5000 കോടിയുടെ പദ്ധതി ചുളുവിൽ അദാനിയുടെ കയ്യിൽ. ഗുജറാത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള മുന്ദ്ര എൽ എൻ ജി ടെർമിനൽ അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള നീക്കം അന്തിമ ഘട്ടത്തിൽ. ടെർമിനൽ കൈകാര്യം ചെയ്യുന്ന ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷന്റെ 50 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന് നൽകാനാണ് നീക്കം. നിലവിൽ അദാനിക്ക് 25 ശതമാനം ഷെയർ ഉണ്ട്. 50 ശതമാനം ഷെയർ കൂടി ലഭിക്കുമ്പോൾ ടെർമിനലിന്റെ നിയന്ത്രണ അവകാശം അദാനിയുടെ കൈകളിലാകും.
ഓഹരികൾ വാങ്ങാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രംഗത്തുണ്ടായിരുന്നെങ്കിലും അവർ നാടകീയമായി പിന്മാറിയതോടെ ഇത് അദാനിക്ക് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 5000 കോടി രൂപ മുടക്കുള്ള പദ്ധതി വഴി 50 ലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതകം ഉല്പാദിപ്പിക്കാൻ കഴിയും. എൽ എൻ ജി കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്ന ബെർത്തുകളോട് കൂടിയ ടെർമിനലിന്റെ ശേഷി ഭാവിയിൽ ഒരു കോടി ടണ്ണായി ഉയർത്താൻ കഴിയും.
കഴിഞ്ഞ സെപ്റ്റംബറിൽ നരേന്ദ്ര മോദി ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചുവെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. 2008 ൽ പ്രാരംഭ പ്രവർത്തനം തുടങ്ങിയ പദ്ധതിയിൽ എസ്സാർ ഗ്രൂപ്പും പങ്കാളികളായിരുന്നുവെങ്കിലും പിന്നീട് അവർ പിന്മാറുകയായിരുന്നു. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷന് ഫണ്ട് ഇല്ലെന്ന ന്യായം പറഞ്ഞാണ് ഓഹരികൾ കൈമാറുന്നത്. എന്നാൽ ഇവ അദാനി ഗ്രൂപ്പിന്റെ കയ്യിൽ മാത്രം എത്തണം എന്ന ഉദ്ദേശത്തോടെയാണ് ചരടുവലികൾ നടക്കുന്നത് എന്നത് വ്യക്തമാവുകയാണ്.
ഓഹരികൾ വില്പനക്ക് ഓഫർ ചെയ്തപ്പോൾ ഐ ഒ സി താല്പര്യം പ്രകടിപ്പിച്ചു. ഓഹരികൾക്ക് 750 കോടി രൂപയാണ് അവർ ഓഫർ ചെയ്തത്. അതെ തുക തന്നെയാണ് അദാനിയും ഓഫർ ചെയ്തത്. എന്നാൽ പൊടുന്നനെ ഐ ഒ സി പദ്ധതിയിൽ നിന്ന് പിന്മാറുകയും മത്സരത്തിൽ അദാനി മാത്രമാവുകയും ചെയ്തു. ഇതാണ് ഓഹരി കൈമാറ്റത്തെ അടിമുടി ദുരൂഹമാക്കുന്നത്.
ഫലത്തിൽ, സർക്കാർ മുതൽമുടക്കിൽ തീർത്ത ഒരു വമ്പൻ പ്രോജക്ട് അദാനി ഗ്രൂപ്പിന്റെ കൈവശം വന്നു ചേരുകയാണ്. ഗുജറാത്തിലെ കച് മേഖലയിലുള്ള മുന്ദ്ര തുറമുഖവും അദാനി ഗ്രൂപ്പിന്റേതാണ്. 10 ടെർമിനലുകളോട് കൂടിയ ഈ തുറമുഖം സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ വലിയ തുറമുഖമാണ്. എൽ എൻ ജി ടെർമിനൽ കൂടി തങ്ങളുടെ നിയന്ത്രണത്തിലാകുന്നതോടെ ഈ മേഖലയിൽ അദാനി ഗ്രൂപ്പിന്റെ സ്വാധീനം പൂർണ്ണമാവുകയാണ്.