പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെട്ടുള്ള റിസൈന്‍ മോദി ഹാഷ്ടാഗ് പുനസ്ഥാപിച്ചെന്ന് ഫേസ്ബുക്ക്. ഹാഷ്ടാഗ് നീക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം വ്യാപകമായതിന് പിന്നാലെ ‘പ്രധാനമന്ത്രി രാജിവയ്ക്കൂ’ എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകള്‍ നീക്കിയിരുന്നു. ഇതിനെതിരെ വിമര്‍ശം ശക്തമായതോടെയാണ് ഫേസ്ബുക്ക് ഹാഷ്ടാഗ് പുനസ്ഥാപിച്ചത്.
കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഭരണകൂടം നടത്തുന്ന അപ്രഖ്യാപിത സോഷ്യൽമീഡിയ വിലക്കിനെതിരെ അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെ രംഗത്ത് വരികയും എഡിറ്റോറിയൽ എഴുതുകയും ചെയ്തിരുന്നു. കൊവിഡ് തീവ്രതയെക്കുറിച്ച് ചർച്ചചെയ്യുന്നത് ഇല്ലാതാക്കാൻ ഇന്ത്യ സമൂഹമാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്, ഇക്കാര്യത്തിൽ ഫേസ്ബുക്കും ട്വിറ്ററും ഉറച്ച നിലപാട് സ്വീകരിക്കണം, യുഎസ് ഇവരെ പിന്തുണയ്ക്കണം എന്നും വാഷിങ്ടൺ പോസ്റ്റ് എഡിറ്റോറിയലിലൂടെ പറഞ്ഞിരുന്നു.


