Fri. Nov 20th, 2026

വടയമ്പാടിയില്‍ ജാതിമതില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അതിക്രമം.സ്ത്രീകൾ ഉൾപ്പെടെയുള്ള ദളിത് സംഘടനാ പ്രവർത്തകരെ പോലീസ് ക്രൂരമായി തല്ലി ചതച്ചു. അറസ്റ്റ് ചെയ്ത ദളിത് ആത്മാഭിമാന പ്രവര്‍ത്തകരെയാണ് പോലീസ് മർദ്ധിച്ചത് ഇവരെ പിന്നീട്‌ വിട്ടയച്ചു. പുത്തന്‍കുരിശ് പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെയാണ് വിട്ടയച്ചത്. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനംമായിരുന്നു അരങ്ങേറിയത് . മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പോലീസ് നിലത്തിട്ട് ചവിട്ടുകയായിരുന്നു.

നേരത്തെ ദളിത് ആത്മാഭിമാന കണ്‍വന്‍ഷനെത്തിയ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. അമ്പതോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി ദളിതരെ ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ദളിത് പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ ആക്രമിച്ചപ്പോഴും പോലീസ് മിണ്ടാതിരുന്നു.

ജയ് ഭീം മുദ്രാവാക്യം മുഴക്കിയാണ് ദളിത് പ്രവര്‍ത്തകര്‍ പോലീസ് നടപടി നേരിട്ടത്. സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. സ്ത്രീകള്‍ അടക്കമുള്ള സമരക്കാരെ പുരുഷ പോലീസുകാരാണ് മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റിയത്. പ്രദേശത്തെ കടകളെല്ലാം പോലീസ് ബലമായി അടപ്പിക്കുകയും ചെയ്തു.<