Thu. Apr 25th, 2024

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിൻറെ പ്രധാന നേതാക്കളിലൊരാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ സമരത്തിനെതിരെ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഷഹീന്‍ബാഗ് സമരം തന്നെ ബി.ജെ.പിയുടെ തിരക്കഥ പ്രകാരം നടന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബി.ജെ.പി ഈ സമരം ആസൂത്രണം ചെയ്തതെന്നും ഭരദ്വാജ് ആരോപിച്ചു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷഹീന്‍ബാഗ് സമരത്തെ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. ഷഹീന്‍ബാഗ് സമരത്തില്‍ നിന്ന് നേട്ടം കൊയ്ത ഏക പാര്‍ട്ടി ബി.ജെ.പിയാണെന്നും എ.എ.പി ആരോപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, മറ്റ് വികസന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂന്നി ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താമായിരുന്നു. എന്നാല്‍ ബി.ജെ.പി ഷഹീന്‍ബാഗ് സമരം കേന്ദ്രീകരിച്ച് മാത്രമാണ് പ്രചാരണം നടത്തിയതെന്നും എ.എ.പി നേതാവ് ചൂണ്ടിക്കാട്ടി.

ഷഹീന്‍ബാഗ് സമരത്തില്‍ നടന്ന ഓരോ കാര്യങ്ങളും ബി.ജെ.പിയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് നടന്നത്. സമരത്തില്‍ ആരൊക്കെ സംസാരിക്കണമെന്നും ആര്‍ക്കെതിരെ സംസാരിക്കണമെന്നും തീരുമാനിച്ചത് ബി.ജെ.പിയുടെ ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടാണ് തീരുമാനിച്ചത്. സമരക്കാര്‍ക്കെതിരെ പ്രത്യാക്രമണം നടത്തേണ്ടത് ആരാണെന്ന് പോലും തീരുമാനിച്ചത് ബി.ജെ.പിയാണെന്നും എ.എ.പി ആരോപിച്ചു.

ഡല്‍ഹിയില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 18 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി വര്‍ദ്ധിച്ചത് ഷഹീന്‍ബാഗ് സമരം കാരണമാണെന്ന് എ.എ.പി നേതാവ് പറഞ്ഞു. ഹഷീന്‍ബാഗ് സമരം മറയാക്കി വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ബി.ജെ.പി വര്‍ഗീയ വിഭജനം സൃഷ്ടിച്ചു. ഇതിലൂടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ബി.ജെ.പി ചില സീറ്റുകള്‍ നേടി. പിന്നീട് തിരഞ്ഞെടുപ്പിന് ശേഷം കലാപം സൃഷ്ടിച്ചുവെന്നും എ.എ.പി നേതാവ് പറഞ്ഞു.

https://newsgile.com/2020/08/18/aam-aadmi-party-aap-alleges-bjp-script-behind-shaheen-bagh-protests/