Sunday, September 26, 2021

Latest Posts

സ്തുതിപാഠകരായ ചരിത്രകാരന്മാര്‍ വാഴ്ത്തുന്ന കെട്ടുകഥകളിലെ വീര നായകൻ വേലുത്തമ്പി

രാജകിങ്കരന്മാര്‍ തന്നെ തിരയുന്നുണ്ടെന്നറിഞ്ഞ തമ്പി ഓടി ഒളിക്കുകയാണ് ചെയ്തത്. വെല്ലുവിളികള്‍ നേരിട്ട് പൊരുതി മരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. അദ്ദേഹത്തിന്റെ ധീരപരാക്രമണങ്ങളെല്ലാം നിരായുധരായ സ്വന്തം ജനങ്ങളോടായിരുന്നു. നേരിട്ട് പടനയിക്കാനുള്ള ധൈര്യമോ കൗശലമോ തമ്പിക്കുണ്ടായിരുന്നില്ല. കൊല്ലത്തേയും കൊച്ചിയിലേയും ആരുവാമൊഴിയിലേയും പടക്കളങ്ങളില്‍ തമ്പി ഉണ്ടായിരുന്നില്ല. കൊല്ലത്തു യുദ്ധം നടന്നപ്പോള്‍ കുണ്ടറയില്‍ ചെന്നു വിളംബരം പുറപ്പെടുവിക്കാനേ തമ്പിക്കു കഴിഞ്ഞുള്ളൂ. ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് ഒളിച്ചോടുകയാണ് അദ്ദേഹം ചെയ്തത്. തിരുവിതാംകൂറില്‍ അദ്ദേഹത്തിന് അഭയം നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്വന്തം സമുദായക്കാരും അദ്ദേഹത്തെ കൈവിട്ടിരുന്നു. 

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി

ധീരദേശാഭിമാനിയായും സ്വാതന്ത്ര്യ സമരത്തിലെ ജനകീയ നേതാവായും മാസ്മര പ്രഭാവമുള്ള വ്യക്തിയായും അചഞ്ചലമായ നീതിനിഷ്ഠയുടെ പ്രയായമായും വാഴ്ത്തപ്പെടുന്ന ചരിത്രപുരുഷനാണല്ലോ വേലുത്തമ്പി. 1765 ല്‍ ജനിച്ച് 1809 ല്‍ ആത്മഹത്യ ചെയ്ത തമ്പിയെ പറ്റി ചരിത്രരേഖകള്‍ മുഴുവനായിത്തന്നെ വേണ്ടുവോളം ലഭ്യമാണ്. എന്നാല്‍, ഇവയിലെ യാഥാര്‍ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് സ്തുതിപാഠകരായ ചരിത്രകാരന്മാര്‍ നമുക്ക് വിളമ്പിത്തന്നിട്ടുള്ളത്.

2.നീചമാര്‍ഗങ്ങളിലൂടെ ദളവസ്ഥാനം പിടിച്ചെടുക്കുകയും അതു നിലനിര്‍ത്താന്‍ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്കു തീറെഴുതുകയും ചെയ്ത നേതാവായിരുന്നു വേലുത്തമ്പി. സ്വാര്‍ഥതാല്‍പര്യത്തിനുവേണ്ടി രാജ്യത്തെ അപകടപ്പെടുത്താന്‍ തമ്പി ശ്രമിക്കുന്നു എന്നു മനസ്സിലാക്കിയ തിരുവിതാംകൂര്‍ രാജാവ് അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റാന്‍ കല്‍പ്പിച്ചു. കുണ്ടറ വിളംബരത്തേക്കാള്‍ പ്രാധാന്യമുള്ള ചരിത്രരേഖയാണ് വേലുത്തമ്പിയെ തൂക്കിലേറ്റാന്‍ രാജാവ് പുറപ്പെടുവിച്ച ഉത്തരവ്.

3.ധര്‍മ്മരാജാവിന്റെ മരണത്തെ തുടര്‍ന്ന് 1798 ല്‍ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ മന്ത്രിമാരാണ് ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും ശങ്കരനാരായണ ചെട്ടിയും മാത്തൂ തരകനും. തലക്കുളം ദേശത്തെ കാര്യക്കാരനാണു വേലുത്തമ്പി. സാമ്പത്തിക വിഷമതയില്‍ പെട്ട സര്‍ക്കാര്‍ ധനികരില്‍ നിന്നു പണം പിരിക്കാന്‍ ഉത്തരവായി. ഇത് പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു. തലക്കുളത്തെ അളവറ്റ സ്വത്തിന്റെ ഉടമയാണു വേലുത്തമ്പി. റവന്യൂ ഉദ്യോഗസ്ഥര്‍ തമ്പിയോട് 3000 രൂപ (20,000 കാലിപ്പണം) നല്‍കാന്‍ ആവശ്യപ്പെട്ടു. സ്വന്തം മടിശ്ശീലയില്‍ നിന്നു പണം നല്‍കണം എന്നു വന്നപ്പോള്‍ തമ്പിയുടെ ‘നീതിബോധം’ ഉണര്‍ന്നു. കുപിതനായ തമ്പി പണപ്പിരിവിനുത്തര വാദികളായ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിക്കും ശങ്കരനാരായണ ചെട്ടിക്കും മാത്തൂ തരകനുമെതിരേ ലഹളക്കൊരുങ്ങി.

4. അവര്‍ണരുടെ തലക്ക് നികുതി പിരിച്ചിരുന്ന ഗവണ്‍മെന്റ് അത്തരമൊരു ഹീന നികുതുകൂടി ചുമത്താതെ ധനികവര്‍ഗത്തോട് പണം ആവശ്യപ്പെട്ടത് ഒരു അനീതിയായിരുന്നില്ല. വേലുത്തമ്പിയെ പോലൊരു ഫ്യൂഡല്‍ പ്രമാണി ആ നടപടിയില്‍ അരിശം കൊണ്ടതില്‍ അത്ഭുതപ്പെടാനില്ല. ആ അരിശത്തില്‍ നിന്ന് ഉടലെടുത്തതാണ് തമ്പിയുടെ ‘നീതിബോധം’. കൂടാതെ, രാജാ കേശവദാസനുശേഷം മറ്റൊരു നായരെ ദിവാനാക്കാതെ രാജാവ് ഒരു നമ്പൂതിരിയെയും ഒരു പാണ്ടി ചെട്ടിയെയും ഒരു ക്രിസ്ത്യാനിയേയും പ്രധാന ഉദ്യോഗസ്ഥന്മാരായി നിയമിച്ചതില്‍ തമ്പിക്കും കൂട്ടര്‍ക്കും ജാതിവിദ്വേഷവും ഉണ്ടായിരുന്നു.

5. 3000 രൂപ ചോദിച്ചപ്പോള്‍ മൂന്നു ദിവസത്തെ അവധി നല്‍കണമെന്നു തമ്പി ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം പണം നല്‍കിക്കൊള്ളാമെന്ന രേഖ എഴുതിവാങ്ങിക്കൊണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ തമ്പിയെ വിട്ടയച്ചു. നാട്ടിലെത്തിയ തമ്പി നാഞ്ചനാട്ടെ നായര്‍ പ്രമാണിമാരെ വിളിച്ചു കൂട്ടി ലഹളക്ക് ആഹ്വാനം ചെയ്യുകയാണുണ്ടായത്. അവരുമായി തമ്പി തിരുവനന്തപുരത്തെ കോട്ടക്കു വെളിയിലെത്തി. പരിഭ്രാന്തനായ രാജാവ് ലഹളക്കാരുടെ ഏതൊരാവശ്യവും അംഗീകരിക്കാന്‍ നിര്‍ബന്ധിതനായി. ലഹളക്കാര്‍ നാലു വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചു. ജയന്തന്‍ നമ്പൂതിരിയെ നാടുകടത്തുക, അദ്ദേഹത്തെ തിരിച്ചു വിളിക്കില്ലെന്നു വിളംബരം ചെയ്യുക, ശങ്കരനാരായണനെയും തരകനെയും പൊതു നിരത്തില്‍ വെച്ചു ചാട്ടകൊണ്ടടിക്കുകയും അവരുടെ ചെവികളറുത്തുകളയുകയും ചെയ്യുക, ഉപ്പു നികുതി നിര്‍ത്തലാക്കുക. രാജാവ് ഈ വ്യവസ്ഥകള്‍ അംഗീകരിച്ച് ശിക്ഷാ നടപടികള്‍ ഉടനെ കൈക്കൊള്ളുകയും ചെയ്തു. ശങ്കരനാരായണനെയും തരകനെയും ചെവികളറുത്ത് യഥാക്രമം ഉദയഗിരിക്കോട്ടയിലും തിരുവനന്തപുരത്തും തടവിലാക്കി. ജയന്തന്‍ നമ്പൂതിരിയെ നാടുകടത്തി. തുടര്‍ന്നു വേലുത്തമ്പി മുളകുമടിശ്ശീല സര്‍വാധികാര്യ ക്കാരനായി (കുരുമുളകു വ്യാപാരത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍)

6. ഇപ്രകാരം , ചോരപുരണ്ട കൈകളുമായിട്ടാണ് വേലുത്തമ്പി തിരുവിതാംകൂറിലെ രാഷ്ട്രീയ-ഭരണ രംഗങ്ങളിലേക്ക് കടന്നു വന്നത്. പിന്നീട് അധികാരത്തിനും പദവിക്കും വേണ്ടി തന്റെ കൈകള്‍ കൂടുതല്‍ കൂടുതല്‍ രക്തപങ്കിലമാക്കുകയും ചെയ്തു.തമ്പിയുടെ സ്ഥാനമോഹത്തെപ്പറ്റി പി ശങ്കുണ്ണിമേനോന്‍ പറയുന്നു: മുളകുമടിശ്ശീല സര്‍വാധികാര്യക്കാരനായി ഇത്രയും കാലം ജോലി ചെയ്തുകൊണ്ടിരുന്ന വേലുത്തമ്പി പ്രധാനമന്ത്രിയാകുകയെന്ന ചിരകാലാഭിലാഷം നിറവേറ്റാന്‍ ആര്‍ത്തിയോടുകൂടി സന്ദര്‍ഭവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. തന്റെ ആഗ്രഹ സാഫല്യത്തിനുള്ള മാര്‍ഗങ്ങള്‍ ഇപ്പോള്‍ അദ്ദേഹം ആരായാന്‍ തുടങ്ങുകയും ചെയ്തിരുന്നു. സ്ഥാനമോഹിയായിരുന്ന ഇദ്ദേഹത്തിന് മഹാരാജാവിന്റെ ഉപദേഷ്ടാക്കളെ യെല്ലാം സ്വാധീനിക്കാന്‍ സാധിച്ചു.

7. അയ്യപ്പന്‍ ചെമ്പകരാമന്റെ മരണശേഷം ദിവാന്‍ സ്ഥാനം തനിക്ക് ലഭിക്കണമെന്ന മോഹം തമ്പിക്കുണ്ടായിരുന്നു. എന്നാല്‍, തമ്പിയേക്കാള്‍ പ്രഗല്ഭരായ രണ്ടുപേര്‍ ആ സ്ഥാനത്തിന് അര്‍ഹരായിരുന്നു. അന്തരിച്ച രാജാ കേശവദാസന്റെ സഹോദരന്‍ തമ്പി ചെമ്പകരാമന്‍ കുമാരന്‍, കേശവദാസന്റെ അനന്തരവനായ ഇരയിമ്മന്‍ തമ്പി. അധികാരമോഹിയും ക്രൂരനുമായ വേലുത്തമ്പി ഇവരെ ഗൂഡാലോചനയിലൂടെ ചതിച്ചു കൊന്നു. ഒരു രാത്രിയില്‍ ഇവരെ കടപ്പുറത്തു കൊണ്ടുപോയി തലവെട്ടിയെടുക്കുകയാണു ചെയ്തത്. ഇപ്രകാരം ചോരപുരണ്ട കൈകളുമായി ദളവാസ്ഥാനം പിടിച്ചുപറ്റിയ തമ്പി ഒരു കൊലയാളി ഭരണത്തിനു തുടക്കം കുറിക്കുകയായിരുന്നു. തമ്പിയുടെ ഈ ‘വിജയ’ത്തെ കേരളത്തിലെ ജനകീയ മുന്നേറ്റം കൈവരിച്ച ആദ്യ വിജയമെന്നാണ് എ ശ്രീധരമേനോന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

8. ദളവയായതിനുശേഷം ക്രൂരവും ഭയാനകവുമായ ഒരു ഭരണ സംവിധാനമാണ് വേലുത്തമ്പി നടപ്പാക്കിയത്. തന്റെ പ്രവൃത്തികള്‍ക്കൊന്നും തിരിച്ചടിയുണ്ടാകരുതെന്ന കരുതലോടെ, ജനങ്ങളില്‍ ഭീതി ജനിപ്പിച്ച് അവരെ നിര്‍വീര്യരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. തമ്പിയുടെ പ്രവൃത്തികളില്‍ അതൃപ്തരായ കൊട്ടാരം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനെതിരേ ഗൂഢാലോചനയാരംഭിച്ചു. തമ്പിയുടെ എല്ലാ ചതിപ്രയോഗങ്ങള്‍ക്കും ഗൂഢമായി പ്രവര്‍ത്തിച്ച കുഞ്ഞുനീലന്‍ പിള്ള തന്നെയായിരുന്നു അപ്പോള്‍ തമ്പിക്കെതിരായ ഗൂഢാലോചനക്കും നേതൃത്വം നല്‍കിയത്.

തമ്പി ദളവയാകുന്നതിനു കൂട്ടു നില്‍ക്കുമ്പോള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അവര്‍ക്കു നേടാനായില്ല എന്നതാണ് ഇതിന്റെ മുഖ്യകാരണം. തമ്പിയേക്കാള്‍ സ്വാധീനമുണ്ടാ യിരുന്ന കൊട്ടാരം ഉദ്യോഗസ്ഥന്മാര്‍, തമ്പിയെ ദളവാ സ്ഥാനത്തു നിന്നു നീക്കാനും പിടിച്ച് കാരാഗൃഹത്തിലടച്ച് കഴുമരത്തില്‍ തൂക്കാനുമുള്ള ശ്രമം ആരംഭിച്ചു. ഇതില്‍ അവര്‍ വിജയിക്കുകയും തമ്പിയെ തൂക്കിക്കൊല്ലാന്‍ രാജാവ് ഉത്തരവിടുകയും ചെയ്തു. വിവരം രഹസ്യമായി അറിഞ്ഞ തമ്പി, കല്‍പ്പന നടപ്പാക്കും മുമ്പ് രാജ്യം വിട്ടോടി. കൊച്ചിയിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് റെസിഡന്റായ മെക്കാളെയുടെ കാല്‍ക്കല്‍ അഭയം പ്രാപിച്ചു.

മഹാരാജാവിനെ നേരിട്ടു കണ്ടു സത്യം ബോധിപ്പിക്കാന്‍ മെക്കാളെ തമ്പിയെ ഉപദേശിച്ചു. എന്നാല്‍, തൂക്കുമരത്തിലേറ്റാന്‍ വിധിക്കപ്പെട്ട കുറ്റവാളിയായ തമ്പിക്ക് രാജാവ് സന്ദര്‍ശനാനുമതി നല്‍കിയില്ല. തുടര്‍ന്ന് തമ്പിയുടെ രക്ഷക്കായി മെക്കാളെ ഒരു സൈന്യവുമായി തിരുവനന്തപുരത്ത് എത്തി. ഈ അവസരം തമ്പി വേണ്ടവണ്ണം ഉപയോഗിച്ചു. തനിക്കെതിരേ ഗൂഢാലോചന നടത്തിയ കുഞ്ഞുനീലന്‍ പിള്ള, മുത്തുപിള്ള തുടങ്ങിയവരുടെ പേരില്‍ തമ്പി ഒരു ആരോപണം ഉന്നയിച്ചു.

ചതി ആവര്‍ത്തിക്കുകയായിരുന്നു തമ്പി. രാജാ കേശവദാസന്റെ ബന്ധുക്കളായിരുന്ന ചെമ്പകരാമന്‍ കുമാരനേയും ഇരയിമ്മനേയും വധിച്ചത് കുഞ്ഞുനീലന്‍ പിള്ളയും മുത്തുപിള്ളയുമായിരുന്നു എന്ന് തമ്പി മെക്കാളെയെ ധരിപ്പിച്ചു. ഒരു കമ്മീഷനെ കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കാമെന്ന മറവില്‍ തമ്പി അവരെ തടവിലാക്കി. എന്നാല്‍, കമ്മീഷന്‍ വിചാരണ ആരംഭിക്കുന്നതിനു മുമ്പുതന്നെ തടവില്‍ കിടന്ന് അവര്‍ മരണമടയുകയാണുണ്ടായത്. ‘കേസ് വിചാരണ ഒരു കോടതി മുഖേന നടത്തുവാന്‍ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ കാര്യം എളുപ്പത്തില്‍ തീര്‍പ്പു കല്‍പ്പിക്കുവാനുള്ള ഉപായം വേലുത്തമ്പി കണ്ടുപിടിച്ചിരുന്നു.’

9. ഇപ്രകാരം ബ്രിട്ടീഷുകാരുടെ തണലില്‍ നിന്നുകൊണ്ടു സ്വന്തം ജനതയെ കൊലചെയ്ത വേലുത്തമ്പിയെയാണ്, ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ച ആദ്യ ഭരണ തന്ത്രജ്ഞന്‍ എന്നു ചില ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. മെക്കാളെയുടെ പിന്‍ബലത്തില്‍ തൂക്കുമരത്തില്‍ നിന്നു രക്ഷപെട്ട തമ്പി വീണ്ടും ദളവയായി. സാമ്പത്തിക വൈഷമ്യം തമ്പിയെ അലട്ടി. പണപ്പിരിവു നടത്തി പരിഹാരം കാണാന്‍ തമ്പിക്കു കഴിയുമായിരുന്നില്ല. മുമ്പ് ജയന്തന്‍ നമ്പൂതിരി, സാമ്പത്തിക ബുദ്ധിമുട്ടു പരിഹരിക്കാന്‍ 3000 രൂപ ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരേ കലാപം നടത്തി ദളവാ സ്ഥാനം പിടിച്ചെടുത്ത ആളാണല്ലോ അദ്ദേഹം. അതുകൊണ്ട് ഭരണച്ചെലവ് ചുരുക്കാന്‍ തീരുമാനിച്ചു. നായര്‍ പട്ടാളത്തിന്റെ അലവന്‍സ് വെട്ടിച്ചുരുക്കുക എന്നതായിരുന്നു കണ്ടുപിടിച്ച മാര്‍ഗം. ഇത് നായര്‍ പട്ടാളത്തെ പ്രകോപിപ്പിച്ചു. അവര്‍ കലാപം ആരംഭിച്ചു. തടവിലായിക്കഴിഞ്ഞിരുന്ന തമ്പിവിരോധികള്‍ കൂടി ഇതില്‍ പങ്കെടുത്തു. പട്ടാളക്കാര്‍ താവളം വിട്ടു പോകുകയും തടവില്‍ കഴിഞ്ഞവരെ തുറന്നു വിടുകയും ചെയ്തു. ലഹളക്കാരെല്ലാവരും കൂടി തിരുവനന്തപുരത്തേക്കു തിരിച്ചു. ധിക്കാരിയായ വേലുത്തമ്പിയെ പിരിച്ചുവിടുകയും തൂക്കിക്കൊല്ലുകയും അദ്ദേഹത്തിന്റെ സഹായികളെ ശിക്ഷിക്കുകയും ചെയ്യണമെന്നായിരുന്നു ലഹളക്കാരുടെ പ്രധാന ആവശ്യം.

ഈ സമയത്ത് തമ്പി ആലപ്പുഴയിലായിരുന്നു. കലാപവാര്‍ത്ത ആലപ്പുഴയിലെത്തിയപ്പോള്‍ അവിടത്തെ നായര്‍ പട്ടാളവും തമ്പിക്കെതിരേ തിരിഞ്ഞു. ഗത്യന്തരമില്ലാതെ തമ്പി കൊച്ചിയിലേക്കോടി. ഇപ്പോഴും തമ്പിക്ക് അഭയം നല്‍കിയത് ബ്രിട്ടീഷ് റസിഡന്റായ മെക്കാളെ തന്നെയാണ്. നായര്‍ പട്ടാളത്തിന്റെ അലവന്‍സ് വെട്ടിക്കുറച്ചത് കമ്പനിക്കുള്ള കപ്പം നല്‍കാനായിരുന്നെന്ന് തമ്പി മെക്കാളെയെ ധരിപ്പിച്ചു. സന്തോഷം തോന്നിയ മെക്കാളെ തമ്പിയെ സഹായിക്കാന്‍ തന്നെ തീരുമാനിച്ചു. തിരുവിതാംകൂറിന്റെ അഭ്യന്തരകാര്യങ്ങളില്‍ എങ്ങനെയും ഇടപെടാന്‍ തക്കം കാത്തിരുന്ന ബ്രിട്ടീഷുകാര്‍ക്ക് തമ്പി തികച്ചും അനുയോജ്യമായ ഒരു അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. മെക്കാളെ ഇംഗ്ലീഷ് സൈന്യത്തെ തിരുവനന്തപുരത്തേക്ക് അയക്കുകയും നായര്‍ പട്ടാളത്തെ അടിച്ചമര്‍ത്തുകയും ചെയ്തു.

10. ലഹളക്കാരെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള പദ്ധതികളുമായി തമ്പി മെക്കാളെയോടൊപ്പം ആലപ്പുഴയില്‍ വന്നു. ലഹളക്കാരെ ശിക്ഷിക്കുന്നതില്‍ തമ്പി നിര്‍ദ്ദേശങ്ങള്‍ നല്‍കി. നേതാക്കന്മാരെ തൂക്കിലേറ്റി. അനേകം യോദ്ധാക്കളെ പീരങ്കിയുടെ ദ്വാരത്തില്‍ ചേര്‍ത്തുകെട്ടി വെടിവെച്ചു തകര്‍ത്തു. പലരുടെയും തല വെട്ടിയെടുത്തു. നായര്‍ പട്ടാളത്തിന്റെ നേതാവായ കൃഷ്ണപിള്ളക്കു നല്‍കിയ ശിക്ഷ ്അതിദാരുണവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. അയാളുടെ കാലുകള്‍ രണ്ടാനകളുടെ കാലില്‍ ബന്ധിച്ച്, ആനകളെ രണ്ടുവശങ്ങളിലേക്ക് ഓടിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ അയാള്‍ രണ്ടായി കീറപ്പെട്ടു. കൃഷ്ണപിള്ളയെ ആനക്കാലില്‍ കെട്ടിയശേഷം തമ്പി ചോദിച്ചു ‘കൃഷ്ണപിള്ളേ, ഇപ്പോള്‍ താങ്കള്‍ക്ക് എന്തു തോന്നുന്നു ?’ തമ്പിയുടെ മുഖത്തുനോക്കി ആ കലാപകാരി പറഞ്ഞു ‘തെമ്മാടിയായ വേലുത്തമ്പിയുടെ വീട്ടിലെ വെല്‍വെറ്റു വിരിച്ച കട്ടിലില്‍ കിടക്കുന്നതുപോലെയുള്ള സുഖമാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്.’ സ്വന്തം പട്ടാളക്കാര്‍ ലഹള ആരംഭിച്ചപ്പോള്‍ അവരുമായി ആലോചിച്ചു പ്രശ്‌നപരിഹാരം ഉണ്ടാക്കാതെ, നാടുവിട്ടോടി ബ്രിട്ടീഷുകാരുടെ കാലുപിടിച്ച് അവരുടെ സൈന്യത്തെ വരുത്തി സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്തിയ ‘ദേശസ്‌നേഹി’യായിരുന്നു വേലുത്തമ്പി.

11. തമ്പിക്കെതിരേ ഉയര്‍ന്ന കൊട്ടാരക്കൊടുങ്കാറ്റിനേയും നായര്‍ പടയാളികളുടെ കലാപത്തേയും ബ്രിട്ടീഷ് സഹായത്തോടെ അടിച്ചമര്‍ത്താന്‍ തമ്പിക്കു കഴിഞ്ഞു. ഈ സഹായത്തിനു പ്രതിഫലമായി ബ്രിട്ടീഷുകാര്‍ ആവശ്യപ്പെട്ടതാണ് 1805 ലെ ഉടമ്പടി. മഹാരാജാവിന്റെ മറ്റ് ഉദ്യോഗസ്ഥന്മാരുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും, മെക്കാളെയും തമ്പിയും കൂടി തയാറാക്കിയ ഉടമ്പടിയില്‍ ഒപ്പു വെക്കാന്‍ രാജാവ് നിര്‍ബന്ധിതനാവുകയാണ് ഉണ്ടായത്. സൈന്യത്തെ കൊണ്ടുവന്നു തന്നെ ഭീഷണിപ്പെടുത്തിയാണ് കരാറില്‍ ഒപ്പിടുവിച്ചതെന്ന് രാജാവുതന്നെ മദ്രാസ് ഗവര്‍ണര്‍ക്ക് അന്ന് എഴുതിയിരുന്നു.
1795 ലെ ഉടമ്പടിപ്രകാരം നാലു ലക്ഷമായിരുന്നു കപ്പം. പുതിയ ഉടമ്പടി പ്രകാരം എട്ടുലക്ഷമായി. തിരുവിതാംകൂര്‍ മുഴുവനും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. തികച്ചും രാജ്യദ്രോഹപരമായ ഈ നടപടി ജനങ്ങളില്‍ കടുത്ത അസംതൃപ്തിയുളവാക്കി. ‘ദളവ റസിഡന്റുമായി യോജിക്കുവാനുള്ള കാരണവും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന ഉദ്ദേശ്യവും ഇപ്പോള്‍ പരിപൂര്‍ണമായി ബോധ്യമായിരിക്കുന്നു’ എന്ന അഭിപ്രായഗതിക്ക് തിരുവിതാംകൂറിലെങ്ങും പ്രചാരം സിദ്ധിച്ചു. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പോലും ഈ ഉടമ്പടി അടിച്ചേല്‍പ്പിച്ച നടപടി ശരിയായില്ല എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാര്‍ഥതാല്‍പര്യത്തിനുവേണ്ടി തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്ക് തീറെഴുതുകയാണ് ഉടമ്പടിയിലൂടെ തമ്പി ചെയ്തത്.

തമ്പിക്ക് ഉചിതമായ സമ്മാനം നല്‍കാനും ബ്രിട്ടീഷുകാര്‍ മറന്നില്ല. അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന വെല്ലസ്ലി പ്രഭു തമ്പിക്ക് രത്‌നം പതിപ്പിച്ച ഒരു പുറം കുപ്പായവും വീരാളിപ്പട്ടും സമ്മാനിച്ചു. ഉടമ്പടി ഒപ്പുവെക്കാന്‍ കൊല്ലത്തു ചേര്‍ന്ന ദര്‍ബാറിലും, അഞ്ചുതെങ്ങില്‍ ഉടമ്പടി സ്വീകരിക്കാന്‍ ചെന്നപ്പോഴും ഈ കുപ്പായമാണ് തമ്പി ധരിച്ചിരുന്നത്. തിരുവിതാംകൂറിന്റെ അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തി അടിമത്തം കൈവരിച്ചതിന്റെ പ്രതീകമായ പ്രസ്തുത കുപ്പായത്തോടു കൂടിയതാണ് തമ്പിയുടെ എല്ലാ പ്രധാന ചിത്രങ്ങളും. സെക്രട്ടറിയേറ്റിനു മുന്നിലുള്ള പ്രതിമ ഈ കുപ്പായം ധരിച്ചു നില്‍ക്കുന്ന തമ്പിയുടേതാണ്.

12. തന്റെ നിലനില്‍പ്പിനുവേണ്ടി തമ്പി ഏതുസഹായവും ചെയ്തുകൊടുത്തിരുന്ന മെക്കാളെയുമായുള്ള ബന്ധം ക്രമേണ വഷളാകാന്‍ തുടങ്ങി. ഇത് വളര്‍ന്ന് തുറന്ന വഴക്കില്‍ ചെന്നെത്തുകയും ചെയ്തു. മെക്കാളെയെ വധിച്ച് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുമായി കരാറുണ്ടാക്കാനായിരുന്നു പിന്നത്തെ ശ്രമം. അതു പരാജയപ്പെട്ടു. വേലുത്തമ്പിക്ക് മെക്കാളെയോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യവും അതിനെ തുടര്‍ന്നു നടന്ന വധശ്രമവും തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കപ്പെടു കയാണുണ്ടായത്.

1805 ലെ ഉടമ്പടി പ്രകാരമുള്ള എട്ടുലക്ഷം രൂപ നല്‍കാന്‍ തമ്പിക്കു കഴിയാതെ വന്നു. തുക എട്ടുലക്ഷമായി വര്‍ധിപ്പിച്ചതു തമ്പിതന്നെയായിരുന്നു എന്നത് ഇവിടെ സ്മര്‍ത്തവ്യമാണ്. രണ്ടുവര്‍ഷത്തേക്ക് അനുവദിച്ച ഇളവ് സ്ഥിരമായി നേടാമെന്ന മോഹമുണ്ടായിരുന്നു തമ്പിക്ക്. ഇങ്ങനെയൊരു ധാരണ അദ്ദേഹം കൊട്ടാരത്തില്‍ സൃഷ്ടിക്കുകയും ചെയ്തു. കരാര്‍ ഒപ്പിട്ടതിന്റെ പേരില്‍ തന്റെ യശസ്സിനുണ്ടായ കളങ്കത്തില്‍ നിന്നു കുറച്ചെങ്കിലും രക്ഷപ്പെടാന്‍ ഇത് ആവശ്യമായിരുന്നു. എന്നാല്‍, തുടര്‍ന്നും ഇളവ് അനുവദിക്കാന്‍ സാധ്യമല്ല എന്ന് മെക്കാളെ പറഞ്ഞപ്പോള്‍, അത് തമ്പിക്ക് ഒരു കനത്ത പ്രഹരമായി. കമ്പനിക്കു നല്‍കേണ്ട കപ്പം കൃത്യമായി നല്‍കാന്‍ കഴിവുള്ള ഒരാളെ ദളവയായി നിയമിക്കാന്‍ മെക്കാളെ രാജാവിനെ ഉപദേശിച്ചു. കൂടാതെ, മാസം 500 രൂപ പെന്‍ഷന്‍ വാങ്ങി മലബാറിലെ ചിറക്കലില്‍ പോലി താമസിക്കാന്‍ തമ്പിയോടു മെക്കാളെ നിര്‍ദ്ദേശിക്കുകയും ചെയ്തു.
13. ഈ അവസരത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചു നിര്‍ത്താന്‍ മറ്റൊരു കൊലപാതകവും തമ്പി നടത്തി. രാജാവിന്റെ സ്ഥാനപതിയും മെക്കാളെയുടെ ആശ്രിതനുമായിരുന്നു ഇപ്രാവശ്യം തമ്പിയുടെ ക്രൂരതക്ക് ഇരയായത്. രാജാവും മെക്കാളെയും തമ്മിലുള്ള കത്തിടപാടുകള്‍ക്കു മധ്യവര്‍ത്തിയായിരുന്നു സുബ്ബയ്യന്‍. അങ്ങനെയിരിക്കുമ്പോഴാണ് സുബ്ബയ്യന്‍ ആലപ്പുഴയില്‍ ചെന്നു തമ്പിയെ സന്ദര്‍ശിച്ചത്. രാത്രിയില്‍ ദിവാനുമായി സംഭാഷണം നടത്തിക്കൊണ്ടിരിക്കവെ മുറ്റത്തിറങ്ങിയ സുബ്ബയ്യന്‍ പിന്നീടു തിരികെ വന്നില്ല. തമ്പിയുടെ ആളുകള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടി കൊല്ലുകയാണുണ്ടായത്. തെങ്ങിന്‍ തോപ്പില്‍ സുബ്ബയ്യന്‍ പാമ്പുകടിയേറ്റു മരിച്ചെന്നാണ് പുറത്തു നല്‍കിയ വാര്‍ത്ത. സുബ്ബയ്യന്റെ വധം മെക്കാളെയെ കൂടുതല്‍ കുപിതനാക്കി.

14. മെക്കാളെയെ വധിക്കാന്‍ തീരുമാനിച്ച വേലുത്തമ്പി അതിന് വളരെ തന്ത്രപൂര്‍വം ഒരു പദ്ധതിയിട്ടു. കപ്പം അടച്ചുതീര്‍ക്കാന്‍ കഴിവില്ലാത്തിനാല്‍ 500 രൂപ പെന്‍ഷന്‍ വാങ്ങി ദളവാ സ്ഥാനം ഒഴിയാമെന്നും ചിറക്കലില്‍ പോയി താമസിച്ചുകൊള്ളാമെന്നും തമ്പി മെക്കാളെയെ അറിയിച്ചു. തന്റെ സുരക്ഷിത യാത്രക്ക് ഏതാനും പട്ടാളക്കാരെ അയച്ചുകൊടുക്കണമെന്ന് തമ്പി മെക്കാളെയോട് ആവശ്യപ്പെട്ടു. തമ്പിയുടെ തീരുമാനത്തില്‍ സന്തോഷം തോന്നിയ മെക്കാളെ, തന്റെ വസതിക്കു കാവല്‍ നിന്ന പട്ടാളക്കാരില്‍ ഒരു വിഭാഗത്തേയും തന്റെ പല്ലക്കും ബോട്ടും തമ്പിക്കുവേണ്ടി ആലപ്പുഴയിലേക്ക് അയച്ചുകൊടുത്തു. ഇതേസമയം പാലിയത്തച്ഛന്റെ സൈന്യവും കൊച്ചിയിലെത്തി.

1808 ഡിസംബര്‍ 29 നു രാത്രി 600 പേര്‍ വരുന്ന തമ്പിയുടെ സൈന്യം മെക്കാളെയുടെ വസതി വളഞ്ഞ് വെടിവെക്കാന്‍ തുടങ്ങി. മെക്കാളെ ഒരു രഹസ്യമുറിയില്‍ കയറിയിരുന്നു രക്ഷപെട്ടു. തോറ്റുമടങ്ങിയ തമ്പിയുടെ സൈന്യം മറ്റൊരു കൂട്ടക്കൊല നടത്തി. വഴിയില്‍ കണ്ട ‘മാര്‍ഗക്കാരെ’ (ക്രിസ്തുമതക്കാരെ) യല്ലാം വെടിവെച്ചു കൊല്ലുകയും ഒട്ടേറെ സ്ത്രീപുരുഷന്മാരെ കൈകള്‍ ബന്ധിച്ചു കായലില്‍ എറിയുകയും ചെയ്തു. (കൊച്ചിയില്‍ നിന്നു വള്ളത്തില്‍ വിനോദയാത്ര പോയിരുന്ന ഒരു ബ്രിട്ടീഷ് സംഘത്തെ കൊന്ന് പള്ളാത്തുരുത്തിയാറ്റില്‍ കല്ലുകെട്ടിത്താഴ്ത്തിയതാണ് ആ സംഭവം) തമ്പി നടത്തിയ ഈ കൂട്ടക്കൊല രാജ്യത്തിനു തീരാക്കളങ്കമാണ് ഉണ്ടാക്കിയതെന്നും ഒരു തിരുവിതാംകൂറുകാരനും ന്യായീകരിക്കാനാവാത്ത ഈ ദ്രോഹനടപടി തിരുവിതാംകൂര്‍ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ ഒരു ഏടായി മാറിയെന്നും നാഗമയ്യ അഭിപ്രായപ്പെട്ടിരിക്കുന്നു.

തിരുവിതാംകൂര്‍ രാജാവിനോ പടത്തലവനോ തമ്പിയുടെ ഈ ആക്രമണത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല. ദളവാസ്ഥാനം ദുരുപയോഗപ്പെടുത്തി സ്വന്തം ഇച്ഛാനുസരണമാണ് തമ്പി മെക്കാളെയുമായി ഏറ്റുമുട്ടിയത്. തിരുവിതാംകൂര്‍ സൈന്യത്തേക്കാള്‍ പതിന്മടങ്ങ് ശക്തമായ ബ്രിട്ടീഷ് സൈന്യവുമായി ഒരു ഏറ്റുമുട്ടലിനു രാജ്യം ശക്തമല്ലെന്നും, അത് കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ക്ക് ഇടവരുത്തുമെന്നും പടത്തലവനായ മാര്‍ത്താണ്ഡന്‍ ചെമ്പകരാമന്‍ നേരത്തെ തന്നെ രാജാവിനെ ഉപദേശിച്ചിരുന്നു. മെക്കാളെയുമായി ഏറ്റുമുട്ടിയതുവഴി രാജ്യത്തെ വലിയൊരു വിപത്തില്‍ കൊണ്ടെത്തിക്കുകയായിരുന്നു തമ്പി.
5. തമ്പിയുടെ വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട മെക്കാളെ, കൂടുതല്‍ സൈന്യത്തെ അയക്കാന്‍ മദ്രാസ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇതിനിടെ കൊല്ലത്തെ ഇംഗ്ലീഷ് സൈന്യത്തെ ആക്രമിക്കാന്‍ തമ്പി ഉത്തരവു നല്‍കി. എന്നാല്‍, ജനറല്‍ ചാമേഴ്‌സിന്റെ ഇംഗ്ലീഷ് സൈന്യത്തിന് തമ്പിയുടെ സൈന്യത്തെ നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ കഴിഞ്ഞു. ഈ സമയത്താണ് (1809 ജനുവരി 14 ന് ) തമ്പി കുണ്ടറയില്‍ വിളംബരം പുറപ്പെടുവിച്ചത്. സൈനിക ആക്രമണത്തിലൂടെ ബ്രിട്ടൂകാരെ തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന വേലുത്തമ്പിയാണ് ഒരു വിളംബരത്തിലൂടെ അത് നേടാന്‍ ശ്രമിച്ചത്. ഇതിനുശേഷം ആരുവാമൊഴിയിലുണ്ടായ യുദ്ധത്തിലും തമ്പി തോറ്റു. തിരുവിതാംകൂര്‍ സൈന്യവും കമ്പനി സൈന്യവും ചേര്‍ന്ന് തമ്പിയെ തെരഞ്ഞു പിടിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. തന്റെ ഭരണകാലത്ത് തമ്പി നടത്തിയ എല്ലാ പാതകങ്ങള്‍ക്കും കണക്കുകൊടുക്കാനുള്ള സമയമായെന്നതിന്റെ സൂചനയായിരുന്നു അത്.

16. രാജകിങ്കരന്മാര്‍ തന്നെ തിരയുന്നുണ്ടെന്നറിഞ്ഞ തമ്പി ഓടി ഒളിക്കുകയാണ് ചെയ്തത്. വെല്ലുവിളികള്‍ നേരിട്ട് പൊരുതി മരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. അദ്ദേഹത്തിന്റെ ധീരപരാക്രമണങ്ങളെല്ലാം നിരായുധരായ സ്വന്തം ജനങ്ങളോടായിരുന്നു. നേരിട്ട് പടനയിക്കാനുള്ള ധൈര്യമോ കൗശലമോ തമ്പിക്കുണ്ടായിരുന്നില്ല. കൊല്ലത്തേയും കൊച്ചിയിലേയും ആരുവാമൊഴിയിലേയും പടക്കളങ്ങലില്‍ തമ്പി ഉണ്ടായിരുന്നില്ല. കൊല്ലത്തു യുദ്ധം നടന്നപ്പോള്‍ കുണ്ടറയില്‍ ചെന്നു വിളംബരം പുറപ്പെടുവിക്കാനേ തമ്പിക്കു കഴിഞ്ഞുള്ളൂ. ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് ഒളിച്ചോടുകയാണ് അദ്ദേഹം ചെയ്തത്. തിരുവിതാംകൂറില്‍ അദ്ദേഹത്തിന് അഭയം നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്വന്തം സമുദായക്കാരും അദ്ദേഹത്തെ കൈവിട്ടിരുന്നു. നായര്‍ പടത്തലവനാ യിരുന്ന കൃഷ്ണപിള്ളയോടു കാണിച്ച ക്രൂരത അത്രക്കും കടുത്തതായിരുന്നു!

17. കുണ്ടറ വിളംബരം അതിപ്രധാനമായ ഒരു ചരിത്രരേഖയായി കരുതുന്നവരുണ്ട്. എന്നാല്‍, അതിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്ര സത്യങ്ങളെ വളരെയധികം വളച്ചൊടിച്ച, അബദ്ധ പ്രസ്താവനകള്‍ കൊണ്ടു നിറച്ച ഒരു വിളംബരമാണെന്നു കാണാന്‍ പ്രയാസമില്ല. വിളംബരം ഒപ്പുവെച്ചതും പ്രസിദ്ധപ്പെടുത്തിയതും വേലുത്തമ്പിയാണ്. തിരുവിതാംകൂറില്‍ വിളംബരം പുറപ്പെടുവിക്കാനുള്ള അധികാരം രാജാവിനു മാത്രമുള്ളതായിരുന്നു. വിളംബരത്തിന്റെ ഉള്ളടക്കം രാജ്യത്തിന്റെയും രാജാവിന്‍രെയും താല്‍പ്പര്യത്തിനു വിരുദ്ധമായിരുന്നു. ഈ വിളംബരം മഹാരാജാവ് നിഷേധിക്കുകയാണുണ്ടായത്. അതിനുമുമ്പ് തമ്പിതന്നെ മഹാരാജാവിനെ കണ്ട് വിളംബരം നിഷേധിക്കാന്‍ ഉപദേശിച്ചിരുന്നു. പുറപ്പെടുവിച്ച ആള്‍ തന്നെ നിഷേധിക്കുക വഴി വിളംബരത്തിന്റെ ചരിത്രപരമായ സാധ്യത നഷ്ടപ്പെടുത്തുകയാണുണ്ടായത്.

18. വിളംബരത്തിലെ അസത്യപ്രസ്താവനകള്‍ക്ക് ചില ഉദാഹരണങ്ങള്‍ എടുക്കാം. ഒന്നാമതായി, 1808 ലെ യുദ്ധം ആരംഭിച്ചത് കമ്പനിയാണെന്ന് വിളംബരത്തില്‍ പറയുന്നു. യഥാര്‍ഥത്തില്‍ മെക്കാളെയുടെ വസതിയാക്രമിച്ചു യുദ്ധം തുടങ്ങിയത് തമ്പിതന്നെയായിരുന്നു. 1795 ലെ ഉടമ്പടിപ്രകാരം 6 ലക്ഷം രൂപ കപ്പം കൊടുക്കണമായിരുന്നെന്നും പിന്നീടു 2 ലക്ഷം കൂടി ആവശ്യപ്പെട്ടെന്നുമാണ് വിളംബരത്തില്‍ പറയുന്നത്. യഥാര്‍ഥത്തില്‍ 1795 ലെ ഉടമ്പടി പ്രകാരം 4 ലക്ഷമായിരുന്നു കമ്പനിക്കു നല്‍കേണ്ടിയിരുന്നത്. 1805 ല്‍ തമ്പിതന്നെയാണ് അത് 8 ലക്ഷമായി വര്‍ധിപ്പിച്ചു നല്‍കാന്‍ സമ്മതിച്ചത്. യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ ജയിച്ചാല്‍ ക്ഷേത്രങ്ങളില്‍ കുരിശുകൊടി കെട്ടിയും ബ്രാഹ്മണ സ്ത്രീകളെ ബലാത്സംഗം ചെയ്തും മറ്റുദ്രോഹപ്രവൃത്തികള്‍ ചെയ്തും അധര്‍മ്മം പ്രവൃത്തിക്കുമെന്ന് വിളംബരത്തിന്റെ അവസാനഭാഗത്ത് തമ്പി പ്രസ്താവിച്ചിട്ടുണ്ട്. യുദ്ധത്തില്‍ ജയിച്ചത് ഇംഗ്ലീഷുകാര്‍ തന്നെ. എന്നാല്‍, തമ്പി പറഞ്ഞ അധര്‍മ്മമൊന്നും അവര്‍ പ്രവര്‍ത്തിച്ചില്ല.

19. വേലുത്തമ്പി ദളവ സ്വാതന്ത്രസമരം എന്ന ആശയം പോലും രൂപം കൊള്ളാത്ത ഒരു കാലത്ത് സ്വാർഥ മോഹത്തിനു വേണ്ടി ബ്രീട്ടീഷുകാർക്കെതിരേ സ്വകാര്യ കലാപക്കൊടി ഉയർത്തിയ വേലുത്തമ്പിയുടെ പ്രവൃത്തികൾക്ക് ദേശാഭിമാനത്തിന്റെയും സ്വാതന്ത്ര തൃഷ്ണയുടെയും പരിവേഷം നൽകുന്നത് അഭികാമ്യമല്ല. ബ്രട്ടീഷുകാരെ മരണം വരെ എതിർത്ത ഒരൊറ്റ രാജ്യസ്നേഹിയേ ഇൻഡ്യയിലുണ്ടായിരുന്നിട്ടുള്ളൂ.അത് ടിപ്പു സുൽത്താനാണ്.അദ്ദേഹത്തിന്റെ രാഷ്ട്രീയബോധമോ ക്രാന്തദർശിത്വമോ സന്ധിയില്ലാത്ത സമരസന്നദ്ധതയോ വേറെ ആരും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തെ തോൽപ്പിച്ച് ബ്രട്ടീഷ് ഭരണം ഇവിടെ ഉറപ്പിക്കാനാണ് മഹാരാഷ്ട്രന്മാരും കേരളത്തിലെ നാടുവാഴികളും ശ്രമിച്ചിട്ടുള്ളത്. എം.കെ കുമാരൻ പറയുന്നു :- വെളിയിൽ നിന്നു പത്തിരുനൂറു പട്ടാളക്കാരുമായി വന്നു കയറിയ എല്ലാ ആക്രമണകാരികളുടെയും മുമ്പിൽ കീഴടങ്ങി സ്ത്രീകളെപ്പോലും അവർക്ക് കാഴ്ചവെച്ചവരാണ് ക്ഷത്രിയ വർഗ്ഗത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്ന ഇൻഡ്യൻ ഭരണ വർഗ്ഗങ്ങൾ. സാമാന്യജനങ്ങളെ അടിച്ചമർത്തി ഭരണം നടത്തിയിരുന്ന ഈ ഭരണവർഗ്ഗങ്ങൾക്ക് ഫലപ്രദമായ ഒരു ദേശീയ പ്രതിരോധം സംഘടിപ്പിക്കുവാൻ കഴിയുമായിരുന്നില്ല.!
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.