Sun. Nov 22nd, 2026

കേരള പി എസ് സി പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടങ്ങളിലായാണ് നടത്തുകയെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. സ്‌ക്രീനിങ് ടെസ്റ്റാണ് ആദ്യ ഘട്ടം. ഇതില്‍ വിജയിക്കുന്നവരാണ് രണ്ടാംഘട്ട പരീക്ഷക്ക് യോഗ്യത നേടുക. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കാണ് പുതിയ പരിഷ്‌ക്കരണം ബാധകമാവുക. പരീക്ഷാരീതി പരിഷ്‌ക്കരിക്കുന്നതിലൂാടെ രണ്ടാംഘട്ട പരീക്ഷക്ക് യോഗ്യത നേടുന്നവര്‍ മികവുള്ളവരായിരിക്കുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടാവുക. സ്‌ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിന്‍ പരീക്ഷക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങള്‍ ഉണ്ടാകും.

കൊവിഡ് പ്രതിസന്ധി മൂലം നീട്ടിവച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതലും അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതലും നടത്തും. കെ എ എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും പി എസ് സി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.കൊവിഡ് കാലത്ത് 11,000 നിയമനങ്ങള്‍ക്ക് പി.എസ്.സി ശിപാര്‍ശ നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

നീട്ടിവച്ച പരീക്ഷകള്‍ സെപ്തംബറില്‍ പുനരാരംഭിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്. കൊവിഡ് കാലത്തേക്ക് മാത്രമായി ഓണൈലന്‍ വെരിഫിക്കേഷന്‍ നടത്തും. കണ്ടെയ്‌മെന്റിലും ക്വാറന്റീനിലും വന്നിരിക്കുന്ന ഷോര്‍ട്‌ലിസ്റ്റില്‍ പെട്ടിരിക്കുന്ന ഉദ്യോഗസ്ഥാര്‍ത്ഥികള്‍ക്ക് വെരിഫിക്കേഷന് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തിലാണിതെന്നും ചെയര്‍മാന്‍ അറിയിച്ചു.

https://newsgile.com/2020/08/18/psc-exam-method-changing-in-two-phases-only-best-in-final-round/