Sat. Nov 21st, 2026

എന്‍എസ്‌എസിനെതിരേ പരിഹാസവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയും എന്‍എസ്‌എസും അണ്ണനും തമ്പിയുമാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.അവരുടെ പ്രവർത്തകരെയും അവരുടെ നിലപാടുകളെയും പരിശോദിച്ചാൽ അത് വ്യക്തമാകും.പല സ്ഥലത്തുംകരയോഗം കമ്മറ്റി വിളിച്ചാൽ ബിജെപി കമ്മറ്റിയും കൂടാം എന്നതാണ് സ്ഥിതി.ബിജെപിയുടെ 14 ജില്ലാപ്രസിഡൻതുമാരിൽ 12 പേരും നായന്മാരും ബാക്കി 2 പേർ ബ്രാഹ്മണരുമാണ്.

ശബരിമല വിഷയത്തോടെ എന്‍എസ്‌എസ് ബിജെപിക്ക് പൂർണ്ണമായും കീഴടങ്ങി. സമദൂരം എന്നത് എന്‍എസ്‌എസിന്റെ കാര്യം നേടാനുള്ള അടവാണ്. മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കത്ത് അയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് വെള്ളാപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്.

മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്എസ് പ്രശംസിച്ചിരുന്നു. സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. സമുദായത്തിന്‍റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് മോദിക്ക് അയച്ച കത്തില്‍ പറയുന്നു.