Sat. Nov 21st, 2026

കെ.കെ. കൊച്ച്

ബ്രിട്ടീഷുകാരുടെ കാലത്ത് സതി നിർത്തലാക്കിയതിനെതിരെ ആചാര സംരക്ഷണത്തിനായി ഹിന്ദുക്കളുടെ കലാപമുയർന്നപ്പോൾ വൈസ്രോയിയായിരുന്ന വില്യം ബെന്റിക് പ്രഭു പറഞ്ഞു ‘അവർ സ്ത്രീകളെ തീയിലെറിഞ്ഞാൽ ഞങ്ങൾ അവരെ കയറിൽ തൂക്കും’. ഇത്തരം ചരിത്രാനുഭവങ്ങളെ മുൻനിർത്തിയാണ് ഫൂലെയും ശ്രീനാരായണ ഗുരുവും ബ്രിട്ടീഷ് ഭരണത്തിൽ നന്മകണ്ടെത്തിയതും ഡോ.ബി.ആർ.അംബേദ്കർ ഭരണകൂടത്തോട് കണക്ക് പറയാൻ മുന്നോട്ടുവന്നതും എന്ന്‌ സർക്കാർ മറക്കാതിരിക്കുക.

ഞാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയോ സി.പി.എം.നെയോ അംഗീകരിക്കുന്നില്ല. അതേ സമയം സാമൂഹ്യ രാഷ്ട്രീയവിഷയങ്ങളിൽ സാമുദായിക രാഷ്ട്രീയ പ്രശ്നങ്ങളുടെ സ്വാധീനം വിലയിരുത്താറുണ്ട്. ഇനി കാര്യത്തിലേക്ക് കടക്കാം.

ശബരിമല സംരക്ഷണത്തിനു വേണ്ടിയുള്ള സ്ത്രീകളുടെ തെരുവുപ്രകടനങ്ങളും സംഘപരിവാർ അടക്കമുള്ള ഹിന്ദുത്വശക്തികളുടെ നാമജപയാത്രകളും വലിയ തോതിൽ മാധ്യമശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരുന്നപ്പോൾ ആണല്ലോ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സമരങ്ങളിലൂടെ ഹിന്ദുക്കൾ ഏകീകരിക്കപ്പെടുമെന്നാണല്ലോ സംഘപരിവാർ അവകാശപ്പെടുന്നത്. ഇത് യാഥാർത്ഥ്യമാണെങ്കിൽ ഭൂരിപക്ഷം സീറ്റുകളും ലഭിക്കേണ്ടത് ബി.ജെ.പി.ക്കാണ്. എന്നാൽ സംഭവിച്ചതെന്താണ്? വളരെ ചെറിയ ഭൂരിപക്ഷത്തിൽ ഒരു സീറ്റിൽ മാത്രമാണ് ആ പാർട്ടിയുടെ സ്ഥാനാർത്ഥി ജയിച്ചത്. ഇതിനർത്ഥം ശബരിമല സമരത്തിലൂടെ ബി.ജെ.പി.ക്കൊരു വോട്ടുബാങ്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ്.

മറ്റൊരു ശ്രദ്ധേയമായ കാര്യം കോൺഗ്രസ്സിന് 6 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എന്നതാണ്. പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യൻ-മുസ്ലീം വോട്ടുകളും ആചാര സമരത്തിലൂടെ ലഭിക്കുന്ന ഹിന്ദു വോട്ടുകളും ചേരുമ്പോൾ ഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസ്സ് ജയിക്കേണ്ടതായിരുന്നു. എന്നാൽ കോൺഗ്രസ്സും സംഘപരിവാറും മുമ്പൊരിക്കലുമില്ലാത്ത വിധത്തിൽ സി. പി.എം.നെയും മുഖ്യമന്ത്രിയെയും എതിർത്തിട്ടും ബഹുഭൂരിപക്ഷമായ 13 സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിച്ചു.

ഇതിനു കാരണം ശബരിമല സമരത്തിൽ എൻ.എസ്സ്.എസ്സിലൂടെയുളള നായർ പങ്കാളിത്തമാണ്. ബ്രാഹ്മണ ക്ഷത്രിയ സഖ്യത്തിലേക്ക് ശൂദ്രരായ നായരും കടന്നു വന്നതോടെ പിന്നാക്ക -ദലിത ജനങ്ങളുടേതായ അപ്രഖ്യാപിതമായ ഒരു സഖ്യം രൂപപ്പെട്ടു. സംഘ പരിവാറിന്റെ കൊട്ടിഘോഷിക്കപ്പെട്ട നേട്ടം മുസ്ലീങ്ങളേയും സുറിയാനികളൊഴിച്ചുള്ള ക്രൈസ്തവരെയും അരക്ഷിതത്വത്തിന്റെ മുൾമുനയിൽ നിർത്തിയതോടെ അവരും മുൻ ചൊന്ന സഖ്യത്തിലേർപ്പെടാൻ നിർബന്ധിതരായി തീർന്നു എന്നതാണ് യാഥാർത്ഥ്യം .

ഈയൊരു പശ്ചാത്തലത്തിൽ വേണം വിമോചന സമരത്തെ പുനർ വായിക്കേണ്ടത്. വിമോചന സമരം കമ്യൂണിസ്റ്റ് ഗവൺമെൻറിനെതിരെ എന്നതിനുപരി ഈഴവ-ദലിത് സമുദായങ്ങൾക്കെതിരായ നായർ – ക്രൈസ്തവ പ്രമാണിമാരുടെ കുരിശുയുദ്ധമായിരുന്നു. ഈ പ്രതിലോമ സമരകാലത്ത് ദലിത്-പിന്നാക്ക ജനതകളുടെ മുഖ്യാവലംബം കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഈ ജനതകളോട് നീതി പുലർത്താൻ കഴിഞ്ഞില്ല. ദലിതരൊന്നടങ്കം നിശ്ശബ്ദരായിരുന്നപ്പോൾ പിന്നാക്കക്കാരുടെ ഒറ്റപ്പെട്ട ശബ്ദം മാത്രമാണ് പ്രതിരോധം സൃഷ്ടിച്ചത്.

ഇന്നാകട്ടെ സ്ഥിതിഗതികൾ മാറിയിരിക്കുന്നു. ദലിത് പിന്നാക്ക ജനതകൾ പാർട്ടിയിലല്ല ഭരണഘടനയിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നത്. തന്മൂലം കമ്യൂണിസ്റ്റ് പാർട്ടികളെ മറികടന്ന് നവോത്ഥാന ചരിത്രവും ഭരണഘടനാവകാശങ്ങളും ആധുനിക ജനാധിപത്യത്തിന്റെ സംഭാവനയായ സ്ത്രീ പുരുഷ സമത്വവും ഒന്നുചേർന്ന് ശക്തമായൊരു പ്രത്യയശാസ്ത്ര വ്യവഹാര മണ്ഡലമായി മാറിയിട്ടുണ്ട്. ഈ പ്രത്യയശാസ്ത്ര വ്യവഹാരമണ്ഡലത്തെ ഉൾക്കൊള്ളാതിരിക്കുന്നതിനാലാണ് ഹിന്ദുക്കളുടെ ആചാര സംരക്ഷണത്തിനായി ചില ക്രിസ്‌ത്യൻ മുസ്ലീം നേതാക്കളുടെ ഒറ്റപ്പെട്ട ശബ്ദങ്ങളുയരുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കി സ്ത്രീകളുടെ തുല്യത ഉറപ്പിക്കാനും നൂറ്റാണ്ടുകളായി ആർത്തവത്തിലൂടെ സ്ത്രീ ശരീരം മലിനമാണെന്ന പൊതുബോധത്തെ തുടച്ചു നീക്കാനും സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ സി.പി.എം.ന്റെ സ്ഥാനം കോൺഗ്രസ്സിനും സംഘപരിവാറിനും ഒപ്പമായിരിക്കും. അനീതികളെ ഇല്ലാതാക്കാൻ ഭരണകൂടത്തിന് വേണ്ടത് രാഷ്ട്രീയ ഇഛാശക്തിയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് സതി നിർത്തലാക്കിയതിനെതിരെ ആചാര സംരക്ഷണത്തിനായി ഹിന്ദുക്കളുടെ കലാപമുയർന്നപ്പോൾ വൈസ്രോയിയായിരുന്ന വില്യം ബെന്റിക് പ്രഭു പറഞ്ഞു ‘അവർ സ്ത്രീകളെ തീയിലെറിഞ്ഞാൽ ഞങ്ങൾ അവരെ കയറിൽ തൂക്കും’ . ഇത്തരം ചരിത്രാനുഭവങ്ങളെ മുൻനിർത്തിയാണ് ഫൂലെയും ശ്രീനാരായണ ഗുരുവും ബ്രിട്ടീഷ് ഭരണത്തിൽ നന്മകണ്ടെത്തിയതും ഡോ.ബി.ആർ.അംബേദ്കർ ഭരണകൂടത്തോട് കണക്ക് പറയാൻ മുന്നോട്ടുവന്നതും എന്ന്‌ സർക്കാർ മറക്കാതിരിക്കുക.