Sun. Nov 22nd, 2026

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും .ഇന്ന് രാവിലെ കോട്ടയം എസ് പി ഐ ജി യുമായിനടത്തിയ ചർച്ചയിൽ അറസ്റ്റിന് അനുമതി നൽകി. കന്യസ്ത്രീയുടെ മൊഴിയിൽ ഉള്ള അവ്യക്തത ഒഴിവാക്കണമെന്ന നിയമോപദേശം നൽകിയിരുന്നു. സാങ്കേതിക തെളിവുകൾ ലഭ്യമാക്കാനുള്ള കാലതാമസംമാണെന്ന പൊലീസിന്റെ വാദം നിലനിൽക്കുന്നതാണെന്ന ഉപദേശവും ലഭിച്ചു. ബിഷപ്പിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തുകയാണ്. കുറവിലങ്ങാട് മഠത്തിലെത്തിയാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തുന്നത്.ബിഷപ്പിന്റെ കൂടുതൽ വസ്ത്രങ്ങൾ കരുതാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കി. ബിഷപ്പിന് നേരെ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. എ ഐ വൈ എഫ് ഇന്നും പ്രതിഷേധ പ്രകടനം നടത്തി.

ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഇന്നലെ ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. മൊഴികളിലെ വ്യക്തതയ്ക്കായി ഇന്നത്തേക്ക് ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുകയായിരുന്നു. രാവിലെ 10.30ന് ബിഷപ്പ് ഹാജരായി. 11.15 ഓടെ അറസ്റ്റ് സംബന്ധിച്ച തീരുമാനത്തിലേക്ക് പോലീസ് എത്തിയിരുന്നു. ഇതുസംബന്ധിച്ച നിയമോപദേശം രാവിലെയും ഐ.ജി വിജയ് സാഖറെ സ്വീകരിച്ചിരുന്നു. ഐ.ജിയും കോട്ടയം എസ്.പി ആര്‍.ഹരിശങ്കറും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അറസ്റ്റിനുള്ള തീരുമാനത്തിലെത്തിയത്.

അറസ്റ്റിനു ശേഷമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വൈദ്യസംഘത്തേയും തൃപ്പൂണിത്തുറ ഹൈടെക് സെല്ലിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് പുറത്തുകൊണ്ടുപോകുന്നത് സുരക്ഷാ പ്രശ്‌നമുള്ളതിനാലാണിത്. ഉച്ചകഴിഞ്ഞ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. പാലാ മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് ഹാജരാക്കേണ്ടതെങ്കിലും മജിസ്‌ട്രേറ്റ് അവധിയില്‍ ആയതിനാല്‍ വൈക്കം മജിസ്‌ട്രേറ്റിന്റെ വസതിയിലായിരിക്കും ഹാജരാക്കുക.

അതേസമയം, ബിഷപ്പിന് ഇടക്കാല ജാമ്യം ലഭിക്കുന്നതിനുള്ള നീക്കവും അഭിഭാഷകര്‍ തുടങ്ങി. അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് അഭിഭാഷകര്‍ ജാമ്യാപേക്ഷയ തയ്യാറാക്കുന്നത്. ബിഷപ്പിന്റെ വസ്ത്രങ്ങളുമായി എത്താന്‍ പോലീസ് ബന്ധുക്കളോട് നിര്‍ദേശിച്ചുവെന്നാണ് വിവരം. ബിഷപ്പിനൊപ്പമുണ്ടായിരുന്നവരെ പോലീസ് മറ്റൊരു മുറിയിലേക്കും മാറ്റിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സുരക്ഷയും വര്‍ധിപ്പിച്ചു.