സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് മറികടന്ന് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഷുഹൈബിനെ വധിച്ച കേസ് ഹൈക്കോടതി സി.ബി.ഐയ്ക്ക് കൈമാറി. കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കമാൽ പാഷയുടെ നടപടി. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. കേസ് ഡയറിയും കേസുമായി ബന്ധപ്പെട്ട മറ്റ് ഫയലുകളും ഉടൻ തന്നെ സി.ബി.ഐയ്ക്ക് കൈമാറാനും സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേസ് പരിഗണിച്ചപ്പോൾ കോടതി പറയുകയാണെങ്കിൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐയും അറിയിച്ചിരുന്നു.
കേസ് സി.ബി.ഐയ്ക്കു വിട്ടുകൊണ്ട് രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി സർക്കാരിന് നേരെ ഉയർത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തിന് നാണക്കേടാണ്. ഇതിന് പിന്നിൽ ആരാണെന്നത് എല്ലാവർക്കും അറിയാം. ഷുഹൈബ് വധക്കേസിൽ പ്രതികളെ കൈയിൽ കിട്ടിയിട്ടും ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസിനാവാത്തത് ദു:ഖകരമാണ്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും കേസിൽ നിയമവിരുദ്ധ പ്രവർത്തനം തടയുന്ന നിയമമായ യു.എ.പി.എ കേസിൽ ചുമത്താതിരുന്നത് സംശയമുളവാക്കുന്നു. രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിക്കണം. മുന്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കപ്പെടാറില്ല. ഇനി അത് സാദ്ധ്യമല്ല,
ഗൂഢാലോചന അന്വേഷിച്ചേ മതിയാവൂ. കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം മാത്രമല്ല ഉള്ളത്. മറയ്ക്ക് പിന്നിൽ ആളുണ്ടെന്ന് തന്നെ സംശയിക്കണമെന്നും ജഡ്ജി പറഞ്ഞു. പൊലീസിന്റെ അന്വേഷണം നിരാശാജനകമാണ്. അന്വേഷണ സംഘത്തിന്റെ കൈകൾ കെട്ടിയിടപ്പെട്ടോ എന്ന് തോന്നുന്നുവെന്നും കമാൽ പാഷ പറഞ്ഞു.
എന്നാൽ, സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർത്തു. സി.ബി.ഐ അന്വേഷണം സിംഗിൾ ബെഞ്ചിന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് സർക്കാർ വാദിച്ചു. കേസിൽ പ്രതിയായ ബിജുവും ഷുഹൈബും തമ്മിലുള്ള വ്യക്തിവിരോധമാണ് കൊലയിൽ കലാശിച്ചതെന്നും സർക്കാർ വ്യക്തമാക്കി. കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് പൊലീസ് നടത്തുന്നത്. പ്രതികളിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്ക്ക് പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടനെ തന്നെ അറസ്റ്റു ചെയ്യുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പക്ഷേ, സർക്കാരിന്റെ വാദം കോടതി തള്ളി. താൻ കേസ് പരിഗണിക്കാതിരിക്കാനാണോ സി.ബി.ഐ അന്വേഷണം തന്റെ പരിധിയിൽ വരില്ലെന്ന് സർക്കാർ പറയുന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള അധികാരം തനിക്കുണ്ടെന്നും പറഞ്ഞു. മുന്പു പല കേസുകളും താൻ സി.ബി.ഐയ്ക്കു കൈമാറിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള എതിർപ്പാണ് ഈ കേസിൽ സർക്കാർ ഉന്നയിക്കുന്നതെന്നും കമാൽ പാഷ പറഞ്ഞു.
ഷുഹൈബിനെ വാടകക്കൊലയാളികൾ വകവരുത്തുകയായിരുന്നെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. കേസ് അട്ടിമറിക്കാൻ ആദ്യം മുതൽ തന്നെ ശ്രമം നടക്കുകയാണ്. അതിനാൽ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.ഫെബ്രുവരി 12 ന് രാത്രിയാണ് ഷുഹൈബിനെ ഒരു സംഘം ആളുകൾ ബോംബെറിഞ്ഞതിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.