Sat. Nov 21st, 2026

✍️  ലിബി. സി.എസ് 

എന്റെ സ്ത്രീ… ജീവിതത്തിൽ ഏറ്റവും ആരാധന തോന്നിയിട്ടുള്ള ഒരു സ്ത്രീയുണ്ട്… അതീവ നിഗൂഢമായ സ്വഭാവവുമായി അവർ ജീവിച്ചു. അവരിലേയ്ക്ക് കടന്നു ചെല്ലാൻ എളുപ്പമായിരുന്നില്ല… മോഹിപ്പിച്ചുകൊണ്ടേയിരുന്നു..

പ്രിയപ്പെട്ട… സ്ത്രീ… മെർസിഡസ്. !

മാർക്കേസ് അവരുടെ ഭർത്താവായിരുന്നു… ചെറുപ്പത്തിൽ മാർക്കേസ് പറയുന്നു… ‘എന്നെ വിവാഹം കഴിച്ചുകൊള്ളൂ.. ഞാൻ കുറേ നാളുകൾക്ക് ശേഷം പ്രശസ്തനായ എഴുത്തുകാരൻ ആവു’മെന്ന്..

ഒരുപക്ഷേ, അതൊന്നും ആയിരിക്കില്ല പറഞ്ഞത്..

കോവയ്ക്കാ മെഴുക്കുപുരട്ടി കൂട്ടാൻ നിർബ്ബന്ധിക്കില്ലെങ്കിൽ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച മാർക്കേസിന്റെ കഥപാത്രത്തെ ഓർമ്മ വരുന്നു..

അവർ പ്രണയത്തിലായിരുന്നു… മെർസിഡസിനെ ലോകം അധികം അറിഞ്ഞിട്ടില്ല… അവർ പുറത്തേയ്ക്ക് വന്നിട്ടില്ല…

എന്നാൽ അവരെക്കുറിച്ച് പറയപ്പെട്ട വാക്കുകൾ മുഴുവൻ അതിശയിപ്പിക്കുന്നതായിരുന്നു… ഫിഡലിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി.. ഫിഡൽ രാഷ്ട്രീയം സംസാരിക്കുന്ന കൂട്ടുകാരി…

അമേരിക്കൻ പ്രസിഡന്റ് മാർക്കേസിനോട് ക്യൂബയെക്കുറിച്ച് ചോദിച്ചപ്പോൾ മാർക്കേസ് പറയുന്നത്… ‘അതിനെക്കുറിച്ച് എനിക്ക് അറിയില്ല.. അതൊക്കെ മെർസിഡിനോടാണു ഫിഡൽ സംസാരിക്കുന്നതെന്ന്…’
ഒരുപക്ഷേ, അയാൾ ഒഴിഞ്ഞ് മാറിയതാവാം…

ആരായിരുന്നു മെർസിഡസ്…? ഏകാന്തതയുടെ നൂറുവർഷത്തിലെ ഊർസ്വലയെ എനിക്ക് ഓർമ്മ വരുന്നു…

മക്കോണ്ട വിട്ട് പോകാൻ തീരുമാനിക്കുന്ന ഭർത്താവിനോട്… ‘ഇവിടം വിട്ട് പോകാൻ സമ്മതിക്കില്ലെന്ന്’ അവൾ പറയുമ്പോൾ…

അയാൾ പറയുന്നു… ‘ഈ സ്ഥലം നിനക്ക് പ്രിയപ്പെട്ടതാകാൻ ഇവിടെ ആരും മരിച്ച് അടക്കിയിട്ടില്ലല്ലോ…?’

‘പ്രിയപ്പെട്ടവർ മരിച്ച് അടക്കം ചെയ്താലേ ഒരു മണ്ണ് പ്രിയപ്പെട്ടതാവൂ എന്നുണ്ടെങ്കിൽ… ഇവിടെ ഞാൻ മരിക്കും… എന്നെ ഇവിടെ അടക്കം ചെയ്യും… അങ്ങിനെ നിങ്ങൾ ഇവിടെ ജീവിക്കും എന്ന് പറഞ്ഞവൾ…

മാർക്കേസിന്റെ എല്ലാ സ്ത്രീ കഥാപാത്രങ്ങളിലും മെർസിഡസ് ഉണ്ടെന്ന് കരുതേണ്ടി വരും…

മാർക്കേസിനു സ്ത്രീകളോട് വലിയ ബഹുമാനം ഉണ്ടായിരുന്നു. അതിനു കാരണം ഈ സ്ത്രീയാണ്…

അവരുടെ കൂടെ ജീവിച്ചൊരാൾക്ക് സ്ത്രീകളെ സ്നേഹിക്കാതെയും ബഹുമാനിക്കാതെയുമിരിക്കാൻ കഴിയില്ല..

ഇന്നോളം അവരുടെ ഒരു ഇന്റർവ്യൂ ലോകത്തിനു ലഭിച്ചിട്ടില്ല… മാർക്കേസ് മരിച്ചതിനു ശേഷമെങ്കിലും ആ സ്ത്രീ എന്തെങ്കിലും സംസാരിക്കുമെന്ന് പലരും വിചാരിച്ചിരിക്കാം…

എന്നാൽ എനിക്ക് അറിയുമായിരുന്നു… അവർ ഒരക്ഷരം മിണ്ടില്ലെന്ന്… കാരണം.. അത്രയേറെ എനിക്ക് ആ സ്ത്രീയെ മനസ്സിലായിരുന്നു…

ആ മനസ്സിലാക്കൽ എന്നിൽ അവരോടുള്ള ആദരവും സ്നേഹവും അത്രയും ആഴമുള്ളതാക്കി മാറ്റി…

പിടികിട്ടാക്കഥയിലെ മോഹക്കുരുക്കിലെ നിഗൂഢാനന്ദം !

അതാണു പ്രിയപ്പെട്ട മെർസിഡസ്…!

ചെല്ലൂ… മാർക്കേസിനരികിലേയ്ക്ക്..

നക്ഷത്രങ്ങളുടെ അരികിലേയ്ക്ക്…

അവനിപ്പോൾ നിന്നെ കിട്ടാതെ വിഷാദത്തിൽ മുങ്ങിക്കിടക്കുകയാവും…

നീ ചെല്ലുമ്പോഴേ… അയാളിൽ കഥകൾ ഉണരൂ…

ഞങ്ങൾ വരുമ്പോൾ കഥകളുടെ മഹാ വിരുന്നൊരുക്കേണ്ടവളേ.. വിട.

ഹൃദയത്തിലെ എല്ലാ സ്നേഹത്തോടെയും വിട.

1932 നവംബറിൽ ഉത്തരകൊറിയയിലാണ് മെഴ്സിഡസ് ജനിച്ചത്. പതിമൂന്ന് വയസുള്ള സമയത്താണ് അന്ന് പതിനെട്ടു വയസുകാരനായ മാർക്വേസ് മെഴ്സിഡസിനോട് പ്രണയാഭ്യർഥന നടത്തിയത്. പിന്നീട് കത്തുകളിലൂടെ ആ പ്രണയം വളർന്നു. പത്ത് വർഷം നീണ്ട തീവ്രപ്രണയത്തിനൊടുവിൽ 1958 ൽഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചു. ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്.. റോഡ്രിഗോ ഗാർഷ്യയും ഗോൺസാലോ ഗാർഷ്യയും.

ഒരു അഭിമുഖത്തിനിടെ വിവാഹത്തെക്കുറിച്ച് ബാർജയോട് ചോദ്യം ഉയർന്നിരുന്നു.. ശരിക്കും ഓർമ്മ കിട്ടുന്നില്ല എന്നായിരുന്നു മറുപടി നൽകിയത്…’ഞങ്ങൾ രണ്ട് പേരും കുട്ടികളായിരുന്നു..ഓർമിക്കാൻ കഴിയുന്നിടത്തോളം കാലം ഒരാൾ മറ്റൊരാൾക്കൊപ്പം വളർന്നു എന്ന് പറയാം.. ഒരു ദിവസം പെട്ടെന്ന് വന്ന് പറഞ്ഞു നീ എന്നെ വിവാഹം ചെയ്യണം എന്ന്.. ഞാൻ ആദ്യം ഒന്നു അതിശയിച്ചു.. കുറച്ചു പേടിച്ചു…പിന്നീട് സമ്മതം മൂളി..’ എന്നായിരുന്നു ബാർജയുടെ വാക്കുകൾ.

2014ല്‍ തന്‍റെ 87-ാം വയസ്സിലാണ് മാര്‍ക്വേസും തന്‍റെ പ്രിയതമയെ വിട്ട് ലോകത്തോട് വിട പറഞ്ഞത്.’ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന നോവലാണ് മർക്വേസ് എന്ന എഴുത്തുകാരനെ ലോകപ്രശസ്തനാക്കിയത്. കേരളത്തിലും ഏറെ ആരാധകരെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

87കാരിയായ മെഴ്സിസഡസ് ബർജയുടെ മരണം അവരുടെ ബന്ധുവായ ഗബ്രിയൽ ടോറസ് ഗാർഷ്യയാണ് സ്ഥീരീകരിച്ചത്. മാർക്വേസിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും സന്തതസഹചാരിയായിരുന്നു ബർജ. ഇരുവരെയും സ്നേഹം കൊണ്ട് ആരാധകർ വിളിച്ചിരുന്നത് ഗാബോ എന്നായിരുന്നു. മർക്വേസിന്‍റെ വലംകൈ എന്നാണ് അദ്ദേഹത്തിന്‍റെ സഹോദരൻ ബർജയെ വിശേഷിപ്പിക്കുന്നത്.