തൃശൂര്‍ ആളൂരില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ സന്യാസി ചെന്നൈയില്‍ അറസ്റ്റില്‍. ഇടുക്കി പെരുവന്താനി സ്വദേശിയായ താമരാക്ഷൻ എന്ന സ്വാമി ശ്രീനാരായണ ധര്‍മവ്രതനാണ് പിടിയിലായത്.
രണ്ടു മാസം മുന്പാണ് ഏഴു ആണ്‍കുട്ടികള്‍ സ്വാമി ശ്രീനാരായണ ധര്‍മവ്രതനെതിരെ തൃശൂര്‍ ആളൂര്‍ പൊലീസിന് പരാതി നല്‍കിയത്. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ സ്വാമിയ്ക്കെതിരെ കേസെടുത്തു. ഇതിനു ശേഷമാണ് ഒളിവില്‍ പോയത്. സ്വാമിയെ പിടികൂടാന്‍ ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. രണ്ടു മാസമായി ഒളിവിലായിരുന്ന സ്വാമിയെ കുടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
ചെന്നൈയില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതോടെ ആളൂര്‍ പൊലീസ് അവിടേയ്ക്കു തിരിച്ചു. കയ്യോടെ പിടികൂടി തൃശൂരില്‍ എത്തിച്ചു. നിര്‍ധന കുടുംബാംഗങ്ങളായ വിദ്യാര്‍ഥികള്‍ ആശ്രമത്തില്‍ താമസിച്ചു പഠിക്കുന്നവരായിരുന്നു. പലപ്പോഴായി സ്വാമി പീഡിപ്പിക്കാറുണ്ടെന്നാണ് കുട്ടികളുടെ മൊഴി. ഇവരുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ, കുട്ടികളേയും കുടുംബത്തേയും സ്വാധീനിച്ച് മൊഴിതിരുത്തിക്കാന്‍ ശ്രമം നടന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.