Fri. Nov 20th, 2026

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം കനകദുർഗ ഇന്നലെ പെരിന്തൽമണ്ണയിലെ ഭർതൃവീട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും വീട്ടിൽ താമസിപ്പിക്കുന്നതിന് ഭർത്താവും വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന്, സ്ത്രീകൾക്കുവേണ്ടിയുള്ള താൽക്കാലിക ആശ്വാസകേന്ദ്രമായ സഖി വൺ സ്റ്റോപ് സെന്ററിലേക്കു കനകദുർഗയെ മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കനകദുർഗ ഇന്നലെ രാത്രി ഏഴോടെയാണ് പെരിന്തൽമണ്ണയിലെത്തിയത്.

ഭർത്താവ് കൃഷ്ണനുണ്ണിയുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും ഹിന്ദു സമൂഹത്തോട് മാപ്പുപറയാതെ വീട്ടിൽ കയറ്റില്ലെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ കനക ദുർഗ്ഗ അതിന് തയ്യാറായില്ല. റസിഡൻസ് ഓർഡർ ലഭിക്കാൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചാൽ നിയമപരമായി കനക ദുർഗ്ഗയ്ക്ക് ആ വീട്ടിൽ തന്നെ താമസിക്കാനാവും എന്നതിനാൽ അതേക്കുറിച്ച് ആലോചിക്കുകയാണ് സുഹൃത്തുക്കൾ. അതിനായി പിന്നീട് രാത്രി പത്തരയോടെ ഇവരെ സഖി വൺ സ്റ്റോപ് സെന്ററിലേക്കു മാറ്റുകയായിരുന്നു.

ശബരിമല സന്ദർശനത്തിനു ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ കനകദുർഗയും ഭർതൃമാതാവ് സുമതിയമ്മയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പരുക്കേറ്റ കനകദുർഗ 5 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള സുരക്ഷാസംഘത്തോടൊപ്പം ഇന്നലെ പെരിന്തൽമണ്ണയിലെത്തിയത്.

ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് ശബരിമല ദർശനം നടത്തിയ കനകദുർഗയെ ഹിന്ദു സമൂഹത്തോട് മാപ്പുപറയാതെ വീട്ടിൽ കയറ്റില്ലെന്ന നിലപാടിലാണ് സംഘി കുടുംബമായ ബന്ധുക്കൾ.തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിൽ സംബന്ധിച്ച്‌ കനകദുർഗയുടെ സഹോദരൻ എന്നവകാശപ്പെട്ട് ഒരു ബന്ധു സഹോദരിയുടെ ആചാര ലംഘനത്തിന് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.