Tue. Nov 24th, 2026

ചരിത്രപരമായ വിധിയിലൂടെ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ രതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും നിരീക്ഷിച്ചു കൊണ്ടാണ്ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഐകകണ്ഠേനയുള്ള വിധി. സ്വവർഗ ബന്ധങ്ങൾ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമർത്തലുകളും നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസിനെ കൂടാതെ ആർ.എഫ്.നരിമാൻ,​ എ.എം.ഖാൻവിൽക്കർ,​ ഡി.വൈ.ചന്ദ്രചൂഢ്,​ ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

വ്യക്തിത്വത്തിൽ നിന്ന് ആർക്കും ഒളിച്ചോടാനാകില്ല. ഏത് തരത്തിലുള്ള വ്യക്തിത്വത്തേയും അംഗീകരിക്കാനുള്ള നിലയിലേക്ക് സമൂഹം എത്തിയിരിക്കുന്നു. ഭരണഘടന അനുസരിച്ച് ട്രാൻസ്ജെൻഡറുകൾക്കും തുല്യ അവകാശമാണുള്ളത് – ദീപക് മിശ്ര വിധിന്യായത്തിൽ പറഞ്ഞു.

നർത്തകൻ നവതേജ് ജോഹർ, മാദ്ധ്യമപ്രവർത്തക സുനിൽ മെഹ്റ, ഷെഫ് റിതു ഡാൽമിയ, ഹോട്ടലുടമകളായ അമൻ നാഥ് , കേശവ് സുരി, ബിസിനസ് എക്സിക്യുട്ടീവ് അയേഷ കപൂർ, ഐ.ഐ.ടി വിദ്യാർത്ഥികൾ തുടങ്ങിയവരാണ് സ്വവർഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്

2009ൽ ഡൽഹി ഹൈക്കോടതിയാണ് സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന് ഉത്തരവിട്ടത്. എന്നാൽ 2013ൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജി. എസ്. സിംഗ്വി വിരമിക്കുന്നതിന് മുമ്പ് പുറപ്പെടുവിച്ച വിധിയിൽ സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി വിധിക്കുകയായിരുന്നു.

ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത സുപ്രീം കോടതി ക്രിമിനൽ കുറ്റകമല്ലാതാക്കിയതോടെ 157 വർഷം മുന്പുള്ള നിയമത്തിനാണ് അന്ത്യമായിരിക്കുന്നത്. അതേസമയം,​ സ്വവർഗരതി കുറ്റകരമാക്കുന്ന 377ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും കുട്ടികളും മൃഗങ്ങളുമായുള്ള അസ്വാഭാവിക ലൈംഗിക ബന്ധം 377 ആം വകുപ്പ് പ്രകാരം കുറ്റമായി തന്നെ നിലനിൽക്കും.

വിധിയിൽ കോടതി പറയുന്നത് ഇങ്ങനെ

*377ആം വകുപ്പ് ഏകപക്ഷീയവും യുക്തിരഹിതവുമാണ്.

*എൽ.ജി.ബി.ടി സമൂഹത്തിന്റെ തുല്യതയ്ക്കുള്ള അവകാശത്തിന് ഇത് വിലങ്ങുതടിയാണ്

*വിയോജിപ്പ് എന്നത് സമൂഹത്തിന്റെ സുരക്ഷാ വാൽവാണ്. നമുക്ക് ചരിത്രം മാറ്റാനാകില്ല. എന്നാൽ മെച്ചപ്പെട്ട ഭാവിക്ക് അടിത്തറ പാകാനാകും

*എൽ.ജി.ബി.ടി സമൂഹത്തിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുന്നതിന് കേന്ദ്ര സർക്കാർ മാദ്ധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടത്തണം

*സ്വവർഗരതി മാനസിക പ്രശ്നമല്ല

*സമൂഹത്തിലെ മറ്റ് പൗരന്മാർക്കുള്ളതു പോലെ എല്ലാ അവകാശങ്ങളും എൽ.ജി.ബി.ടി സമൂഹത്തിനുമുണ്ട്

*മൃഗങ്ങളുമായുള്ള ലൈംഗിവേഴ്ച കുറ്റകരമായി നിലനിൽക്കും

*സ്വവർഗരതി കുറ്റകരമാക്കുന്നത് എൽ.ജി.ബി.ടി സമൂഹത്തെ പാർശ്വവത്കരിക്കും. ഇത് അവരുടെ വ്യക്തിത്വത്തേയും മാന്യതയേയും മാത്രമല്ല ജീവിതത്തെ തന്നെ നശിപ്പിക്കും

*സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പുരോഗമനപരവും പ്രായോഗികവുമായ കാഴ്ചപ്പാട് സ്വീകരിക്കണം. കാലോചിതമായി നിയമങ്ങളും വ്യാഖ്യാനിക്കപ്പെടണം

*എൽ.ജി.ബി.ടി അടക്കം സമൂഹത്തിലെ എല്ലാ പൗരന്മാരുടേയും മാന്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട്. ലൈംഗികത സ്വാഭാവികമായ കാര്യമാണ്. ഇത് വ്യക്തികളുടെ നിയന്ത്രണത്തിലല്ല

*സാമൂഹ്യ ധാർമിക എന്നത് ഒരു വ്യക്തിയുടേയും അവകാശങ്ങളെ ഹനിക്കുന്നതാകരുത്

*സ്വവർഗരതി കുറ്റകരമാക്കിയാൽ അത് പിന്തിരിപ്പൻ നയമായിപ്പോകും

*പ്രായപൂർത്തിയായവർ തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗികവേഴ്ച കുട്ടികൾക്കോ സ്ത്രീകൾക്കോ ഹാനികരമല്ല. വ്യക്തിയുടെ മാത്രം കാര്യമായി ഇത് നിഷേധിക്കാനാകില്ല

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913