Sun. Nov 22nd, 2026

ചാര്‍ലി സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ പ്രമുഖ പത്രങ്ങളിലെല്ലാം തന്റെ ചരമ പരസ്യം നല്‍കുകയും, തൊട്ടു പിന്നാലെ ആള്‍ അപ്രത്യക്ഷനാവുകയും ചെയ്തു. പത്രത്തില്‍ ചരമ പരസ്യം കണ്ട് ഞെട്ടിയ ബന്ധുക്കള്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചതോടെയാണ് സത്യാവസ്ഥ പുറത്തറിയുന്നത്.

തളിപറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലാണ് ഇത്തരമൊരു സാഹസ പണി ചെയ്തത്. എന്നാല്‍ പരസ്യം നല്‍കിയതിനു തൊട്ടു പിന്നാലെ ജോസഫും അപ്രത്യക്ഷമായിരിക്കുകയാണ്.

പ്രമുഖ പത്രങ്ങളായ മാതൃഭൂമി, മനോരമ,ദീപിക തുടങ്ങിയ എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയിട്ടുണ്ട്. ലക്ഷങ്ങള്‍ വില വരുന്ന പരസ്യമാണ് പത്രങ്ങളില്‍ നല്‍കിയിരിക്കുന്നത്. ചരമകോളത്തിലും അത് കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതാണ് ഉള്‍പ്പേജിലെ പരസ്യം.

ജോസഫ് മേലുക്കുന്നേല്‍ ഏറെനാളായി ചികിത്സയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് നേരിട്ട് ഏല്‍പ്പിച്ചത്. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

പത്രത്തില്‍ പരസ്യം വന്നതോടെ ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. കാണാതായ ജോസഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്ര പരസ്യത്തിലെ ചുരുക്കം ഇങ്ങനെ:

കോട്ടയം ജില്ലയിലെ മുട്ടുചിറ മേലുകുന്നേല്‍ പരേതരായ എംസി മാത്യു, ത്രേസ്യമ ദമ്പതികളുടെ മകനായി 1913-ല്‍ ജനിച്ചു.1980-കളില്‍ കണ്ണൂര്‍ മലബാറിലെത്തി. ഇടത് സഹയാത്രികനും, ശാസ്ത്ര പരിഷത്തില്‍ ആദ്യ കാലം പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് കര്‍ഷകശ്രീ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌ക്കാരം വെള്ളിയഴ്ച 1-12-17 ന് സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വെച്ച് നടക്കുമെന്നും കുറിപ്പില്‍ പറയുന്നു.