വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. തിരുവല്ല, കോയിപ്പുറം ആലുമൂട്ടില്‍ വീട്ടില്‍ രാജീവ് മാത്യു(34) ആണ് പിടിയിലായത്. പ്രതി പാലാരിവട്ടം ഗോള്‍ഡ് സ്യൂക്കില്‍ നടത്തിവന്നിരുന്ന മെഡ്‌ലൈന്‍ എച്ച്ആര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി വിദേശത്ത് സ്റ്റാഫ് നേഴ്‌സായി ജോലി വാഗ്ദാനം നല്‍കി പണം വാങ്ങിയശേഷം ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചതിനെതിരേ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നഴ്‌സിന്റെ പിതാവ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതി ഇത്തരത്തില്‍ വിദേശത്തും സ്വദേശത്തുമുള്ള നിരവധി നഴ്‌സിംഗ് വിദ്യാര്‍ഥികളില്‍ നിന്നും ജോലി വാഗ്ദാനംചെയ്ത് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തതായാണ് വിവരം.
പ്രതിയുടെ പേരില്‍ എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍, സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ പണം വാങ്ങി ചതിച്ചതിന് എട്ടോളം കേസുകളുണ്ട്. കേസുകളില്‍ ജാമ്യം എടുത്തശേഷം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കേസിലെ രണ്ടാംപ്രതിയായ മധുവിനേയും അറസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പാലാരിവട്ടം എസ്.എച്ച്.ഒ സനല്‍ എസ്, സബ് ഇന്‍സ്‌പെക്ടര്‍ ജിബി വി.എന്‍, സിനിയര്‍ സിപിഒ ജയകുമാര്‍, ശ്രീജി, സിപിഒ മാഹിന്‍, ശ്രീകാന്ത്, രതീഷ് ടി.ആര്‍. എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പുതുക്കാട് നിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.