ഇന്ത്യൻ നീതിന്യായ വ്യവസ്ഥയാണ് ലോകത്തിൽ വച്ചേറ്റവും ശക്തമെന്നും നിയമസംഹിതയെ വികസിപ്പിക്കാൻ കഴിയുന്ന യുവാക്കളായ അഭിഭാഷകരാണ് അതിന്റെ സമ്പത്തെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഇന്ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിക്കുന്ന അദ്ദേഹത്തിന് ഇന്നലെ സുപ്രീം കോടതി വളപ്പിൽ വച്ചു നൽകിയ യാത്രയയപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എണ്ണിയാലൊടുങ്ങാത്തത്ര കേസുകൾക്കു തീർപ്പു കൽപ്പിച്ച നമ്മുടെ നിയമസംവിധാനം ലോകത്തിലെത്തന്നെ കരുത്തുറ്റ നീതിന്യായ വ്യവസ്ഥകളിലൊന്നാണ്. നീതിക്കെന്നും മനുഷ്യ മുഖമാണുള്ളത്. ചരിത്രം ചിലപ്പോൾ കരുണയുള്ളതാകാം ചിലപ്പോൾ നിഷ്കരുണവും. എന്നാൽ ഒരാളെയും അയാളുടെ ചരിത്രവും പശ്ചാത്തലവും നോക്കി വിധിക്കരുത്. അവരുടെ പ്രവർത്തികൾ, കാഴ്ചപ്പാട് എന്നിവയിലൂന്നിയാകണമത്.
ഇത്രയും കാലത്തെ കരിയറിൽ ഒരിക്കൽപ്പോലും നീതി ദേവതയെയും തന്നെയും രണ്ടായി കണ്ടിട്ടില്ല. എല്ലാത്തരത്തിലും ഞാൻ കോടതിയോടു കടപ്പെട്ടിരിക്കുന്നവനാണ്. വളരെയധികം തൃപ്തിയോടെയാണ് ഞാനീ പടിയിറങ്ങുന്നത്. ചീഫ് ജസ്റ്റിസ് പറഞ്ഞു.
നമ്മൾ എന്തു കഴിക്കണം, എന്തു ധരിക്കണം എന്നുള്ള കാര്യങ്ങൾ നമ്മുടെ സ്വകാര്യത മാത്രമല്ലാതാകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും പൗരാവകാശങ്ങൾ സംരക്ഷിക്കാനായി സുപ്രധാന വിധികൾ പ്രഖ്യാപിച്ചയാളാണ്ദീപക് മിശ്രയെന്നു നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച വിധിയുൾപ്പടെ പരാമർശിച്ചായിരുന്നു രഞ്ജൻ ഗോഗോയുടെ പ്രസംഗം. ബുധനാഴ്ചയാണ് പുതിയ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ.