Sun. Nov 22nd, 2026

പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ അസാമില്‍ അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇതിന് പുറമെ സംസ്ഥാനത്തെ 10 ജില്ലകളില്‍ മൊബൈല്‍ ബന്ധങ്ങളും വിച്ഛേദിച്ചു. ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. മൂന്നിടങ്ങളിലായി രണ്ട് കമ്പനി സൈന്യത്തെ വിന്യസിച്ചു. ഇവര്‍ നഗരത്തില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. തെരുവിലിറങ്ങിയ ആയിരങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ വാഹനങ്ങളും മറ്റും കത്തിച്ചു. പ്രചബുവ, പാനിറ്റോള റെയില്‍വേ സ്റ്റേഷനുകളില്‍ കേടുപാടുകള്‍ വരുത്തുകയും തീവെക്കുകയും ചെയ്തു.

യുദ്ധസമാനമായ അന്തരീക്ഷമാണ് മേഖലയില്‍ നിലനില്‍ക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സര്‍ബനന്ദ സോനോവള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ കുടുങ്ങി. സുരക്ഷാ പ്രവര്‍ത്തകര്‍ ഏറെ പ്രയാസപ്പെട്ടാണ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചത്. അതിനിടെ, മുഖ്യമന്ത്രിയുടെ വീടിനു നേരെ കല്ലേറുണ്ടായതായും ഒരു കേന്ദ്ര മന്ത്രിയുടെയും രണ്ട് ബി ജെ പി നേതാക്കളുടെയും വീടുകള്‍ക്ക് തീവച്ചതായും റിപ്പോര്‍ട്ടുണ്ട്.

അസമിനു പുറമെ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം ശക്തമാണ്. 5000 അര്‍ധ സൈനികരെ കേന്ദ്ര സര്‍ക്കാര്‍ മേഖലയിലേക്ക് അയച്ചു. സി ആര്‍ പി എഫ്, ബി എസ് എഫ്, സശസ്ത്ര സീമാ ബല്‍ എന്നീ സൈനിക വിഭാഗങ്ങളെയാണ് അയച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുടര്‍ന്ന് കശ്മീരില്‍ വിന്യസിച്ചിരുന്ന 2000ത്തോളം അര്‍ധ സൈനികരും സംഘത്തില്‍ ഉള്‍പ്പെടും. കശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നിന്ന് സൈനികരെ പിന്‍വലിച്ചത്.

പ്രതിഷേധങ്ങള്‍ക്കിടെ ഗുവാഹതിയില്‍ നിന്നുമാത്രം 1000 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് അസമില്‍ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. ബില്‍പിന്‍വലിക്കുന്നതുവരെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ക്രിഷക് മുക്തി സംഗ്രാം സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

അസാമിലേക്കുള്ള റെയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ അസമിലേക്കുള്ള ഗതാഗതങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സംസ്ഥാനത്തേക്കുള്ള വിമാന ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 21 ട്രെയിന്‍ സര്‍വീസുകളും മൂന്ന് വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്.

ഗിവാഹത്തിയില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഗിവാഹാത്തിയിലടക്കം ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വിലക്കും ഉണ്ട്. സംസ്ഥാനത്തെ 21 ട്രെയിന്‍ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.

എയര്‍ഇന്ത്യ കൊല്‍ക്കത്ത-ദിബ്രിഗഡ് സര്‍വീസും വിസ്താര ഗുവാഹത്തി – ദിബ്രിഗഡ് രണ്ട് സര്‍വീസുകളും റദ്ദാക്കി. ദിബ്രിഗഡ്, ജോര്‍ഹത് എന്നിവിടങ്ങളിലേക്കുള്ളതും ഇവിടങ്ങളില്‍നിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളുടേയും സമയത്തില്‍ മാറ്റമുണ്ടാകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുമെന്ന് സ്‌പൈസ് ജെറ്റും ഗോ എയറും അറിയിച്ചിട്ടുണ്ട്.പ്രതിഷേധ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് അടക്കം തീവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.