Thu. Apr 18th, 2024

റോയി മാത്യു

സ്പീക്കറും മന്ത്രിയും ചേർന്ന് കണ്ണടയുടെ പേരിൽ ആയിരങ്ങൾ അടിച്ചുമാറ്റുന്നതിനിടയിൽ വി എസ് അച്ചുതാനന്ദന്റെ ഭരണ പരിഷ്കാര കമ്മീഷന് 2 കോടി ഖജനാവ് കൊടുത്തു. പാർടി മുഖ്യമന്ത്രിയായി പരിഗണി ക്കാത്തതിന്റെ ശിക്ഷയായിട്ടാണ് മൂപ്പീന്ന് സർക്കാർ ചെലവിൽ ഉണ്ടുറങ്ങുന്നത്.

ഭരണം പരിഷ്കരിക്കുന്നതിന് വി എസ് ക്രിയാത്മകമായി എന്ത് നിർദേശമാണ് കൊടുത്തതെന്ന് ആർക്കെങ്കിലും അറിയാമോ? സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് തുടങ്ങിയെന്ന് ന്യായീകരണം പറഞ്ഞു നടന്നവരൊക്കെ പഞ്ചിംഗ് മൂഞ്ചിയ കാര്യം ഇപ്പോ മിണ്ടുന്നില്ല. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഭരണ പരിഷ്കാര കമ്മീഷന് എന്ത് നിർദേശമാണ് നൽക്കാനുള്ളത്.

എം എൽ എ എന്ന നിലയിലുള്ള വരുമാനവും സൗകര്യവും ഉപയോഗിക്കാൻ അർഹതയുള്ള പ്പോഴാണ് ഇദ്ദേഹത്തിന് കൊടി വെച്ച കാറ് കൊടുത്ത് തീറ്റിപ്പോറ്റാൻ സർക്കാർ തീരുമാനിച്ചത്.കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രിയും സർക്കാർ ചെലവിൽ ഉണ്ടുറങ്ങാൻ ഇങ്ങനെ യൊരു വേഷം കെട്ടിയിട്ടില്ല. ഇന്ത്യൻ പ്രസിഡന്റായിരുന്ന വ്യക്തി പഞ്ചായത്ത് പ്രസിഡന്റായ ദുരന്തമാണിത്.

പൊതു ജനങ്ങളെ സേവിക്കാനെന്ന പേരിൽ വേഷം കെട്ടിയിറങ്ങിയവരെയും അവരുടെ ഭാര്യയേയും മക്കളേയും സർക്കാർ ചെലവിൽ തീറ്റിപ്പോറ്റണമെന്നാണ് ഇങ്ങേരുടെ പക്ഷം. മുഖ്യമന്ത്രിയായി അഞ്ച് കൊല്ലം സർക്കാർ സൗകര്യങ്ങൾ ആസ്വദിച്ചത് പോരാഞ്ഞിട്ടാണ് ഭരണ പരിഷ്കാര കമ്മീഷൻ എന്ന പുതിയ വേഷം കെട്ടൽ.

ഭരണ പരിഷ്കാര കമ്മീഷൻ ആഫീസിൽ 18 പേർ ജോലി ചെയ്യുന്നു. വിഎസിന് 11 പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ.ഇങ്ങനെ 29 പേർ ചേർന്ന് സർക്കാർ ഖജനാവ് കട്ടുമുടിക്കുന്നു. 95 വയസായ ഒരു വൃദ്ധനോട് പാർടി നീതി കാണിക്കാത്തതിന് നികുതി ദായകൻ ആ പാപഭാരവും പേറേണ്ടി വരുന്നു.2, O3, 03872 രൂപയാണ് ഭരണ പരിഷ്കാര കമ്മീഷൻ ഇതുവരെ ചെലവാക്കിയതായി വിവരാവകാശ രേഖ പറയുന്നത്.

ഒമ്പത് ലക്ഷം ശമ്പളവും , യാത്രാബത്തയായി 111 O66 രൂപ, മെഡിക്കൽ റീ- ഇംബേഴ്സ് മെന്റ് ഇനത്തിൽ 140779 രൂപ, വിമാന കൂലി 140 201 യും വി എസ് കൈപറ്റി ക്കഴിഞ്ഞു. EMS ന്റെ കാലം മുതലുള്ള ഭരണ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടുകൾ സെക്രട്ടറിയേറ്റിൽ പൊടിപിടിച്ചു കിടക്കുന്നതിനിടയിലാണ് ഇങ്ങനെ യൊരു വെള്ളാനയെകൂടി തീറ്റിപ്പോറ്റുന്നത്. സംസ്ഥാനത്തിന് എന്ത് നേട്ടമെന്ന് ആർക്കും അറിയില്ല –

മുഖ്യമന്ത്രിയാക്കാത്തതിന്റെ പ്രതികാരം നാട്ടുകാരുടെ നികുതിപ്പണം തിന്ന് തീർത്ത് വി എസ് ആസ്വദിക്കുന്നു. പത്ത് പതിനഞ്ച് വർഷം പ്രതിപക്ഷ നേതാവ്, 5 വർഷം മുഖ്യമന്ത്രി, 30 വർഷത്തിലധികം MLA എന്നിങ്ങനെ അധികാരസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഒരാളുടെ ആക്രാന്തത്തിനും അത്യാഗ്രഹത്തിന്നും ഒരതിരുമില്ലേ?

ഇതെല്ലാം ലോക മൊതലാളിത്തത്തിനും സാമ്രാജ്യത്വ കടന്നു കേറ്റം ചെറുക്കാനുമാണെന്നോർക്കുമ്പോൾ അല്പം ആശ്വാസം –