ഒ എന്‍ വി കുറുപ്പ് മലയാള ഭാഷയ്ക്ക് നികത്താൻ കഴിയാത്ത ഏറ്റവും വലിയ നഷ്ടം
ആറു പതിറ്റാണ്ട് മലയാളിയുടെ കാവ്യലോകത്തില്‍ ഒഎന്‍വി എന്ന കവി നിത്യ സാന്നിദ്ധ്യമാണ്. ഒഎന്‍വിയുടെ പാട്ടുമൂളാതെ ഒരു മലയാളി ജീവിതവും ഈ ആറു പതിറ്റാണ്ടിനിടെ കടന്നുപോയിട്ടുണ്ടാകില്ല. പ്രണയവും വിരഹവും വിഷാദവും വിപ്ലവവും ഒരു പോലെ ആ തൂലികയില്‍ നിന്നും ഒഴുകി. ഒഎന്‍വി യാത്ര അവസാനിപ്പിച്ചെങ്കിലും മലയാളമുള്ളടത്തോളം അദ്ദേഹത്തിന്റെ പാട്ടുകളും അനശ്വരമായി നിലനില്ക്കും.
മലയാള കാല്പനിക കവിതയുടെ ഏറ്റവും സര്‍ഗ്ഗാത്മകമായ വിപുലനവും തുടര്‍ച്ചയുമായിരുന്നു ഒഎന്‍വി വെട്ടിത്തെളിച്ച പാത. ഹൃദയത്തിന്റെ, അതിന്റെ ആനന്ദങ്ങളുടെയും വേദനകളുടെയും വിഷാദങ്ങളുടെയും പാട്ടുകാരനാണ് താനെന്ന് ഓരോ കവിതയിലും ഒഎന്‍വി ഓര്‍മ്മിപ്പിക്കുന്നു.ഒ എൻ വി നമ്മെ വിട്ടു പിരിഞ്ഞിട്ടു ഇന്ന് 5 വർഷം തികയുന്നു.
ഒഎന്‍വി എന്ന ചുരുക്കപേരിലറിയപ്പെടുന്ന ഒറ്റപ്ലാക്കന് നീലകണ്ഠന് വേലുക്കുറുപ്പ്. അദ്ദേഹം കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കന് കുടുംബത്തില്‍ ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മൂന്ന് മക്കളില്‍ ഇളയ മകനായി 1931 മെയ് 27-ാം തീയതി ജനിക്കുകയും 2016 ഫെബ്രുവരി 13-ാം തീയതി മരിക്കുകയും ചെയ്തു.
പാഥേയം
ഒ എന്‍ വി
വേര്പിരിയുവാന് മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!
മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!
മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന് ഭാണ്ടത്തില്‍ ഭദ്രമായ് സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്കി ഞാന്‍
ഒന്നതിന് ചൂടേറ്റു വാങ്ങി.
പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന് ജീവനെയും
ഒരു നാള് കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്ന്നെത്തുന്ന
മരണമേ!നീ മാറി നില്ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്റെ ജീവനുരുകട്ടെ!
അതിലെന്റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അദ്ദേഹം പിന്നീട് പല വേദികളിലും ചൊല്ലിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ആദ്യം ചൊല്ലിയപ്പോൾ സങ്കടംകൊണ്ട് വേദിയിൽ നിന്ന് വിതുമ്പിയ കവിത “ആരോട് യാത്ര പറയേണ്ടു ഞാൻ …….”
തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്നു റിട്ടയർ ചെയ്ത ദിവസം അദ്ദേഹത്തിന് വി ജെ ടി ഹാളിൽ വച്ച് നൽകിയ യാത്ര അയപ്പ് സമ്മേളനത്തിൽ ചൊല്ലാനായി എഴുതിയതെങ്കിലും അദ്ദേഹത്തിനവിടെ ചൊല്ലാൻ പറ്റാതെപോയ കവിത കേൾക്കൂ ആരോട് യാത്രപറയേണ്ടു ഞാൻ….
വർത്തമാനകാലത്തിലും പുനർ വായന അർഹിക്കുന്ന കൃഷണ പക്ഷത്തിലെ പാട്ട്.




