Mon. Nov 23rd, 2026

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ‘വി’ഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമര രംഗത്തുണ്ടായിരുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ.അഗസ്റ്റിന്‍ വട്ടോളിക്ക് സഭാ നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ചാന്‍സിലര്‍ ഫാ. ജോസ് പൊള്ളയില്‍ എന്നിവരാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഈ മാസം 11 നാണ് നോട്ടീസ് നല്‍കിയത്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയക്കലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 14 ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഈ സമിതിയുടെ കണ്‍വീനറാണ് ഫാ.അഗസ്റ്റിന്‍ വട്ടോളി. സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന സമരത്തില്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പങ്കെടുക്കുകയും ചെയ്തിരുന്നു.

സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നായിരുന്നു സഭാ നേതൃത്വം 11 ന് അദ്ദേത്തിന് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്ന ഒന്നാമത്തെ കാര്യം. വൈദികന്റെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു നടപടിയുണ്ടാകുന്നത് സഭയക്ക് പൊതുസമൂഹത്തില്‍ ഗുരുതരമായ അപകീര്‍ത്തിയുണ്ടാകാന്‍ കാരണമാകുമെന്നും അതിനാല്‍ ഇത്തരം നടപടികളില്‍ നിന്നും മാറി നില്‍ക്കണമെന്ന് ശക്തമായി ആവശ്യപെടുകയാണെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കാനോനിക നിയമമനുസരിച്ചുള്ള സഭാനടപടികള്‍ നേരിടേണ്ടി വരുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. സഭ അനുശാസിക്കുന്ന വിധത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി വിരളമായിട്ടാണ് പങ്കെടുക്കുന്നതെന്നും പ്രസംഗവും പ്രവര്‍ത്തികളും സഭാ നേതൃത്വത്തിനെതിരാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

സഭയക്കെതിരെ നിലപാടു സ്വീകരിക്കുന്നവരുമായും തീവ്രനിലപാടുള്ളവരും നിരീശ്വരവാദികളുമായും ഫാ,അഗസ്റ്റിന്‍ വട്ടോളി അടുത്തു ബന്ധം പുലര്‍ത്തുന്നതായും നോട്ടീസില്‍ വ്യക്തമാക്കുന്നു. മാതാവിന്റെ മടിയില്‍ യേശു ക്രിസ്തു കിടക്കുന്ന പ്രതിമയായ സ്റ്റാ്ച്യു ഓഫ് പിയാത്തയെ നിന്ദിക്കുന്ന വിധത്തില്‍ മാതാവിന്റെ മടിയില്‍ കന്യാസത്രീ കിടക്കുന്ന വിധത്തിലുള്ള പോസ്റ്റര്‍ സെക്രട്ടറിയേറ്റ് മാര്‍ചിന്റെ ഭാഗമായി അവതരിപ്പിച്ചുവെന്നും ഇത് കാനന്‍ നിയമ പ്രകാരം കുറ്റകരമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.ഇക്കാര്യങ്ങളിലെല്ലാം ഈ മാസം 25 നകം വിശദീകരണം നല്‍കണമെന്നും ഇത് തൃപ്തികരമല്ലെങ്കില്‍ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

സമൂഹത്തില്‍ ഏതൊരു നീതി നിഷേധത്തിനെതിരെയും എന്നും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് ഫാ.അഗസ്റ്റിന്‍ വട്ടോളിയെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നും എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വം പിന്മാറണമെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) നേതാക്കള്‍ പറഞ്ഞു. ഫാ.അഗസ്റ്റിന്‍ വട്ടോലിയെ കുടുക്കാനാണ് അതിരൂപത നേതൃത്വം ശ്രമിക്കുന്നത്. ഇതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ എഎംടിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കേരള സമൂഹമവും അല്‍മായരും ഫാ.അഗസ്റ്റിന്‍ വട്ടോളിക്കൊപ്പമുണ്ടാകുമെന്നും എഎംടി നേതാക്കള്‍ പറഞ്ഞു.