ലിബി.സി.എസ്
നാരായണ ഗുരുവിൻറെ ആത്മീയ രംഗത്തെ ഏറ്റവും വലിയ സംഭാവന “ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന്” എന്ന് പറഞ്ഞതല്ല. അത് ഇതിന് മുൻപ് പലരും പലരീതിയിൽ പറഞ്ഞിട്ടുണ്ട്. നാരായണ ഗുരു അദ്ദേഹത്തിന്റേതായ ഭാഷാ ശൈലിയിൽ കുറിക്കു കൊള്ളുന്നതുപോലെ പറഞ്ഞു എന്ന് മാത്രം.
ഗുരുവിന് മേൽ ‘ഈഴവ ശിവൻ’ എന്ന് പ്രയോഗിച്ചു എന്നുകാണിച്ചു വിമർശിക്കുന്നവർ പറയുംപോലെ ഈഴവ ശിവൻ എന്ന് പ്രയോഗിച്ചാലും എതിർവാദക്കാർ പറയുംപോലെ “നമ്മുടെ ശിവൻ” എന്നാണ് പ്രയോഗിച്ചതെങ്കിലും രണ്ടും ചോദിച്ചവനെ സംബന്ധിച്ച് തക്ക മറുപടി തന്നെയായിരുന്നല്ലോ? ഈഴവന് എന്താണ് പ്രതിഷ്ഠിക്കാൻ അധികാരം എന്ന് ചോദിച്ചവനോട് “ഞാൻ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്” എന്ന് മറുപടി പറയുന്നതിൽ ജാതി കാണുന്നവർക്കാണ് ജാതി എന്നതാണ് വാസ്തവം.ചോദിച്ചവൻ ഉദ്ദേശിച്ചതും ജാതിയാണ് .ഗുരു മറുപടികൊടുത്തതും ആ ജാതീയതയ്ക്കെതിരെയാണ്. എന്താണ് ഗുരു ഉദ്ദേശിച്ചതെന്ന് മനസിലാകേണ്ടവന് മനസ്സിലാകുകയും ചെയ്തു. പിന്നെന്ത് മറുപടിയാണ് നൽകേണ്ടിയിരുന്നത്? എന്നിരുന്നാലും ഗുരുവിൻറെ ഈ പ്രയോഗങ്ങളിലെല്ലാം അദ്ദേഹത്തിൻറെ പരിഹാസവും ദ്വയാർത്ഥ പ്രയോഗവും കലർന്ന ഒരു തനത് ശൈലി ഉണ്ട്.അത് സാധാരണ സംഭാഷണങ്ങളിൽ പോലും ഉണ്ടായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവർ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.ഈ സാമൂഹ്യവ്യവസ്ഥിതിയെ നോക്കിയാണ് അദ്ദേഹം അങ്ങനെ പരിഹസിച്ച് ചിരിച്ചിരുന്നത്. വല്ലത്ത ഒരു ചിരിയാണ് ആ കറുത്തചിരിക്കാരൻ ചിരിച്ചത്.അത് നമ്പൂതിരി ഫലിതം പോലെയോ സർദാർജി ഫലിതംപോലെയോ ഒന്നായിരുന്നില്ല.
ഈഴവശിവപ്രയോഗം 1888 ൽ അരുവിപ്പുറം പ്രതിഷ്ഠയുടെ സമയത്താണ് എന്നാൽ നാരായണ ഗുരു അതിന് ശേഷവും ജാതി പറഞ്ഞിട്ടുണ്ട്. അത് ഈ വിമർശകന്മാരുടെയും നാസ്തിക ആസ്തിക ആൾദൈവ ഭക്തന്മാരുടെയും ശ്രദ്ധയിൽ പെട്ടില്ലെന്ന് തോന്നുന്നു. 1888 ൽ പറഞ്ഞതിനേക്കാൾ ഗൗരവമുള്ള കാര്യമല്ലേ 1925 പറഞ്ഞത്? 1888 ൽ നാരായണഗുരു 32 വയസുള്ള താടിയും മുടിയുമൊക്കെയുള്ള ചെറുപ്പക്കാരനായിരുന്നു. 1925 ആകുമ്പോൾ അദ്ദേഹം ജാതിയും മതവുമെല്ലാം ഉപേക്ഷിച്ചു എന്ന് പത്ര പ്രസ്താവന വരെ ഇറക്കിയിട്ട് 9 വർഷം കഴിഞ്ഞിരുന്നു. 1916 ൽ ആയിരുന്നല്ലോ അത്? 1928ൽ അദ്ദേഹം മരിക്കുകയും ചെയ്തു.
അതായത് മരിക്കുന്നതിന് മൂന്ന് വർഷം മുൻപ് ജാതി പറഞ്ഞിരുന്നു! അത് പറയേണ്ടിടത്ത് പറയേണ്ടവരോട് തന്നെയാണ് പറഞ്ഞത്. തിരുവിതാങ്കൂർ റീജന്റായി ഭരിച്ചിരുന്ന അന്നത്തെ രാജ്ഞിയോട്.
വൈക്കം സത്യാഗ്രഹം നടക്കുന്നസമയത്ത് Sethu Lakshmi Bayi പലതവണ ഗുരുവിനോട് കൊട്ടാരത്തിലേക്ക് ചെല്ലാൻ പറഞ്ഞു ആളെ അയക്കും.ഗുരു പക്ഷെ പോകില്ല. ഗാന്ധിക്കും ടാഗോറിനും ഇവിടെ വന്ന് നമ്മളെ കാണാമെങ്കിൽ ലക്ഷ്മീ ഭായിക്കും ശിവഗിരിയിൽ വന്ന് നമ്മളെ കാണാമല്ലോ എന്നാണ് അതേക്കുറിച്ച് ഗുരു ശിഷ്യന്മാരോട് പറഞ്ഞത്.

അവസാന ശ്രമമെന്നോണം Sethu Lakshmi Bayi കൊട്ടാരത്തിൽനിന്ന് ഒരു പല്ലക്കും കൊടുത്ത് ആളെ അയച്ചു. ഗുരുവിനെ കൊട്ടാരത്തിലേക്ക് ചുമന്നുകൊണ്ട് പോകാൻ പല്ലക്കുമായി വരുന്നവരോടാണ് ഗുരു വീണ്ടു ജാതിപറയുന്നത്.”പൊന്നുതമ്പുരാക്കന്മാർ കയറുന്ന പല്ലക്കിൽ ഈഴവന് കയറാമോ?” എന്ന്. പല്ലക്ക് അയച്ചിട്ടും അധികാരികൾക്ക് മുന്നിൽ ഓഛാനിക്കാൻ ഗുരു പോയുമില്ല .ജാതിയുടെ പേരിൽ മനുഷ്യനെ വഴിനടക്കാൻ പോലും അനുവദിക്കാത്തതിന് സത്യാഗ്രഹമിരിക്കുന്ന നാട്ടിലെ പൊന്നുതമ്പുരാട്ടിയോട് കിന്നാരം പറയുകയല്ല ജാതി പറയുക തന്നെയാണ് ആ ചെന്നായ നീതിക്കാരനും ചെയ്തത്. അവിടെ പിന്നെന്തു പറയണം?
ഗാന്ധിയോട് “നമുക്ക് സന്യാസം സാധ്യമാക്കിയത് ഹിന്ദുവിൻറെ സനാതന ബോധം കൊണ്ടല്ല ബ്രിട്ടീഷ് ഭരണമാണ്.അവരാണ് നമ്മുടെ ഗുരു”എന്ന് പറയുന്നതിൽ ജാതിയും മതവുമെല്ലാം ഉൾച്ചേർന്നു കിടപ്പുണ്ടല്ലോ?
അങ്ങനെയുള്ള ഒരു ഗുരുവിൻറെ അരുമ ശിഷ്യന്മാരായ സഹോദരൻ അയ്യപ്പൻ(സവർക്കറുടെ സഹോദരൻ) ഉം സി കേശവനുമൊക്ക ജാതി പറയുകയും ചെന്നായ നീതിക്കാരാകുകയും ചെയ്തതിൽ ഭഗവാനും ഭക്തജനങ്ങളും എന്തിനാണാവോ അത്ഭുതപ്പെടുന്നത്?

ഞാൻ പറഞ്ഞുവന്നത് ‘ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന്’ എന്നത് ഗുരുവിന്റെ മൗലികമായ ഒരു ചിന്തയല്ല. എന്നാൽ ‘ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്നത് സഹോദരൻറെ മൗലികം ആയിരുന്നു എന്നും പറയാം. ഗുരുവിൻറെ ആത്മീയ രംഗത്തെ മൗലികമായ ഏറ്റവും ഏറ്റവും വലിയ സംഭവന ഇന്ത്യൻ മോക്ഷസങ്കലപ്പത്തിലേക്ക് ഒരു വലിയ ചോദ്യം അദ്ദേഹം ഉന്നയിച്ചിരുന്നു എന്നതാണ്. “is salvation individual or social?”(മോക്ഷം വ്യക്തിപരമാണോ സാമൂഹ്യമാണോ?) എന്ന ചോദ്യം.നാരായണ ഗുരു ഇന്ത്യൻ മോക്ഷ സങ്കൽപ്പത്തിൽ ഉന്നയിച്ച ആ വലിയ ചോദ്യത്ത്തിന്റെ ഉത്തരം കൂടിയായിരുന്നു കേരളത്തിൻറെ നവോത്ഥാന ചരിത്രം.”is salvation individual or social?”(മോക്ഷം വ്യക്തിപരമാണോ സാമൂഹ്യമാണോ?) എന്ന ആ വലിയ ചോദ്യത്തിൽ നിന്ന് ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു. മോക്ഷം ക്ഷേത്രത്തിലാണോ? മോക്ഷം യാഗത്തിലാണോ ? മോക്ഷം ഹിമാലയത്തിലാണോ? മോക്ഷം യോഗത്തിലാണോ? എന്നിങ്ങനെയായ നിരവധിചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ വലിയ ഉത്തരം ‘മോക്ഷം സമൂഹത്തിലാണ്” എന്നതായിരുന്നു.

വ്യക്തിപരമായ മോക്ഷം എന്നൊന്നില്ലെന്നും മോക്ഷം സമൂഹത്തിലാണെന്നും അതിന് സാമൂഹ്യമായ പരിവർത്തനം സാമൂഹ്യമായ സ്വാസ്ഥ്യം എന്നൊക്കെയാണ് അർത്ഥമെന്നും അതാണ് ഒരു വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കുള്ള ദൂരമെന്നും ‘ഞാൻ’ എന്ന പദത്തിൽ നിന്നും ‘നാം’ എന്ന പദത്തിലേക്കുള്ള ദൂരമെന്നും ഗുരു വ്യക്തമാക്കുന്നുണ്ട്. ഗുരു ഞാൻ എന്ന് പ്രയോഗിക്കാതെ നാം എന്ന് പ്രയോഗിച്ചതും അതുകൊണ്ടാണ്. അത് നമ്പൂതിരിയുടെ ‘നോം’ പോലെ എന്തോ ആണെന്നാണ് ശ്രീയനാരായണീയർ എന്ന് പറഞ്ഞുനടക്കുന്നവർ പോലും ധരിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ‘നോം അല്ല നാം’. അതാണ് ഭരണഘടനയുടെ ആദ്യവാചകത്തിലും ജാതിയില്ലാ വിളംബരത്തിത്തിൻറെ ആദ്യവാചകത്തിലും എല്ലാം കാണുന്ന ‘നാം’ -നമ്മൾ ! അതിന് വേണ്ടി ഗുരു ഉയർത്തിയ മുദ്രാവാക്യങ്ങളായിരുന്നു ” സംഘടിച്ച് ശക്തരാവുക വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്നത്.
അങ്ങനെ സംഘടിച്ച് നേടിയ അവകാശങ്ങളെ ഇന്ന് നമുക്കുള്ളൂ. സംഘടനകൊണ്ട് സമൂഹത്തിന് ദോഷമേ ഉണ്ടായിട്ടുള്ളൂ എന്നും മനസ്ഥിതിയാണ് മാറേണ്ടതെന്നു പ്രചരിപ്പിക്കുന്ന ചിലകുബുദ്ധികളുടെ പ്രചരണങ്ങൾക്ക് ഹല്ലേലൂയ പാടുന്ന അവർണ്ണ ഭക്തൻ മനസിലാക്കുക സംഘാടനം കൊണ്ട് ദോഷമുണ്ടായത് ഇവിടുത്തെ അടിസ്ഥാന ജനതയ്ക്കല്ല സവര്ണ്ണനാണ്.നമ്മുടെ സംഘാടനത്തെ ഭയപ്പെടുന്നത് അവനാണ്.അതുകൊണ്ടുതന്നെ അതിനെ തകർക്കാൻ എന്ത് കുബുദ്ധികളും അവൻ പ്രയോഗിക്കും ഇത്തരം കുയുക്തികളെ തിരിച്ചറിയാനുള്ള പ്രബുദ്ധത നേടുക എന്നതാണ് സഹോദരൻ അയ്യപ്പൻറെ ഓർമ്മദിനത്തിൽ നമുക്ക് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി.