Sun. Nov 22nd, 2026

കോഴിക്കോട് പന്തീരാങ്കാവിൽ യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട അലൻ, താഹ എന്നീ വിദ്യാർത്ഥികൾക്ക് ജാമ്യം നിഷേധിച്ചത് സർക്കാരിന്റെ ഇരട്ടത്താപ്പിന്റെ ഭാഗമാണെന്ന് സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ.ദാസൻ.സി.പി.എമ്മും,സംസ്ഥാന സർക്കാരും യു.എ.പി.എ ക്ക് എതിരാണെന്ന് പറയുമ്പോൾ കോടതിയിൽ പ്രോസിക്യൂഷനെ വെച്ച് സംസ്ഥാന സർക്കാർ ജാമ്യ അപേക്ഷയെ എതിർത്തത് അപലനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാവോയിസ്റ്റുകൾക്ക് പൗരാവകാശങ്ങൾ അനുവദിക്കരുതെന്ന ചീഫ് സെക്രട്ടറി ടോം ജോസഫിന്റെ നിലപാടിന്റെ തുടർച്ചയാണ് സർക്കാർ വക്കീൽ വിദ്യാർത്ഥികൾക്ക് ജാമ്യം നൽകരുതെന്ന് വാദിച്ചത്. ജനാധിപത്യ – പൗരാവകാശങ്ങളെ ലംഘിക്കുന്ന സംസ്ഥാന പോലീസിന്റെ നടപടിയിൽ സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു വെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വകുപ്പിന് കീഴിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് ഉണ്ടാക്കിയ തെളിവുകൾ പരിഹാസ്യമാണ്. വിപണിയിലെ പുസ്തകശാലകളിൽ നിന്നു കിട്ടുന്നതാണ് പോലീസ് പിടിച്ചെടുത്തതായി പറയപ്പെടുന്ന പുസ്തകങ്ങളും ലഘുലേഖകളും. ഇത് വെച്ച് യു.എ.പി.എ ചുമത്തി ജയിലിലടക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തത് മോദി സർക്കാരിന്റെ നയമാണ് പിണറായി നടപ്പാക്കുന്നത് എന്നതിന്റെ തെളിവാണ്.അതുകൊണ്ടാണ് ബി.ജെ.പി യുടെ കേരള ഘടകം സംസ്ഥാന സർക്കാരിന് പിന്തുണ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

അവിശ്വസനീയമായ പോലീസ് തിരകഥകൾ തള്ളിക്കളയണമെന്നും വിദ്യാർത്ഥികൾക്ക്‌ ജാമ്യം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ ഉടനെ സ്വീകരിക്കണമെന്നും സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ സംസ്ഥാന കമ്മറ്റിക്ക് വേണ്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു