Fri. Nov 20th, 2026

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയാൽ ഞങ്ങൾ ഓരോ ദിവസവും കൂടുതൽ അപമാനിതരാകുമെന്നും ഞങ്ങൾക്കെതിരെ ഫ്രാങ്കോയും കത്തോലിക്കാസഭയും പുതിയ കെട്ടുകഥകളുമായി ഇറങ്ങുമെന്നും കൊച്ചിയിൽ പന്ത്രണ്ടാംദിവസവും സമരം തുടരുന്ന കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ അനുപമ പറഞ്ഞു. അറസ്റ്റ് വൈകിയാൽ ബിഷപ്പ് കൂടുതൽപേരെ സ്വാധീനിച്ച് നിർണായക തെളിവുകൾ നശിപ്പിക്കുമോയെന്ന ഭയമുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസ്റ്റർ അനുപമ.

എത്രയും വേഗം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും. നീതി ലഭിക്കുന്നതിനായി ഏതറ്റംവരെ പോകാനും മടിയില്ല. ഇനിയൊരിക്കലും മറ്റൊരാൾക്ക് കൂടി ഇത്തരത്തിലൊരു നീതിനിഷേധം ഉണ്ടായിക്കൂടാ.

ഞങ്ങളൊരിക്കലും കളവ് പറഞ്ഞിട്ടില്ല. ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റിയെങ്കിലും ഞങ്ങൾ നിരാശരല്ല, നല്ല വിധി കേൾക്കാനാണ് കാത്തിരിക്കുന്നത്. ഇന്നലത്തെ ഹൈക്കോടതിയുടെ തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. കന്യാസ്ത്രീ വൈരാഗ്യം തീർക്കുകയാണെന്ന ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം തെറ്റാണ്. ബിഷപ്പ് ഫ്രാങ്കോയാണ് യഥാർത്ഥത്തിൽ വ്യക്തി വൈരാഗ്യം തീർക്കുന്നത്.

പീഡനശ്രമങ്ങളെ എതിർത്തതിലുള്ള വൈരാഗ്യമാണ് ബിഷപ്പിന്റെ ഇപ്പോഴത്തെ ആരോപണങ്ങൾ. ഈ വൈരാഗ്യത്തിന്റെ തുടർച്ചയായാണ് ബിഷപ്പ് പരാതിക്കാരിയെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള വാദങ്ങളാണ് ബിഷപ്പ് ഉന്നയിക്കുന്നത്. എല്ലാ തെളിവുകളും നിക്കോളാസ് അച്ചനെ കാണിക്കാനാകില്ല. നിക്കോളാസ് അച്ചനെ ബിഷപ്പ് ഫ്രാങ്കോയുടെ ആളുകൾ സ്വാധീനിച്ചിട്ടുണ്ട്. സഭയെ അപമാനിക്കാനല്ല ഞങ്ങളുടെ സമരം. സഭയിൽ നിന്ന് നീതി കിട്ടാത്തതുകൊണ്ടാണ് തെരുവിൽ ഇറങ്ങേണ്ടി വന്നത്. ഫാ. ആന്റണി മാടശേരിയാണ് ബിഷപ്പിന് വേണ്ടി സിസ്റ്ററിനെതിരെ വ്യാജ തെളിവുകളുണ്ടാക്കിയത്. ഞങ്ങളുടെ കൈയിലുള്ള തെളിവുകളെല്ലാം ഇതിനോടകം പൊലീസിന് കൈമാറിക്കഴിഞ്ഞു. കേസിൽ ഇനി തീരുമാനം എടുക്കേണ്ടത് പൊലീസാണ്. ബിഷപ്പിന്റെ അറസ്റ്റിനായി തങ്ങൾ കാത്തിരിപ്പ് തുടരുകയാണ്.

കൊച്ചിയിൽ സമരത്തിനെത്തുമ്പോൾ പൊതുജനങ്ങളിൽ നിന്നും ഇത്ര വലിയ പിന്തുണ പ്രതീക്ഷിച്ചിരുന്നില്ല. സഭ വാതിലുകൾ കൊട്ടിയടക്കുമ്പോൾ ഇവിടെ നിന്നും ലഭിക്കുന്ന ജനപിന്തുണ വലിയ ഊർജ്ജമാണ് പകരുന്നത്. ഇന്നലെ ഞങ്ങളെ കാണാനായി ഒരു സ്വാമി വീൽച്ചെയറിൽ സമരപ്പന്തലിൽ എത്തിയിരുന്നു. കത്തോലിക്ക സഭ അത്രയെങ്കിലും പരിഗണന ഞങ്ങളോട് കാണിച്ചിരുന്നെങ്കിൽ എന്ന് ഒരു നിമിഷം കൊതിച്ചുപോയി. നാനാജാതി മതസ്ഥരാണ് വ്യത്യാസങ്ങളെല്ലാം മറന്ന് ഞങ്ങളെ പിന്തുണച്ച് സമരപ്പന്തലിലെത്തുന്നതെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622