ഇന്തോനേഷ്യൻ ദ്വീപായ സുലാവെസിയെ തകർത്തെറിഞ്ഞ കൂറ്റൻ സൂനാമിയിൽ മരിച്ചവരുടെ എണ്ണം 1234 ആയി. ദേശീയ ദുരന്ത നിവാരണ ഏജൻസിയാണ് പുതിയ മരണ സംഖ്യ പുറത്തുവിട്ടത്. ഇന്നലെ വരെ 844 പേരായിരുന്നു ആകെ മരിച്ചത്. 7.5 തീവ്രതയിലുണ്ടായ ഭൂമികുലുക്കം ആറ് മീറ്ററോളം ഉയരത്തിലുള്ള സുനാമിയിലേക്ക് നയിച്ചതോടെ സുലാവെസി ദ്വീപ് ദുരന്തഭൂമിയായി മാറുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് ദ്വീപിനെ മുക്കി 20 അടി ഉയരത്തിൽ സൂനാമിയെത്തിയത്. മൂന്നുതവണ ആഞ്ഞടിച്ച കൂറ്റൻ തിരമാലകളിൽ ആയിരക്കണക്കിന് വീടുകളും ഷോപ്പിങ് മാളുകളും പള്ളികളുമുൾപ്പെടെ നിലംപൊത്തി.
രക്ഷപ്പെട്ടവർ കൂട്ടം ചേർന്ന് പലായനം നടത്തുന്ന സാഹചര്യത്തിൽ പ്രേതഭൂമിയായി മാറിയിരിക്കുകയാണ് സുലാവെസി. രക്ഷാപ്രവർത്തകർ ഇനിയും ചില മേഖലകളിൽ എത്താൻ ബാക്കിയുള്ളതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.