From, മനുജ മൈത്രി
പ്രിയപ്പെട്ട ജാമിദ ടീച്ചർക്ക്,
സുഖമെന്ന് കരുതട്ടെ…
പക്ഷേ ഇന്നലെ വൈകുന്നേരം മുതൽ ഞാൻ വളരെ അസ്വസ്ഥയാണ്. ആശയപരമായ ഭിന്നതകൾ ഉണ്ടായിരുന്നുവെങ്കിലും, നിങ്ങളിൽ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഇസ്ലാം മതത്തിൽ നിന്ന് നിങ്ങൾ ഉറക്കെ സംസാരിച്ചപ്പോൾ എപ്പോഴൊക്കെയോ മറ്റെല്ലാ മതങ്ങളെയും പോലെ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന ഇസ്ലാം മതത്തിൽ നിന്നും അടിമചങ്ങലകൾ പൊട്ടിച്ചെറിയുന്ന ഒരു സ്ത്രീ സമൂഹത്തെ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ പ്രിയപ്പെട്ട ടീച്ചർ (അങ്ങനെ ഇനി നിങ്ങളെ വിളിക്കണമോ എന്ന് വരെ ഞാൻ ആലോചിക്കുന്നുണ്ട്, കാരണം അക്ഷരം നാവിലുറക്കും മുൻപ് അമ്മക്ക് ശേഷം ഞാൻ കണ്ട പെണ്ണിനെ, എനിക്ക് അക്ഷരം വെളിച്ചം കാണിച്ചു തന്ന സ്ത്രീയെ ഞാൻ സ്നേഹമൂറി വിളിച്ചപേരാണ് ടീച്ചർ) ഇന്നലെ വൈകുന്നേരം മുതൽ ഇനി ടീച്ചർ എന്ന് നിങ്ങളെ വിളിക്കാൻ മനസനുവദിക്കുന്നില്ല.
എന്തായാലും കത്ത് തുടരട്ടെ….
കണ്ണൂരില്‍ ബി.ജെ.പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സംഘപരിവാർ തത്വചിന്തകൻ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണത്തില്‍ ജാമിദ അവർകൾ തൊണ്ട പൊട്ടുമാറ് കുറെ കാര്യങ്ങൾ വിളിച്ചു പറയുന്നത് കേട്ടിരുന്നു.
പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ ഇത്ര പെരുത്ത സംഭവമാണെന്ന് ഇന്നലെ മാത്രമാണ് തിരിച്ചറിഞ്ഞത്. എന്തായാലും സ്വന്തം നിലവാരം മനസ്സിലായതിനാൽ RSS ന്റെ ആചാര്യനോട് സ്വയം ഉപമിച്ചതിൽ നിങ്ങൾ പക്ഷേ അടുത്ത് തന്നെ ദുഖിക്കേണ്ടി വരും.
കാവി കണ്ട് കണ്ണ് മഞ്ഞളിച്ച് നിങ്ങളിന്നലെ കവി കുരീപ്പുഴയെ കയ്യേറ്റം ചെയ്ത സംഘി മഹാന്മാർക്ക് ഘോരം ഘോരം അഭിവാദ്യങ്ങൾ അർപ്പിച്ച് നിർവൃതി അടഞ്ഞല്ലോ… ഒന്ന് ചോദിക്കട്ടെ നിങ്ങൾക്ക് എവിടുന്ന് കിട്ടി ഈ വർഗ്ഗീയ വിഷം….???
ബ്രാഹ്മണ്യത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായ RSS നും BJP ക്കും ചൂട്ട് കത്തിക്കാൻ നിങ്ങൾക്കൊരു ഉളുപ്പുമില്ലെ.
നിങ്ങൾ ഹാദിയക്ക് കൊടുത്ത അതേ ഉപദേശം തന്നെയാണ് എനിക്കും നിങ്ങളോട് പറയാനുള്ളത്, വലത് കാലിലെ മന്തെടുത്ത് ഇടത് കാലിൽ വെക്കരുത്.
രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ഇവിടുത്തെ സംഘി കോട്ടകൾ തകർക്കണമെന്ന് പറയുമ്പോൾ എത്ര വിദഗ്ധമായാണ് നിങ്ങൾ ഉളുപ്പില്ലാതെ അവരുടെ വേദിയിൽ കയറി നിന്നവരുടെ കാല് കഴുകി കുടിക്കുന്നത്.
പറയാതിരിക്കാൻ പറ്റില്ല മാഡം നിങ്ങൾ വളരെ വിദഗ്ധമായി കളി പഠിച്ച ഒരു ചെസ് മാസ്റ്റർ ആണ്, പക്ഷേ ആ വികടകളി ഇനി അധികം മുന്നോട്ട് പോവില്ല. കാരണം ബോധമുള്ള ഒരു മനുഷ്യനും നിങ്ങളുടെ വിടുവായത്തം കേൾക്കാൻ വരില്ല.
കേരളത്തിൽ ശശികല എന്ന മറ്റൊരു “ടീച്ചർ” വർഗീയ വിഷം ചീറ്റാനുള്ളപ്പോൾ ”തട്ടമിട്ട” പുതിയ ഒരു ഹിന്ദുത്വ അവതാരത്തെക്കൂടി ഇനിയീ മണ്ണിന് ആവശ്യമില്ല.
നമ്മളൊടുവിൽ കണ്ടത് തൊടുപുഴയിൽ നടന്ന “യുവജന-വനിത” കൂട്ടായ്മയിൽ വച്ചാണ്.
മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗും, എസ്.ഡി.പി.ഐയും തന്നെ സംഘപരിവാറായി ചിത്രീകരിക്കുകയാണ്. മതഭേദമില്ലാതെ ആര്‍ക്കും പ്രവര്‍ത്തിക്കാവുന്ന സംഘടനയാണ് ബി.ജെ.പിയും ആര്.എസ്.എസും. ഇസ്ലാം രാഷ്ട്രം ഉണ്ടാകാതിരിക്കാന്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നിങ്ങൾ ആ വേദിയിൽ അലറി വിളിച്ചപ്പോൾ സത്യം പറയട്ടെ അന്നൊരുമിച്ച് വേദി പങ്കിട്ടതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.
സംഘിപുത്രീ…. RSS ഉം BJP യും തന്ന കാശ് കയ്യിലുണ്ടെങ്കിൽ അത് വാങ്ങി നിങ്ങളുടെ മക്കൾക്ക് അൻപത് പൈസയുടെ ഒരു മിഠായി പോലും വാങ്ങി കൊടുക്കരുത്, കാരണം സവർണ്ണതയുടെയും ബ്രാഹ്മണ്യത്തിന്റെയും ഹുങ്ക് കൊണ്ട് കറുത്തവനെ ചുട്ടുകൊന്നതിന്റെയും, ഇന്ത്യയെ കൂട്ടികൊടുക്കുന്നതിന്റെയും ചോരമണം ആ പൈസക്കുണ്ടാവും… വിഷം മുറ്റി തൊലിക്കട്ടി കൂടിയ നിങ്ങൾക്ക് ആ ചോരമണം പ്രശ്നമാവില്ല, പക്ഷേ ആ കുഞ്ഞുങ്ങൾക്ക് അത് ദഹിക്കാനിടയില്ല.
നിങ്ങൾക്കുള്ള ഇവിടുത്തെ യുക്തിവാദികളുടെ ഐക്യദാർഢ്യം ഇന്ന് ഈ നിമിഷം അവസാനിച്ചു എന്ന് ഓർമിപ്പിക്കുന്നു…
ഒന്നുകൂടി, പാൽപ്പായസം ഓടയിൽകൂടി ഒഴുകി വന്നാൽ ഞാൻ കുടിക്കാറില്ല… നിങ്ങളുമത് കുടിക്കരുത്…. ഇനിയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ഇസ്ലാം പരിഷ്കരണത്തിന്റെയും അമ്പും കൊണ്ട് തെരുവിലിറങ്ങരുത്, നിങ്ങളുടെ കൈകൾക്ക് ശൂലവും നാവുകൾക്ക് ആഭാസവു (ആർഷ ഭാരത സംസ്കാരം)വുമാണ് അനുയോജ്യം,
നിങ്ങളും കൂടി അവരുടെ പടയിൽ ചേർന്നതോർത്ത് ഞങ്ങൾക്ക് പേടിയില്ല ജാമിദ, കാരണം ഞങ്ങളിതുവരെ ആരെയും പേടിച്ചിട്ടില്ല….
നിർത്തട്ടെ….
നല്ല നമസ്കാരം…
മനുജ മൈത്രി