അയിത്ത ജാതിക്കാരുടെ പുരോഗതിക്കായി ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഒരു നിയമമെങ്കിലും പാസ്സാക്കിയിട്ടുണ്ടോ’ എന്ന മറു ചോദ്യം കൊണ്ട് മഹാവാഗ്മിയായ ചര്‍ച്ചിലിന്റെ വായടപ്പിച്ച ഏക ഇന്ത്യന്‍ വനിത. അയിത്താചാരത്തിന്റേയും അനാചാരത്തിന്റേയും പേരില്‍ ഇന്ത്യന്‍ ഭരണ നിര്‍മ്മാണ സഭയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനോട് പലപ്പോഴും കടുത്ത വാഗ്വാദത്തില്‍ ഏര്‍പ്പെട്ട അയിത്ത ജാതി വനിത. അയിത്ത ജാതിക്കാരുടെ വിമോചനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറോടു പോലും പലപ്പോഴും കലഹിച്ചിട്ടുള്ള അയിത്ത ജാതി വനിത. ഇതെല്ലാം ദാക്ഷായണി ആര്‍ വേലായുധന്റെ പേരിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്.

ദാക്ഷായണി കോണ്‍ഗ്രസ് സഹയാത്രികയായിരുന്നു. ഗാന്ധിജി ഇവര്‍ക്ക് ആരാധ്യനും ആയിരുന്നു. ദാക്ഷായണിയുടേയും വേലായുധന്റേയും വിവാഹം ഗാന്ധിജിയുടെ കാര്‍മ്മികത്വത്തില്‍ വാര്‍ധ ആശ്രമത്തില്‍ വെച്ചാണ് നടന്നതും.

അയിത്താചരണത്തെ മതാചരണമായി സ്വീകരിച്ചിരുന്ന ഗാന്ധി വര്‍ണ വ്യവസ്ഥകള്‍ക്ക് പുറത്തായിരുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ഇന്ത്യന്‍ ആദിദേശീയ ജനതയുടെ സന്താന പരമ്പരകള്‍ക്കു മേല്‍ പതിപ്പിച്ച അയിത്തത്തിന്റെ സ്ഥിരീകരണ മുദ്രയായിരുന്നുൂ ‘ഹരിജന്‍’ വിളി. ആ വിളി ഒരേ സമയം സവര്‍ണരെ ആമോദിപ്പിക്കുകയും അവര്‍ണരെ ഭ്രമിപ്പിക്കുകയും ചെയ്തിരുന്നു. ‘ഗാന്ധിയന്‍ സീല്‍’ ആയ ‘ഹരിജന്‍’ പ്രയോഗം നവ തലമുറകള്‍ക്കുമേല്‍ പതിപ്പിച്ചിരിക്കുന്ന അവഹേളന മാണെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയില്‍ ആദ്യമായി അതിനെതിരേ പ്രതികരിച്ചത് ദാക്ഷായണിയാണ്. അതും ജനം ശ്രദ്ധിക്കത്തക്ക വിധത്തില്‍ ഒരു സംസ്ഥാനത്തെ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍…

എറണാകുളം ജില്ലയില്‍ മുളവുകാട് ഗ്രാമത്തിലെ കല്ലംമുറിയില്‍ കുഞ്ഞന്റേയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടേയും അഞ്ചുമക്കളില്‍ നാലാമത്തവളായി 1913 ജൂലൈ മാസം എട്ടാം തിയതി ആയിരുന്നു ദാക്ഷായണിയുടെ ജനനം. കൊച്ചി പുലയസഭാ സ്ഥാപകനും അതിന്റെ ആദ്യത്തെ പ്രസിഡന്റും ആയിരുന്ന കൃഷ്‌ണേതി ദാക്ഷായണിയുടെ പിതൃസഹോദരനായിരുന്നു. അക്കാലത്ത് പുലയര്‍ക്ക് കരയില്‍ യോഗം ചേരുവാന്‍ അനുവാദമില്ലായിരുന്നു. മനുഷ്യാവകാശ ബോധമുണ്ടായിരുന്ന ആത്മാഭിമാനികളായ പുലയര്‍ കൂട്ടിക്കെട്ടിയ വള്ളങ്ങളില്‍ കായലില്‍ യോഗം ചേര്‍ന്നു രൂപം കൊടുത്ത സംഘടനയാണ് കൊച്ചി പുലയ മഹാസഭ. ദാക്ഷായണിയുടെ ജനനത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് (21-4-1913) ആയിരുന്നു ഈ സംഘടനാ രൂപീകരണം.

മുളവുകാട് സെ. മേരീസ് എല്‍ പി സ്‌കൂളില്‍ നിന്നും പ്രൈമറി വിദ്യാഭ്യാസം നേടിയ ദാക്ഷായണി ചാത്യാത്ത് എല്‍ എം സി ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും ESLC പാസ്സായി. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി എ പരീക്ഷ ഒന്നാം ക്ലാസ്സിലും മദ്രാസ് സെ. ക്രിസ്റ്റഫര്‍ ട്രെയിനിംങ് കോളേജില്‍ നിന്നും LT പരീക്ഷയും പാസ്സായി. ഒരു അയിത്ത ജാതി സ്ത്രീ കരസ്ഥമാക്കിയ ചരിത്ര നേട്ടങ്ങളായിരുന്നു ഇതെല്ലാം. ഈ വിദ്യാഭ്യാസ യോഗ്യത സവിശേഷമായി പരിഗണിച്ച് ദാക്ഷായണിയെ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപികയായി നിയമിക്കുന്നു എന്ന് 1937 ലെ കൊച്ചിയുടെ രാജഭരണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപിക ആയിത്തീര്‍ന്ന ദാക്ഷായണി ‘പുലയ ടീച്ചര്‍’ അന്ന ആക്ഷേപത്തിന് ഏറെ ഇരയായിട്ടുണ്ട്.

തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ബോംബെ റ്റാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും സോഷ്യല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമയും നേടിയിട്ടുള്ള ഉഴവൂര്‍ സ്വദേശിയായ ആര്‍ വേലായുധന്‍ ഈ സമയത്ത് എറണാകുളത്ത് റ്റാറ്റാ ഓയില്‍ മില്ലില്‍ ലേബര്‍ വെല്‍ഫയര്‍ ഓഫീസറായി ജോലിനോക്കുന്നു ണ്ടായിരുന്നു. ദാക്ഷായണിയും വേലായുധനും തമ്മില്‍ പരിചയത്തിലായി. പരിചയം ക്രമേണ പ്രണയത്തിലേക്കു വളരുകയും പ്രണയം അവരെ വിവാഹത്തിലെത്തിക്കുകയും ചെയ്തു.

മികച്ച അധ്യാപികയായി പേരെടുത്ത ദാക്ഷായണിയുടെ വിദ്യാഭ്യാസ യോഗ്യതയും കഴിവും സാമര്‍ത്ഥ്യവും പരിഗണിച്ച് അവര്‍ 31-7-1945 ല്‍ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. അയിത്തജാതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ദാക്ഷായണിക്ക് ലഭിച്ച സുവര്‍ണ അവസരം ആയിരുന്നു അത്. നിയമസഭാംഗം എന്ന നിലയില്‍ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി 1946 ജൂലൈ 26 നു ദാക്ഷായണി ആര്‍ വേലായുധന്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസ് പ്രവിശ്യയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റിലാണ് ദാക്ഷായണി തെരഞ്ഞടുക്കപ്പെട്ടത്.

ഭരണഘടനാ നിര്‍മ്മാണ സഭയിലെ കന്നി പ്രസംഗത്തില്‍ തന്നെ ദാക്ഷായണി സഭാംഗങ്ങളുടെയെല്ലാം ശ്രദ്ധാ കേന്ദ്രമായി. സുന്ദരമായ ഇംഗ്ലീഷിലുള്ള, ദാക്ഷായണിയടെ പ്രസംഗം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പോലും ആദരം പിടിച്ചു പറ്റുന്നതായിരുന്നു.

1950 ജനുവരി 26 ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വ്ന്നു. അതോടെ ഭരണഘടന നിര്‍മ്മാണ സഭയും ഇല്ലാതായി. ആ സഭ അന്നു മുതല്‍ ഒരു പ്രൊവിഷണല്‍ പാര്‍ലമെന്റായി നിലനിന്നു. 1952 ലെ പൊതു തെരഞ്ഞെടുപ്പോടെ പുതിയ പാര്‍ലമെന്റ് ഉണ്ടായി. പ്രാവിഷണല്‍ പാര്‍ലമെന്റ് ഇല്ലാതാകുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന മാവേലിക്കര മണ്ഡലത്തില്‍ സംവരണ വിഭാഗത്തില്‍ മത്സരിച്ച ദാക്ഷായണിയുടെ ഭര്‍ത്താവ് ആര്‍ വേലായുധന്‍ വിജയിച്ചു പാര്‍ലമെന്റംഗമായി. വേലായുധന്‍ പരവന്‍ (ഭരതര്‍) സമുദായാംഗമാണ്. ഇന്ത്യയുടെ പ്രഥമ പാര്‍ലമെന്റിലെ ഏക പരവര്‍ സമുദായാംഗവും വേലായുധനായിരുന്നു.

ദാക്ഷായണിയും ഇന്ദിരാഗാന്ധിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കോണ്‍ഗ്രസിന്റെ മൊഹാലിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. സ്വന്തം വ്യക്തിത്വത്തേയും ആദര്‍ശത്തേയും അടിയറ വെക്കാന്‍ തയ്യാറല്ലാതിരുന്ന ദാക്ഷായണി ഇന്ദിരാഗാന്ധിയുമായി ആശയപരമായ സംഘട്ടനത്തില്‍ തെറ്റിപ്പിരിഞ്ഞു. ഇന്ദിര, ഇന്ദിരാ കോണ്‍ഗ്രസുകാരിയായും ദാക്ഷായണി സംഘടനാ കോണ്‍ഗ്രസു കാരിയുമായി പരസ്പരം മത്സരിക്കുന്ന രണ്ട് രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങളായി.

1971 ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ അടൂര്‍ സംവരണ മണ്ഡല ത്തില്‍ സംഘടനാ കോണ്‍ഗ്രസ് ടിക്കറ്റില്‍ ദാക്ഷായണി മത്സരിച്ചു. എങ്കിലും വിജയിക്കുവാന്‍ കഴിഞ്ഞില്ല. പിന്നീടൊരിക്കലും ദാക്ഷായണി ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല.

മദ്രാസ് സിറ്റി ഡിപ്രസ്ഡ് ക്ലാസസ് ലീഗ്, ഫൈന്‍ ആര്‍ട്‌സ് ലീഗ്, എന്നീ സംഘടനകളുടെ പ്രസിഡന്റാ യും ഗാന്ധി ഇറ പബ്ലിക്കേഷന്‍സ് ന്റെ ജനറല്‍ എഡിറ്ററായും ദാക്ഷായണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരണഘടനാ നിര്‍മ്മാണം പൂര്‍ത്തിയാക്കി സഭാ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം LIC യില്‍ ഒരു ഉദ്യോഗസ്ഥയായും ദാക്ഷായണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദാക്ഷായണി വേലായുധന്‍ ദമ്പതികള്‍ക്ക് മക്കള്‍ അഞ്ചാണ്. നാല് ആണും ഒരു പെണ്ണും. മൂത്തമകന്‍ ഒപ്പേ എന്നു വിളിപ്പേരുള്ള രഘുത്തമന്‍ ഇന്ദിരാ ഗാന്ധിയുടെ മെഡിക്കല്‍ ടീമില്‍ അംഗമായിരുന്നു. പ്രധാനമന്ത്രിയാ യിരിക്കെ ഡെല്‍ഹിയില്‍ സ്വന്തം അംഗരക്ഷകന്റെ തന്നെ വെടിയേറ്റ് ഔദ്യോഗിക വസതിക്കു മുന്നില്‍ വീണ ഇന്ദിരാ ഗാന്ധിക്ക് പ്രാധമിക ശുശ്രൂഷകള്‍ നല്‍കിയത് രഘുത്തമന്‍ ആണ്. പ്രഹ്ലാദന്‍ (IA&AS), ഭഗീരഥന്‍ (IFC), ധ്രുവന്‍ (ഹോട്ടല്‍ മാനേജ്‌മെന്റ്), ചരിത്രകാരിയായ മീരാ വേലായുധന്‍ എന്നിവരാണ് മറ്റ് മക്കള്‍.

ദാക്ഷായണിയുടെ ഭര്‍ത്താവ് ആര്‍ വേലായുധന്‍ 30-71974 ല്‍ അന്തരിച്ചു. ഡെല്‍ഹി ആര്‍ കെ പുരത്തുള്ള വസതിയില്‍ താമസിച്ചുവരവേ നാലുവര്‍ഷം കഴിഞ്ഞ് 20-7-1978 ല്‍ ദാക്ഷായണിയും അന്തരിച്ചു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.