എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും 90 ദിവസത്തിനുള്ളില്‍ രണ്ട് സംഘടനകളില്‍ നിന്നും പുറത്താക്കി ജയിലിലടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്നതിനുള്ള ശക്തമായ തെളിവുകള്‍ ഫെബ്രുവരി ആറാം തീയതി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിടുമെന്നും സുഭാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ നയിക്കുന്ന ബിഡിജെഎസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ചേരുമെന്നും വരാനിരിക്കുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ താന്‍ നയിക്കുന്ന ബിഡിജെഎസിലെ സ്ഥാനാര്‍ത്ഥി എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളി ജയിലില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തന്റെയും കുടുംബത്തിന്റെയും തട്ടിപ്പുകള്‍ മറച്ചുവെക്കാനാണ് വെള്ളാപ്പള്ളി ബിഡിജെഎസിനെ ഉപയോഗിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.
രജിസ്ട്രേഷന് പ്രകാരം താനാണ് ബിഡിജെഎസ് അധ്യക്ഷന്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ തന്റെ പക്കലുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി തലകുത്തി നിന്നാലും ബിഡിജെഎസ് എന്ന പാര്‍ട്ടിയും പേരും കിട്ടില്ല. യഥാര്‍ത്ഥ ബിഡിജെഎസ് ആരാണെന്ന് വരും ദിവസങ്ങളില്‍ അമിത് ഷായും സംസ്ഥാന ബിജെപി നേതൃത്വവും തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു. മക്കാവു ദ്വീപില്‍ തുഷാറിന് ഫ്ളാറ്റുണ്ടെന്ന മുന്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുഭാഷ് വാസു കൂട്ടിച്ചേര്‍ത്തു.